ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു ലിസ്ബത്ത്. അപ്പോള്‍ റെയില്‍വേ ജീവനക്കാരന്‍ ഒരു വയോധികനെ വീല്‍ചെയറില്‍ അവിടെയെത്തിച്ചു. ചുക്കിച്ചുളുങ്ങിയ മുഖവും ചീകിയൊതുക്കാത്ത നീണ്ട മുടിയും ചേര്‍ന്ന് വല്ലാത്ത ഒരു രൂപം. ലിസിന് വലിയ അനുകമ്പ തോന്നി. അവള്‍ അദേഹത്തിനരുകിലെത്തി ചോദിച്ചു: ”അങ്ങയുടെ മുടി ഒന്നു ചീകി ഒതുക്കട്ടെ?”
കേള്‍വിക്കുറവുണ്ടായിരുന്ന അദേഹം ഉറക്കെ പ്രതികരിച്ചു: ”എന്താ പറഞ്ഞേ? എനിക്ക് കേള്‍ക്കാന്‍ പറ്റില്ല.” ലിസ് അല്പംകൂടെ ഉറക്കെ ചോദ്യം ആവര്‍ത്തിച്ചു. ഉച്ചത്തിലുള്ള സംസാരം കേട്ട് സ്‌റ്റേഷനിലുള്ള എല്ലാവരും അവരെ ശ്രദ്ധിച്ചു.
സമ്മതം കിട്ടിയതോടെ ലിസ് ജഡപിടിച്ച മുടി ചീകുവാന്‍ തുടങ്ങി. വയോധികന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അദ്ദേഹം പറഞ്ഞു, ”ഒരു സര്‍ജറിക്കുശേഷം നീണ്ട ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയാണ് ഞാന്‍. രോഗിയായ ഭാര്യ വീട്ടില്‍ എന്നെയും കാത്തിരിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ എന്നെ കണ്ടാല്‍ അവള്‍ സങ്കടപ്പെടും. അതോര്‍ത്ത് വിഷമിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് മോള്‍ എന്നെ സഹായിച്ചത്. എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയില്ല.”
സ്റ്റേഷനിലുള്ളവര്‍ ലിസിന് ചുറ്റും കൂടി: ”കുട്ടീ, എന്തുകൊണ്ടാണ് നിനക്കിങ്ങനെ ചെയ്യാന്‍ തോന്നിയത്? ഇദ്ദേഹം നിന്റെ ആരുമല്ലല്ലോ.”
അവള്‍ പറഞ്ഞു: ”എന്റെ ഈശോയുടെ സ്‌നേഹമാണ്. അവിടുന്ന് ഇദ്ദേഹത്തെയും നിങ്ങള്‍ ഓരോരുത്തരെയും സ്‌നേഹിക്കുന്നു. യേശു നമ്മെ രക്ഷിക്കാനും അനുഗ്രഹിക്കാനും സ്വര്‍ഗംവിട്ട് നമുക്കരുകിലേക്ക് ഇറങ്ങിവന്ന ദൈവമാണ്. അവിടുത്തെ സ്വീകരിക്കുന്നവരെല്ലാം അനുഗ്രഹിക്കപ്പെടുകയും അനുഗ്രഹമാകുകയും ചെയ്യും.” റെയില്‍വേസ്റ്റേഷനിലുണ്ടായിരുന്ന എല്ലാവര്‍ക്കും യേശുവിനെ പങ്കുവയ്ക്കാന്‍ ലിസ് ആ അവസരം ഉപയോഗിച്ചു. അവളുടെ ദൈവസ്‌നേഹപ്രവൃത്തിയിലൂടെ യേശു അവള്‍ക്ക് അതിനുള്ള ഭാഗ്യം നല്കി.
”നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും” (യോഹന്നാന്‍ 13/35).