ദൈവാലയത്തില്‍ പുതിയ വികാരിയച്ചന്‍ എത്തിയപ്പോഴാണ് മനസിലായത്, അധികം ആളുകളൊന്നും ദൈവാലയത്തില്‍ വരുന്നില്ല. ആദ്യദിവസങ്ങളില്‍ അദ്ദേഹം ഓരോ വീടുകളിലും പോയി വ്യക്തിപരമായി ആളുകളെ ക്ഷണിച്ചു. ആ ഞായറാഴ്ച ദൈവാലയത്തില്‍ ആളുകള്‍ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. പക്ഷേ അധികം പേരൊന്നും വന്നില്ല.
അതിനാല്‍ അദ്ദേഹം ഒരു നോട്ടീസ് വിതരണം ചെയ്തു. ”ഇടവക മരിച്ചു, സമുചിതമായ രീതിയില്‍ മൃതസംസ്‌കാരം നടത്തേണ്ടതുണ്ട്. വരുന്ന ഞായറാഴ്ച പത്തുമണിയോടെ സംസ്‌കാരശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു” ഇതായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം. നോട്ടീസ് അതിവേഗം പ്രചരിച്ചു. എങ്ങനെയാണ് ഇടവകയുടെ സംസ്‌കാരം നടത്താന്‍ പോകുന്നതെന്നറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുംതന്നെ ഉണ്ടായി. ആ ഞായറാഴ്ച ദൈവാലയത്തില്‍ ആളുകള്‍ തിങ്ങിനിറഞ്ഞു.
ആളുകളുടെ ആകാംക്ഷയെ മുള്‍മുനയില്‍ നിര്‍ത്തുംവിധം പൂക്കള്‍കൊണ്ട് പൊതിഞ്ഞ ഒരു ശവപ്പെട്ടി അള്‍ത്താരയ്ക്കുതാഴെ വച്ചിരുന്നു. ഓരോരുത്തരായി വന്ന് അന്തിമോപചാരമര്‍പ്പിച്ചുകൊള്ളാന്‍ വൈദികന്‍ പറഞ്ഞതോടെ ആളുകള്‍ നിരനിരയായി അതിനരികിലേക്ക് നീങ്ങി. പെട്ടിയുടെ ഏറ്റവും സമീപത്തേക്ക് ഒരു സമയം ഒരാളെമാത്രമേ കടത്തിവിട്ടിരുന്നുള്ളൂ. ഉള്ളിലേക്ക് നോക്കിയ ആളുകളെല്ലാം ഒന്നും മിണ്ടാതെ അല്പം ചിന്താഭാരത്തോടെ തിരികെ നടന്നു.
ശവപ്പെട്ടിക്കുള്ളില്‍ വച്ചിരുന്നത് ഒരു കണ്ണാടിയായിരുന്നു!
”നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്” (1 കോറിന്തോസ് 12/27).