കരിഞ്ഞ അപ്പവും ദൈവസ്‌നേഹവും – Shalom Times Shalom Times |
Welcome to Shalom Times

കരിഞ്ഞ അപ്പവും ദൈവസ്‌നേഹവും

നവീകരണാനുഭവത്തില്‍ വന്ന ഒരു സഹോദരിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധാത്മാവിന്റെ സ്വരം ഇപ്രകാരം പറഞ്ഞു:
”എന്റെ മകളേ, 17 വര്‍ഷം മുമ്പ് ഒരു ദിവസം നീ മൂന്നിടങ്ങഴി മാവ് കുഴച്ചുവച്ചില്ലേ? പിറ്റേ ദിവസം രാവിലെ കുഴച്ച മാവ് അപ്പമാക്കുന്നതിനുവേണ്ടി നീ ദോശക്കല്ലില്‍ ഒഴിച്ചപ്പോള്‍ അത് പെട്ടെന്ന് കരിഞ്ഞുപോയി. പല പ്രാവശ്യം നീയിങ്ങനെ ആവര്‍ത്തിച്ചെങ്കിലും അപ്പോഴെല്ലാം കരിഞ്ഞുപോയതുകൊണ്ട് പിറുപിറുപ്പോടെ നീ ബാക്കി പുളിമാവ് എടുത്തുകൊണ്ടുപോയി തെങ്ങിന്‍ചുവട്ടില്‍ മറിച്ചുകളഞ്ഞില്ലേ? അത് നന്മയ്ക്കുവേണ്ടിയായിരുന്നു എന്ന് നീ അറിഞ്ഞില്ല. നീ കുഴച്ചുവച്ച മാവില്‍ ആ രാത്രി എട്ടുകാലിവിഷം വീണിരുന്നു. അത് അപ്പമായി രൂപപ്പെട്ടിരുന്നുവെങ്കില്‍ നീയും നിന്റെ കുടുംബാംഗങ്ങളും അത് ഭക്ഷിക്കുകയും അതുവഴി രോഗങ്ങള്‍ക്ക് ഇടയാവുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.” ദൈവത്തിന്റെ ഈ സ്‌നേഹത്തെക്കുറിച്ച് കേട്ട നിമിഷംതന്നെ ആ സഹോദരിയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ കര്‍ത്താവിന് നന്ദി പറഞ്ഞു.
ഒരുപക്ഷേ ഇവിടെ ഒരു സംശയം ഉയര്‍ന്നുവരാം. ‘എങ്കില്‍പ്പിന്നെ ദൈവത്തിന് ആ പുളിമാവില്‍ എട്ടുകാലിവിഷം വീഴാതെ നോക്കാമായിരുന്നില്ലേ’ എന്ന്. അതിനുത്തരം ദൈവത്തിന്റെ പദ്ധതികള്‍ മനുഷ്യബുദ്ധിക്ക് മനസിലാക്കാന്‍ പ്രയാസമാണ് എന്നതാണ്. ഇത്തരത്തിലുള്ള അനേകം സംഭവങ്ങളിലൂടെ ”ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8/28) എന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ജോസ് കാപ്പന്‍, ‘വരദാനങ്ങള്‍ പ്രായോഗികജീവിതത്തില്‍’