സ്‌നേഹത്തിന് ഏറ്റവും സുന്ദരമായ നിര്‍വചനം – Shalom Times Shalom Times |
Welcome to Shalom Times

സ്‌നേഹത്തിന് ഏറ്റവും സുന്ദരമായ നിര്‍വചനം

സഹനത്തിന്റെ തീച്ചൂളയിലൂടെ വിശുദ്ധിയുള്ള ഒരു ഹൃദയം മെനഞ്ഞെടുക്കുവാന്‍ മനുഷ്യന് ദൈവം സമ്മാനിച്ച പുണ്യകാലഘട്ടമാണ് തപസുകാലം. കുരുത്തോലയില്‍നിന്നും കുരിശിലേക്ക് തീര്‍ത്ഥാടനം ചെയ്ത് ഉത്ഥാനമഹിമയില്‍ ജീവിതം വാര്‍ത്തെടുക്കുവാന്‍ സ്വപ്നം കാണേണ്ട നോമ്പുകാലം. ക്രിസ്തുവില്ലെങ്കില്‍ നാം വെറും ഭൂമിയും മണ്ണിന്റെ സ്വന്തവുമാണെന്ന തിരിച്ചറിവോടെ, അനുതാപ ഹൃദയത്തോടെ, നെറ്റിത്തടത്തില്‍ ക്ഷാരംകൊണ്ട് കുരിശടയാളം വരച്ച് നാം നമ്മെത്തന്നെ ഒരുക്കുന്നു. ദൈവത്തോടൊപ്പമുള്ള വാസത്തിനായി ഉപവാസവും മനുഷ്യരോടുള്ള സ്‌നേഹത്തിനായി കാരുണ്യപ്രവൃത്തികളും അനുഷ്ഠിക്കുന്നത് ഈ കാലഘട്ടത്തിന്റെ ആത്മീയ അലങ്കാരങ്ങളാണ്.
ജറുസലേം പട്ടണത്തിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം അനുസ്മരിക്കുന്ന ഓശാന ഞായറാഴ്ച.

സ്‌നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യ സ്ഥാപനവും അപ്പസ്‌തോലന്മാരുടെ പാദക്ഷാളന കര്‍മ അനുസ്മരണവും യേശുശിഷ്യന്റെ മുഖമുദ്രയായിരിക്കേണ്ട സ്‌നേഹത്തിന്റെ കല്‍പനയുടെ പ്രഖ്യാപനവും ഓര്‍മിക്കുന്ന തിരുവത്താഴ വ്യാഴാഴ്ച. അതിനുശേഷം, തന്റെ സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് പഠിപ്പിക്കുകയും ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയും ചെയ്ത ദുഃഖവെള്ളിയും പിന്നിടുമ്പോള്‍ ഉത്ഥാന രഹസ്യത്തിന്റെ പൊന്‍കിരണം ദൃശ്യമാകുന്ന ഉയിര്‍പ്പ് ഞായറാഴ്ച വന്നെത്തും. മനുഷ്യജീവിതത്തിന്റെ അനിവാര്യമായ രക്ഷയുടെ പാതയിലെ സുവര്‍ണ നിമിഷങ്ങളാണ് ഇതെല്ലാം.

ജറുസലേമിലേക്ക് കഴുതയുടെ പുറത്ത് കയറിവന്ന യേശുവിനെ കണ്ട് ജനക്കൂട്ടം വിളിച്ചു ”ദാവീദിന്റെ പുത്രന് ഹോസാന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!” (മത്തായി 21/9). ഹോസാന എന്ന ഹീബ്രു വാക്കിന്റെ അര്‍ത്ഥം ‘രക്ഷിക്കണമേ’ എന്നാണ്. ഇന്ന് മാനവജനത ഉറക്കെ കരഞ്ഞു വിളിക്കേണ്ട പദമാണ് ഓശാന. ആരോഗ്യപരവും മാനസികവുമായ ക്ലേശങ്ങളില്‍നിന്ന് മനുഷ്യനെ രക്ഷിക്കണമേ എന്ന് ഉറക്കെ കരഞ്ഞു പ്രാര്‍ത്ഥിക്കേണ്ട വാക്കാണ് ഓശാന. ഒലിവ് മലയ്ക്കരികില്‍നിന്ന് ജറുസലേം പട്ടണത്തിലേക്കുള്ള വഴി കടന്നുപോകുന്നത് എന്റെ ജീവിതവഴിത്താരയിലൂടെയാണ്. അവിടെ യേശു വരുമ്പോള്‍ നമ്മള്‍ ഒരേ മനസോടെ യേശുവിനുവേണ്ടി സ്‌നേഹത്തിന്റെ വസ്ത്രങ്ങള്‍ വിരിക്കണം, പരസ്പരം സഹകരണത്തിന്റെ ചില്ലകള്‍ മുറിച്ച് വഴിയരികില്‍ നിരത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കണം ‘ദാവീദിന്റെ പുത്രനായ യേശുവേ ഞങ്ങളെ രക്ഷിക്കണമേ.’

