എടുക്കരുത്, പുതിയ തീരുമാനങ്ങള്‍! – Shalom Times Shalom Times |
Welcome to Shalom Times

എടുക്കരുത്, പുതിയ തീരുമാനങ്ങള്‍!

ചിന്തോദ്ദീപകമായ ഒരു കുറിപ്പായിരുന്നു അത്- ‘ബാങ്കുകള്‍ പാപ്പരായാല്‍ നിക്ഷേപകന് തിരികെ നല്കുന്നത് പരമാവധി അഞ്ച് ലക്ഷം രൂപമാത്രമായിരിക്കും. നിക്ഷേപിച്ചിരിക്കുന്ന തുക വലുതാണെങ്കിലും അത്രയുംമാത്രമേ തിരികെ ലഭിക്കുകയുള്ളൂ.’ പ്രസ്തുത കുറിപ്പില്‍ പറയുന്ന പ്രകാരം ഒരു സാധ്യതയുള്ളപ്പോള്‍ നിക്ഷേപങ്ങള്‍ സുരക്ഷിതമാകില്ലല്ലോ.

ഈ സാഹചര്യത്തില്‍, നിക്ഷേപിക്കുന്നതെല്ലാം തിരികെകിട്ടുമെന്ന് ഉറപ്പുള്ളിടത്ത് നിക്ഷേപിക്കുക എന്നതാണ് ബുദ്ധിമാനായ നിക്ഷേപകന്‍ ചെയ്യുക. അത്തരത്തില്‍ നിക്ഷേപം നടത്തിയ ഒരാളെ പരിചയപ്പെടാനിടയായി. കണ്ണൂര്‍ ഭാഗത്തുള്ള ശാലോം ഏജന്റാണദ്ദേഹം. ശാലോം മാസികയും സണ്‍ഡേ ശാലോമുമൊക്കെ അദ്ദേഹം വിതരണം ചെയ്യുന്നുണ്ട്. ശാലോം പ്രസിദ്ധീകരണങ്ങള്‍ പരമാവധി വരിക്കാരിലേക്ക് അദ്ദേഹം നേരിട്ടെത്തിക്കും. അതിനായി അധികസമയവും കൂടുതല്‍ അധ്വാനം വേണ്ടിവരും, ചിലപ്പോള്‍ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടിവരും. പക്ഷേ അതുകൊണ്ടൊന്നും പിന്നോട്ട് പോകാന്‍ അദ്ദേഹം തയാറല്ല.

വീടുകളില്‍ ചെന്ന് വരിക്കാരോട് സംസാരിക്കും. അവര്‍ക്കായി പ്രാര്‍ത്ഥിക്കും. വരിസംഖ്യ കൃത്യമായി ലഭിക്കുന്നതുകൊണ്ട് തൃപ്തനാകില്ല. മാസിക നല്കിയിട്ട് അടുത്ത തവണ ചെല്ലുമ്പോള്‍ ‘ആ ലേഖനം വായിച്ചോ,’ ‘എഡിറ്റോറിയല്‍ വായിച്ചോ’ എന്നെല്ലാം അന്വേ ഷിക്കും.
വെറുതെ വാങ്ങിവച്ചാല്‍പ്പോരാ, വായിക്കണം, ആത്മാവിന് ഉപകാരപ്രദമാകണം എന്നത് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ഓരോ ആത്മാവും എത്ര വിലയേറിയതാണ് എന്ന് മനസിലാക്കുന്ന സുവിശേഷവേല. അദ്ദേഹത്തിന്റെ ഈ ശുശ്രൂഷയിലൂടെ ജീവിതത്തിലെ പല പ്രതിസന്ധികളും അതിജീവിച്ചവരും ദുഃശീലങ്ങളില്‍നിന്ന് മോചനം നേടിയവരും സാമ്പത്തികബാധ്യതകളില്‍നിന്ന് കരകയറിയവരുമെല്ലാം സാക്ഷ്യമായി മുന്നില്‍ നില്‍ക്കുന്നു. തന്റെ വ്യക്തിജീവിതത്തിലും കുടുംബത്തിലും ദൈവം നല്കുന്ന അനുഗ്രഹങ്ങളുമുണ്ട് അദ്ദേഹത്തിന് പങ്കുവയ്ക്കാന്‍.

ഈ വ്യക്തിയുടെ ജീവിതത്തില്‍ യേശുവിന്റെ വചനം അന്വര്‍ത്ഥമാകുകയാണ്, ”സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെവച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല- ……വരാനിരിക്കുന്ന കാലത്ത് നിത്യജീവനും” (മര്‍ക്കോസ് 10/29-30). ഭവനവും വയലുകളും പോലുള്ള ഭൗതികസമ്പാദ്യങ്ങള്‍, പ്രിയപ്പെട്ടവരാകുന്ന സ്‌നേഹസമ്പാദ്യങ്ങള്‍- ഇതെല്ലാം സുവിശേഷത്തിനായി സമര്‍പ്പിക്കുമ്പോള്‍ അനേകമടങ്ങായി തിരികെ ലഭിക്കുമെന്ന് ഈശോ ഉറപ്പുതരികയാണ്.

ഈ പുതുവര്‍ഷത്തില്‍ ലാഭകരമായ നിക്ഷേപങ്ങള്‍ നമുക്കും ആരംഭിക്കാം. നമ്മുടെ സുഹൃത്തുക്കള്‍ക്കിടയില്‍, നാട്ടുകാര്‍ക്കിടയില്‍, ബന്ധുക്കള്‍ക്കിടയില്‍- നേരത്തേ പറഞ്ഞ ശാലോം ഏജന്റിനെപ്പോലെ ചില ചെറിയ, എന്നാല്‍ വലിയ, കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലേ? പുതിയ തീരുമാനങ്ങളെക്കാളുപരി, ഈശോയെപ്രതി, പുതിയ ദൈവസ്‌നേഹ പ്രവൃത്തികള്‍ ചെയ്തുതുടങ്ങാം.
പ്രാര്‍ത്ഥിക്കാം,
കര്‍ത്താവേ, അങ്ങില്‍നിന്നും പ്രതിഫലം ലഭിക്കുന്ന വിധത്തില്‍ അങ്ങയുടെ പ്രവൃത്തികള്‍ ചെയ്യാനും ആത്മാക്കളുടെ രക്ഷയ്ക്കായി അധ്വാനിക്കാനും ഈ പുതുവര്‍ഷത്തില്‍ ഞങ്ങള്‍ക്ക് കൃപ തന്നാലും, ആമ്മേന്‍
ഏവര്‍ക്കും പുതുവര്‍ഷാശംസകള്‍!