അമേരിക്കക്കാരിയായിരുന്ന സി. നാര്‍ഡിന്‍ നയിച്ചിരുന്ന മധ്യസ്ഥപ്രാര്‍ത്ഥനാഗ്രൂപ്പില്‍ ഒരിക്കല്‍ പ്രാര്‍ത്ഥനയ്ക്കായി ഒരു വിഷയം സമര്‍പ്പിക്കപ്പെട്ടു. ആ ദേശത്ത് പ്രവര്‍ത്തിച്ചിരുന്ന അബോര്‍ഷന്‍ ക്ലിനിക്ക് അടച്ചുപൂട്ടുക എന്നതായിരുന്നു വിഷയം. അനേകനാളുകള്‍ അവര്‍ അതിനായി പ്രാര്‍ത്ഥിച്ചു, പരിഹാരം ചെയ്തു, ജാഗരണമനുഷ്ഠിച്ചു, ഉപവസിച്ചു.
പക്ഷേ, ഫലമൊന്നും ഉണ്ടായില്ല. അങ്ങനെ കഴിയവേ, ഒരു ദിവസം പ്രാര്‍ത്ഥനാവേളയില്‍ ഈശോ ഇങ്ങനെ പറയുന്നതായി സിസ്റ്റര്‍ കേട്ടു: ”മകളേ, നീ ഇത്രയുംനാള്‍ പ്രാര്‍ത്ഥിച്ചത് ക്ലിനിക്ക് അടച്ചുപൂട്ടാനായിരുന്നല്ലോ. എന്നാല്‍ ഞാനാഗ്രഹിക്കുന്നത് അതു പ്രവര്‍ത്തിപ്പിക്കുന്ന ഡോക്ടര്‍ മാനസാന്തരപ്പെടാനും അത് പ്രോലൈഫിന്റെ ഒരു സ്ഥാപനമായി മാറാനുമാണ്. അതിനായി പ്രാര്‍ത്ഥിച്ചുതുടങ്ങുക.”
ഈശോ പറഞ്ഞപ്രകാരം അവര്‍ പ്രാര്‍ത്ഥിച്ചു. ഏറെ താമസിയാതെ അത് സംഭവിക്കുകതന്നെ ചെയ്തു. ദൈവാത്മാവിന്റെ പ്രചോദനം സ്വീകരിച്ച് ദൈവത്തിന്റെ ഇംഗിതം ഗ്രഹിച്ച് അവയ്ക്കായി പ്രാര്‍ത്ഥിക്കുന്നതാണ് യഥാര്‍ത്ഥ മധ്യസ്ഥപ്രാര്‍ത്ഥന.