ക്രിസ്തുശിഷ്യത്വം ആവശ്യപ്പെടുന്ന ചില കടമകളിലേക്ക് വിരല്‍ചൂണ്ടുന്ന ദിനങ്ങളിലൂടെയാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. പരസ്പരം കാലുകള്‍ കഴുകിക്കൊണ്ട് എളിമയോടെ വര്‍ത്തിക്കുക, സ്‌നേഹത്തിന്റെ കല്‍പന പാലിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ എന്നും ജീവിതത്തെ രൂപാന്തരപ്പെടുത്തുക, അതോടൊപ്പം പൗരോഹിത്യത്തെ സ്‌നേഹിക്കുക, സഭയോടൊത്തുചേര്‍ന്ന് നില്‍ക്കുന്ന ഒരു പുണ്യജീവിതം നയിക്കുക – ഇതെല്ലാം ലക്ഷ്യമിടേണ്ട കടമകളാണ്.

ഭൂമി കുലുങ്ങി, സൂര്യന്‍ ഇരുണ്ടു, ദൈവാലയത്തിലെ തിരശീല രണ്ടായി കീറി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. ”അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” എന്ന് നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോകചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കുവേണ്ടി പീഡകള്‍ സഹിച്ച് യേശു കുരിശില്‍ മരിച്ചുവെങ്കില്‍ കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മ എന്നും എന്റെ മനസില്‍ ജ്വലിക്കണം. മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടിയായിരുന്നു യേശു പീഡകള്‍ സഹിച്ച് കുരിശില്‍ മരിച്ചത്. കുരിശുമരണത്തിലൂടെ യേശു മാനവരാശിക്ക് നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മാചരണംകൂടിയാണ് ദുഃഖവെള്ളി.

സ്‌നേഹത്തിന്റെ ഏറ്റവും സുന്ദരമായ നിര്‍വചനം കുരിശ് നല്‍കുന്ന ദര്‍ശനമാണെന്ന് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എഴുതിയത് എത്രയോ അര്‍ത്ഥവത്താണ്. സ്‌നേഹിതരുടെ മലയാണ് കാല്‍വരി. സ്‌നേഹത്തിന്റെ വിദ്യാലയം ഉള്ള ഇടം. നിശബ്ദതയോടെ ആ ക്രൂശിതനെ നമുക്ക് നോക്കാം. സഹനങ്ങള്‍ക്കും മനുഷ്യദുരിതങ്ങള്‍ക്കും മുന്നില്‍ അങ്ങേയറ്റം ഉയര്‍ന്നുനില്‍ക്കുന്ന സ്‌നേഹത്തിന്റെ കാല്‍വരിക്കുന്നാണത്. നാണക്കേടിന്റെയോ ഭോഷത്തത്തിന്റെയോ അല്ല മറിച്ച്, മഹത്വത്തിന്റെ കുന്നാണ് ഗോല്‍ഗോത്ത. കുരിശേന്തുന്നവനും സ്‌നേഹത്തിന്റെ മല ചവിട്ടിക്കയറുന്നവനും ഉറപ്പായും കൈവരിക്കുന്ന ആഘോഷമാണ് ഉത്ഥാന മഹോത്സവം.

മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ ദൈവപ്രകൃതിയുടെ വെളിപ്പെടുത്തലാണ് കര്‍ത്താവിന്റെ ഉത്ഥാനത്തില്‍ സംഭവിച്ചത്. ദൈവപുത്രനെ സംബന്ധിച്ചിടത്തോളം മനുഷ്യപ്രകൃതിയിലും അവിടുന്ന് ദൈവമായിരുന്നു. മരണത്തിന്റെ നിമിഷത്തില്‍ അവിടുത്തെ ദൈവത്വം മനുഷ്യത്വത്തെ ദൈവികമാക്കുന്നു. മരണത്തിന് വിധേയമായ ശരീരം ദൈവികമായ ജീവനിലേക്ക് പുനഃപ്രവേശിക്കുന്നു. ഇതാണ് ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ അര്‍ത്ഥം. മനുഷ്യബുദ്ധി മരണത്തെ ജീവന്റെ നാശംപോലെ കാണുന്നു. എന്നാല്‍ ക്രിസ്തുവില്‍ മരണം ജീവന്റെ പുനര്‍ജനനത്തിന് നിദാനം മാത്രമാകുന്നു. മനുഷ്യന് വൈരുധ്യമെന്ന് തോന്നുന്ന മരണവും ജീവനും ദൈവത്തില്‍ സമരസപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളാകുന്നു.

നഷ്ടപ്പെട്ടുപോയ പ്രതീക്ഷകളുടെയും പ്രത്യാശകളുടെയുമൊക്കെ വീണ്ടെടുപ്പാണ് ഈസ്റ്റര്‍. കരിഞ്ഞുപോയ പുല്‍നാമ്പുകള്‍ വീണ്ടും തളിര്‍ക്കുന്നതുപോലെ പ്രത്യാശയുടെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയുമായ ഒരു അരൂപി ഈ മഹോത്സവം നമുക്ക് പ്രദാനം ചെയ്യട്ടെ. രൂപാന്തരം വരാനുള്ള ശരീരമാണ് നമ്മുടേത് എന്നുള്ള ചിന്തയോടെ നമുക്ക് ജീവിക്കാം. നശ്വരതയില്‍ വിതയ്ക്കപ്പെട്ട എന്റെ ശരീരം അനശ്വരത പ്രാപിക്കത്തക്കവിധം സനാതന മൂല്യങ്ങള്‍ക്കനുസരിച്ച് ഞാന്‍ വളരേണ്ടിയിരിക്കുന്നു എന്ന ബോധ്യത്തോടുകൂടി മുന്നേറാം. തപസുകാലം രക്ഷയിലേക്കുള്ള പാതയായി ഭവിക്കട്ടെ.

ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍,
കോഴിക്കോട് രൂപതാധ്യക്ഷന്‍