രക്ഷകന്‍ വിധിയാളനാകുംമുമ്പ് ! – Shalom Times Shalom Times |
Welcome to Shalom Times

രക്ഷകന്‍ വിധിയാളനാകുംമുമ്പ് !

ഗൗരവതരമായ ഒരു കുറ്റം ചെയ്തതിന് ആ യുവതിക്ക് ജീവപര്യന്തം തടവ് വിധിക്കപ്പെട്ടു. അവള്‍ ഏറെ കരഞ്ഞു. പക്ഷേ ആരും സഹായത്തിനെത്തിയില്ല. കോടതിയിലെത്തിയപ്പോഴും അവള്‍ കരഞ്ഞുകൊണ്ടിരുന്നു. ഒപ്പം, കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം കരഞ്ഞു, പക്ഷേ എന്ത് ഫലം? എങ്കിലും മറ്റൊന്ന് സംഭവിച്ചു, സാക്ഷിക്കൂട്ടില്‍ അവള്‍ കയറുംമുമ്പ് പ്രൗഢി നിറഞ്ഞ ഒരു മനുഷ്യന്‍ കയറി. കോടതി നിശബ്ദമായി. ശാന്തഗംഭീരനായ ആ മനുഷ്യന്‍ യുവതിക്കായി വാദിച്ചു. വളരെ വിഷമം പിടിച്ച കേസായിരുന്നെങ്കിലും അദ്ദേഹം തന്റെ ശക്തിയും ഊര്‍ജവും മുഴുവന്‍ ഉപയോഗിച്ച് വാദിച്ചു. ഒടുവില്‍ നീണ്ട വാദത്തിനുശേഷം യുവതി രക്ഷപ്പെട്ടു.

പിറ്റേന്ന് യുവതി വീണ്ടും ഒരു കുറ്റം ചെയ്തു. കോടതിയിലെത്തിയപ്പോള്‍ മുമ്പ് തനിക്കായി വാദിച്ച മനുഷ്യനെ അവള്‍ കണ്ടു. അദ്ദേഹം ന്യായാധിപന്റെ ഇരിപ്പിടത്തിലാണ് ഇരിക്കുന്നത്. ഒരു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു, ”ഇതാ ഞാന്‍ വീണ്ടും വന്നിരിക്കുന്നു!” ആ മനുഷ്യന്‍ തലയുയര്‍ത്തി, എന്നിട്ട് പറഞ്ഞു, ”ഇന്നലെ ഞാന്‍ അഭിഭാഷകനായാണ് വന്നത്, നീ കുറ്റക്കാരിയായിരുന്നെങ്കിലും നിനക്കായി വാദിക്കുകയും ചെയ്തു. ഇന്ന് ഞാന്‍ ന്യായാധിപനാണ്, എന്റെ വിധി ന്യായമായിരിക്കും!”

കണ്ണീരോടെ ആ യുവതി ചോദിച്ചു, ”അങ്ങ് ആരാണ്?” ”ഇന്നലെ ഞാന്‍ നിന്റെ രക്ഷകനായാണ് വന്നത്, എന്നാല്‍ ഇന്ന് ഞാന്‍ നിന്റെ ന്യായാധിപനാണ്!” അതെ, ഇന്ന് ക്രിസ്തു നമ്മുടെ അഭിഭാഷകനും രക്ഷകനുമാണ്. എന്നാല്‍ അവിടുന്ന് വിധിയാളനായി വരുന്ന ദിവസം ആഗതമാകുന്നു. പാപം ആവര്‍ത്തിക്കരുത്. എല്ലാവരെയും അവിടുന്ന് നീതിപൂര്‍വം വിധിക്കും. പാപങ്ങളെയോര്‍ത്ത് അനുതപിച്ചും അവയില്‍നിന്ന് പിന്തിരിഞ്ഞും നമുക്ക് അവിടുത്തെ മുമ്പില്‍ നില്‍ക്കാം. ”ഇതാ ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്കാനാണ് ഞാന്‍ വരുന്നത്” (വെളിപാട് 22/12)