പാരീസിലെ കത്തോലിക്ക ദൈവാലയത്തിന്റെ വാതില്‍പ്പടിയിലേക്ക് കാലെടുത്തുവച്ചതാണ് പ്രൊഫസര്‍ നോക്‌സ് പേടന്‍. ആ നിമിഷം കറന്റടിക്കുന്ന ഒരനുഭവം! അപ്പോള്‍ ദൈവാലയത്തില്‍ ദിവ്യകാരുണ്യ ആരാധന നടക്കുകയായിരുന്നു. പ്രെസ്ബിറ്റേറിയന്‍ സഭാംഗമായിരുന്ന പ്രൊഫസര്‍ നോക്‌സ് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവച്ചിരിക്കുന്ന ദൈവാലയത്തിലേക്ക് ആദ്യമായിട്ടാണ് കയറുന്നത്. ആ ഒരു നിമിഷംകൊണ്ടുതന്നെ അദ്ദേഹം മാനസാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. ഓസ്‌ട്രേലിയയിലെ പ്രശസ്ത ക്വീന്‍ലാന്റ് സര്‍വകലാശാല പ്രൊഫസറായ നോക്‌സ് 2018ല്‍ അവധി ആഘോഷിക്കുന്നതിനാണ് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ കുടുംബസമേതം എത്തിയത്. ചരിത്രകാരന്‍, തത്വശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം.
വഴിയിലൂടെ നടന്നുപോകുമ്പോള്‍ യാദൃശ്ചികമായിട്ടാണ് അന്ന് ആ കത്തോലിക്കാ ദൈവാലയത്തില്‍ കയറിയത്. അദ്ദേഹം പി.എച്ച്.ഡി പഠനം നടത്തിയത് പാരീസിലാണ്. തന്റെ പഠനകാലത്ത് അനേകം തവണ ആ ദൈവാലയത്തിന്റെ സമീപത്തുകൂടി അദ്ദേഹം നടന്നുപോയിട്ടുണ്ട്. അന്നൊന്നും ദൈവാലയത്തില്‍ കയറണമെന്ന ചിന്ത തനിക്ക് ഉണ്ടായില്ലെന്നത് വലിയ നഷ്ടമായിട്ടാണ് പ്രൊഫസര്‍ ഇപ്പോള്‍ കാണുന്നത്. അല്ലെങ്കില്‍ എത്രയോ മുമ്പേ തനിക്ക് ദിവ്യകാരുണ്യനാഥനെ സ്വന്തമാക്കുവാന്‍ കഴിയുമായിരുന്നു എന്നാണ് ഇപ്പോള്‍ ഈ ചരിത്രകാരന്റെ പക്ഷം.