പുണ്യാളന്‍ – Shalom Times Shalom Times |
Welcome to Shalom Times

പുണ്യാളന്‍

”പത്രൂട്ട്യേ….”
നീട്ടിയൊരു വിളി. ജാനുവേലത്തിയുടെയാണ്. ”അവന്‍ ഇപ്പോള്‍ കുറേ വലുതായില്ലേ. ഇനി ആ കളിപ്പേര് മാറ്റി ചെക്കനെ റിന്റോ എന്ന് വിളിച്ചൂകൂടേ’ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ തലയാട്ടുമെങ്കിലും പിന്നെയും വീട്ടില്‍ വരുമ്പോള്‍ ജാനുവേലത്തി അതേ വിളിതന്നെ വിളിക്കും. ”പത്രൂട്ടി ഇവിടെല്യേ?”
‘ജാനുവേലത്തി അങ്ങനെ വിളിക്കുന്നതിന്റെ പിന്നിലെ സംഭവം നടക്കുന്നത് തൊണ്ണൂറുകളുടെ ആരംഭത്തിലാണ്. അന്നത്തെ ചോദ്യം ഇങ്ങനെയായിരുന്നു.
”എന്താണ് കൊച്ചിന്റെ മാമോദീസാപ്പേര്?”
”’പത്രോസ് ന്നാ ഇടാന്‍ വെച്ചേക്കണേ. അവന്റെ അപ്പാപ്പന്റെ പേര്.”
അത് കേട്ട് സ്വര്‍ഗത്തിന്റെ വാതില്‍ക്കല്‍ ആളെ കയറ്റിവിടാന്‍ നിന്ന പത്രോസുപുണ്യാളന്‍ താഴേക്ക് നോക്കിക്കാണണം. പിന്നെ താന്‍ കൂട്ട് പോകേണ്ട ആളുകളുടെ കണക്കുപുസ്തകത്തില്‍ ഒരാളുടെകൂടെ പേരെഴുതി, റിന്റോ!
മൂന്നുമാസങ്ങള്‍ക്കിപ്പുറം കുട്ടിപത്രോസിന്റെ തലയില്‍ മാമോദീസവെള്ളം വീണപ്പോള്‍ ഒരു പേരും ചിലരുടെ നാവിലേക്ക് കുടിയേറി, പത്രൂട്ടി!
പിന്നീട് വയസ് പത്തിരുപത് കഴിഞ്ഞപ്പോഴാണ് ‘പത്രൂട്ടി’ക്ക് തിരിച്ചറിവുണ്ടായത്. പേരിന്റെ പുണ്യാളന്‍ എപ്പോഴും കൂട്ടിനുണ്ടാവും എന്ന്. അവിടം മുതല്‍ ചിന്തകളില്‍ പത്രോസ് പുണ്യാളനെയും കൂടെക്കൂട്ടി.
ഈ വരികള്‍ വായിക്കുന്ന പകുതിയിലധികം പേരും ഉത്തരമെഴുതാതെ തോറ്റുപോകാന്‍ സാധ്യതയുള്ള ചില ചോദ്യങ്ങള്‍ കൂടി ചോദിക്കട്ടെ.
നിന്റെ കൂട്ടിനുള്ള വിശുദ്ധനാരാണ്?
ആ വിശുദ്ധന്റെ തിരുനാള്‍ എന്നാണെന്നറിയാമോ? ഓര്‍ക്കാറുണ്ടോ? കൂടെക്കൂട്ടാറുണ്ടോ?
പുണ്യാളന്‍മാരുമായി യാതൊരു ബന്ധവുമില്ലാത്ത ന്യൂജെന്‍ പേരുതന്നെ കുഞ്ഞിന്റെ മാമോദീസപ്പേരായും മതിയെന്ന് വാശിപിടിക്കുന്ന അപ്പന്മാരുമുള്ള കാലമാണിത്. ആ കുഞ്ഞുങ്ങളോട് എന്ത് പറയാന്‍?!!
കണ്ടുമടങ്ങിയ ദേശങ്ങളിലൊന്നില്‍ വല്ലാതെ ഇഷ്ടപ്പെട്ടൊരിടമുണ്ട്. കാരണവുണ്ട്. ആ ഇടത്തിനു ചുറ്റും ഒഴുകുന്ന ഒരു കൊച്ചരുവി. ആ അരുവിയുടെ കരയില്‍ അനുഗ്രഹിച്ചു നില്‍ക്കുന്ന ഒരുപാട് വിശുദ്ധര്‍. ഓരോ ഇടത്തിനും ഒരു പുണ്യാളനുണ്ട്.. എനിക്കും നിനക്കുമുണ്ട്. അവരെ മറക്കല്ലേ.

ഫാ. റിന്റോ പയ്യപ്പിള്ളി