എന്റെ മകള്‍ യുക്രൈനില്‍ മെഡിസിന് ഒന്നാം വര്‍ഷം പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ മാസം ഞായറാഴ്ച ദൈവാലയത്തില്‍ പോയി തിരികെ ഹോസ്റ്റലില്‍ എത്താറായപ്പോള്‍ ഫോണ്‍ നഷ്ടപ്പെട്ടതായി മനസിലായി. തിരികെ വന്ന വഴിയെല്ലാം അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. സൈബര്‍സെല്ലില്‍ ഇ-മെയിലിലൂടെ പരാതി നല്‍കി. വീട്ടിലും അറിയിച്ചു. ഞങ്ങളും വിഷമത്തിലായി.
കോളജിലെ സീനിയര്‍ കൂട്ടുകാര്‍ പറഞ്ഞു. ഇവിടെ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്കൊന്നുംതന്നെ തിരികെ കിട്ടിയിട്ടില്ല. അതുകൊണ്ട് കിട്ടുമെന്ന പ്രതീക്ഷ വേണ്ട. വേറെ ഫോണ്‍ വാങ്ങുന്നതാണ് നല്ലത്. പക്ഷേ ശാലോം ടൈംസ് മാസികയില്‍ ജപമാലയിലെ സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങളില്‍ അഞ്ചാം ദിവ്യരഹസ്യം ധ്യാനിച്ചപ്പോള്‍ ഒരാള്‍ക്കു ലഭിച്ച അനുഗ്രഹത്തെക്കുറിച്ച് ഞാന്‍ മകള്‍ക്കു പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. അതിന്‍പ്രകാരം മകള്‍ പ്രതീക്ഷ കൈവിടാതെ ഈ ദിവ്യരഹസ്യം പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
ഞാനും ഈ രഹസ്യം ധ്യാനിച്ചു പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. കൂടാതെ ഫോണ്‍ എടുത്ത ആളിന് മാനസാന്തരം ലഭിക്കാന്‍ ഞാനും മകളും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. പിറ്റേദിവസംതന്നെ കളഞ്ഞുപോയ ഫോണ്‍ കോളജിലെ ടീച്ചറിന്റെ കൈയില്‍ ഒരാള്‍ കൊണ്ടുകൊടുത്തു. ടീച്ചര്‍ കുട്ടികളുടെ ആരുടെയെങ്കിലും ഫോണ്‍ ആണോ എന്നറിയാന്‍ ഗ്രൂപ്പില്‍ മെസേജ് ഇട്ടു. അങ്ങനെ മകള്‍ക്ക് ആ ഫോണ്‍ തിരികെ കിട്ടി. ഇതുകൂടാതെ പല സാഹചര്യങ്ങളിലും അഞ്ചാം ദിവ്യരഹസ്യം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ എനിക്ക് അനുഗ്രഹം കിട്ടിയിട്ടുണ്ട്.
അനിത എ.എസ്, തിരുവനന്തപുരം