എന്റെ മകളേ ഓര്‍ക്കുക, ക്ലോക്കില്‍ മൂന്നുമണി അടിക്കുന്നതു കേള്‍ക്കുമ്പോഴൊക്കെയും എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് നീ അതില്‍ പൂര്‍ണമായി നിമഗ്നയായി ലോകം മുഴുവനുംവേണ്ടി പ്രത്യേകിച്ച് കഠിനപാപികള്‍ക്കുവേണ്ടി കരുണയുടെ സര്‍വശക്തി യാചിക്കുക. ഈ നിമിഷമാണ് എല്ലാ ആത്മാക്കള്‍ക്കുംവേണ്ടി കരുണയുടെ കവാടം മലര്‍ക്കെ തുറക്കപ്പെട്ടത്. ഈ മണിക്കൂറില്‍ നിനക്കും മറ്റുള്ളവര്‍ക്കുംവേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കുന്നു. ലോകത്തിനു മുഴുവനുംവേണ്ടിയുള്ള കൃപയുടെ മണിക്കൂറാണ് ഇത് – നീതിയുടെമേല്‍ കരുണ വിജയം വരിച്ച സമയം.
എന്റെ മകളേ, നിന്റെ ചുമതലകള്‍ നിന്നെ അനുവദിക്കുമെങ്കില്‍, ഈ മണിക്കൂറില്‍ കുരിശിന്റെ വഴി നടത്താന്‍ ശ്രമിക്കുക. കുരിശിന്റെ വഴി നടത്താന്‍ സാധ്യമല്ലെങ്കില്‍, ഒരു നിമിഷനേരത്തേക്കു ചാപ്പലില്‍ പ്രവേശിച്ച്, കരുണയാല്‍ നിറഞ്ഞിരിക്കുന്ന എന്റെ ഹൃദയംതന്നെയായ പരിശുദ്ധ കുര്‍ബാനയെ ആരാധിക്കുക. ചാപ്പലില്‍ പോകാന്‍ നിനക്കു സാധ്യമാകുന്നില്ലെങ്കില്‍, നീ എവിടെയായിരിക്കുന്നുവോ അവിടെത്തന്നെ കുറച്ചുനേരത്തേക്കെങ്കിലും പ്രാര്‍ത്ഥനയില്‍ മുഴുകുക.
”ഓ ഈശോയുടെ തിരുഹൃദയത്തില്‍നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ ഞങ്ങളങ്ങയില്‍ ശരണപ്പെടുന്നു.” (മൂന്നുമണി പ്രാര്‍ത്ഥന)
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി (1572, 187)