ആരാധനാസമയത്ത് പരിശുദ്ധനായ ദൈവമേ എന്ന പ്രാര്‍ത്ഥന പല തവണ ആവര്‍ത്തിച്ച് ചൊല്ലിയപ്പോള്‍, ദൈവത്തിന്റെ സജീവസാന്നിധ്യം പെട്ടെന്ന് എന്നെ ആവരണം ചെയ്തു. ദൈവത്തിന്റെ മഹത്വത്തിലേക്ക് ഞാന്‍ ആത്മാവില്‍ എടുക്കപ്പെട്ടു. മാലാഖമാരും കര്‍ത്താവിന്റെ വിശുദ്ധരും എപ്രകാരമാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്ന് ഞാന്‍ കണ്ടു.
ദൈവത്തിന്റെ മഹത്വം വളരെ ഉന്നതമാണ്. അത് ഒന്ന് വര്‍ണിക്കാന്‍പോലും ഞാന്‍ ധൈര്യപ്പെടുകയില്ല. എന്തെന്നാല്‍, അതെനിക്ക് സാധ്യമല്ല. ഞാനെന്തെങ്കിലും എഴുതിയാല്‍, അതാണ് അവിടെ നടക്കുന്നതെന്ന് ആത്മാക്കള്‍ തെറ്റിദ്ധരിക്കും. വിശുദ്ധ പൗലോസേ, അങ്ങ് എന്തുകൊണ്ടാണ് സ്വര്‍ഗത്തെ വര്‍ണിക്കാന്‍ മുതിരാതിരുന്നതെന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു. കണ്ണ് കണ്ടിട്ടില്ല, കാത് കേട്ടിട്ടില്ല, മനുഷ്യഹൃദയങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയാത്തതാണ്, തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ദൈവം ഒരുക്കിവച്ചിരിക്കുന്നത് എന്നുമാത്രം പറഞ്ഞവസാനിപ്പിച്ചു (1 കോറിന്തോസ് 2/9, 2 കോറിന്തോസ് 12/1-7). അതെ, അത് തീര്‍ച്ചയായും അങ്ങനെതന്നെയാണ്.
ദൈവത്തില്‍നിന്ന് വന്നതെല്ലാം അതേപോലെ ദൈവത്തിലേക്ക് മടങ്ങിപ്പോകുന്നു. അത് അവിടുത്തേക്ക് പൂര്‍ണമഹത്വം നല്കുന്നു. ഞാനെപ്രകാരമാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്ന് ഞാനിപ്പോള്‍ അറിയുന്നു; ഓ അത് എത്ര പരിതാപകരം! സ്വര്‍ഗീയമഹത്വത്തിന്റെ പൂര്‍ണതയോട് തുലനം ചെയ്യുമ്പോള്‍ ഇത് കേവലം ഒരു തുള്ളിമാത്രം.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന് (1604)