ഹൃദയത്തിന്റെ കോണില്‍ ഒന്ന് നോക്കൂ… – Shalom Times Shalom Times |
Welcome to Shalom Times

ഹൃദയത്തിന്റെ കോണില്‍ ഒന്ന് നോക്കൂ…

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വീട്ടമ്മ പറഞ്ഞു, അവരുടെ ഭര്‍ത്താവ് തികഞ്ഞ മദ്യപാനിയും വീട്ടുകാര്യങ്ങളില്‍ ഉത്തരവാദിത്വമില്ലാത്തയാളുമാണെന്ന്. മാത്രമല്ല വീട്ടില്‍ നിരന്തരം കലഹവും. നാളുകള്‍ക്കുശേഷം വീണ്ടും കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ”ഇപ്പോള്‍ ഭര്‍ത്താവ് മദ്യപാനം നിര്‍ത്തി, പക്ഷേ ഭയങ്കര ദേഷ്യമാണ്. പണ്ട് മദ്യപാനംമൂലം വീട്ടില്‍ സമാധാനമില്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ദേഷ്യം കാരണം സമാധാനമില്ല. രണ്ടും വലിയ വ്യത്യാസമൊന്നുമില്ല.”

കേട്ടപ്പോള്‍ വളരെ വിഷമം തോന്നി. ഏതോ രോഗഭയംമൂലം നിവൃത്തികേടുകൊണ്ടാണ് മദ്യപാനം നിര്‍ത്തിയത്. എങ്കിലും മനസുകൊണ്ട് ഇപ്പോഴും മദ്യത്തെ ഇഷടപ്പെടുന്നു, അത് കഴിക്കുമ്പോഴുള്ള സുഖം ഉപേക്ഷിക്കേണ്ടിവന്നതോര്‍ത്ത് ഖേദിക്കുന്നു. ആ നഷ്ടബോധം കോപമായി മാറിയിരിക്കയാണ്. വാസ്തവത്തില്‍, മദ്യം ഉപേക്ഷിച്ചതുകൊണ്ട് അദ്ദേഹത്തിനോ കുടുംബത്തിനോ പ്രത്യേകമെച്ചമൊന്നും ലഭിച്ചില്ല. ഈ നോമ്പുകാലത്ത് ഈ കുടുംബനാഥന്‍ നമ്മെ ചിലതെല്ലാം ഓര്‍മിപ്പിക്കുന്നുണ്ട്. പാപം ഉപേക്ഷിക്കുകയും അതിനുവേണ്ടി വിവിധ പരിത്യാഗങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന സമയമാണ് നോമ്പുകാലം. എന്നാല്‍ ഹൃദയംകൊണ്ട് പാപത്തെ വെറുക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.

അനുവദനീയമായതും ശരീരത്തിന് ദോഷകരമല്ലാത്തതുമായ മത്സ്യമാംസങ്ങള്‍ വര്‍ജിക്കുന്നതും മധുരം ഉപേക്ഷിക്കുന്നതുമെല്ലാം പ്രലോഭനങ്ങളോട് എതിര്‍ത്തുനില്‍ക്കാനുള്ള ആത്മീയബലം ലഭ്യമാക്കുന്നതിനുവേണ്ടിയാണ്. എന്നാല്‍ ഹൃദയംകൊണ്ട് ആ പാപം ചെയ്യാന്‍ നാം ഇഷ്ടപ്പെടുന്നുവെങ്കില്‍ പ്രലോഭനത്തില്‍ അതിവേഗം വീണുപോകും. ചിലപ്പോള്‍ ബാഹ്യമായി കീഴടങ്ങിയില്ലെങ്കിലും ഹൃദയംകൊണ്ട് നാം ആ പാപം ചെയ്തുപോകും. അതിനാല്‍ നോമ്പുകാലം പുരോഗമിക്കുമ്പോള്‍ നമ്മുടെ പുണ്യത്തിന്റെ ഗ്രാഫും ഉയരട്ടെ. അതിനായി ഹൃദയത്തിലേക്ക് നോക്കാം.

ഏതെങ്കിലും പാപം ബാഹ്യമായി ഉപേക്ഷിച്ചെങ്കിലും ഹൃദയത്തിന്റെ കോണില്‍ അതിനോടുള്ള ഇഷ്ടം നിലനില്ക്കുന്നുണ്ടോ? പണത്തോടുള്ള ആര്‍ത്തി, സ്ത്രീയോടോ പുരുഷനോടോ ഉള്ള തെറ്റായ ആകര്‍ഷണം, ഉപേക്ഷിച്ച ദുഃശീലങ്ങളോടുള്ള ഇഷ്ടം, വേലക്കാര്‍ക്ക് അര്‍ഹതപ്പെട്ട പ്രതിഫലം നല്കാനുള്ള മടി… അങ്ങനെ എന്തെങ്കിലുമൊക്കെയാകാം. സ്വയം പരിശോധിച്ച് അവയെ കണ്ടെത്താനും വെറുത്തുപേക്ഷിക്കാനും ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ.

ഏശയ്യാ പ്രവാചകനിലൂടെ കര്‍ത്താവിന്റെ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു, ”ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?” (ഏശയ്യാ 58/6).
ഇപ്രകാരം ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ ഉപവസിക്കുന്നവര്‍ക്ക് അവിടുന്ന് നല്കുന്ന വാഗ്ദാനം ഇതാണ്, ”നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നിന്റെ മുമ്പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിമ്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും” (ഏശയ്യാ 58/8-9).
തിരുവചനം പറയുന്നതുപോലെ വെളിച്ചം നിറഞ്ഞ ഒരു ഉത്ഥാനാനുഭവത്തിലേക്ക് നമുക്ക് സഞ്ചരിക്കാം, അതിനായി പ്രാര്‍ഥിക്കാം.

കര്‍ത്താവേ, ഹൃദയത്തില്‍ ഒളിഞ്ഞിരിക്കുന്ന പാപത്തോടുള്ള ചായ്‌വുകള്‍ കണ്ടെത്താനും അവയെ ഉപേക്ഷിക്കാനും ഞങ്ങള്‍ക്ക് കൃപ നല്കിയാലും. ആമ്മേന്‍.