പതിവുപോലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തു മുറിയില്‍ വന്നു. അവധി ദിനം ആയതുകൊണ്ട് ഒരുപാട് ക്ലീനിങ് വര്‍ക്കുകള്‍ ചെയ്യാനുണ്ട്. ഒരാഴ്ചയായി ഒന്നും ചെയ്തിട്ടില്ല. മുറി വൃത്തിയാക്കാന്‍ തുടങ്ങി. ബെഡ്ഷീറ്റ് മാറ്റി പുതിയതൊന്ന് വിരിച്ചു. ഈശോയുടെ കുരിശുരൂപം ഭംഗിയായി പുതപ്പിച്ച് കട്ടിലില്‍ കിടത്തി. ”നിനക്കൊക്കെ എന്താ സുഖം ഈശോയേ, അടിച്ചുവാരലും ക്ലീനിങ്ങും ഒന്നും വേണ്ടല്ലോ” എന്നൊരു കമന്റും പറഞ്ഞ് ഞാന്‍ ജോലി തുടര്‍ന്നു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി ഓഡിയോ ക്ലിപ്പ് ആയി കേള്‍ക്കുന്നുണ്ടായിരുന്നു. വിശുദ്ധ ഇപ്രകാരം പറഞ്ഞു: ”ഞാന്‍ എപ്പോഴും ഈശോക്ക് ഒരു ബഥനി ആവാന്‍ പരിശ്രമിക്കും.” അത് ഹൃദയത്തില്‍ ഒരു ചലനം സൃഷ്ടിച്ചു.
പെട്ടെന്ന് ഒരു ആഗ്രഹം. ഈശോയോട് പറഞ്ഞു, ”ഈശോയെ നിനക്ക് സങ്കടം വരുമ്പോള്‍ എന്റെ അടുത്ത് വന്നേക്കണേ, എന്റെ ഹൃദയത്തില്‍ വിശ്രമിച്ച് ആശ്വസിക്കണമേ… സങ്കടം മാറിയിട്ട് പോയാല്‍ മതി.”
കട്ടിലില്‍ കിടന്ന് പുള്ളിക്കാരന്‍ ഇത് കേള്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ എത്തി നോക്കി. അനക്കമൊന്നും ഇല്ല. പുതപ്പിനുള്ളില്‍ സുഖനിദ്ര.
ക്ലീനിങ് ജോലി പുരോഗമിച്ചുകൊണ്ടിരുന്നു. പക്ഷേ അല്‍പസമയത്തിനുള്ളില്‍ എന്തോ ഒരു ശക്തി എന്നെ ഈശോയിലേക്ക് വലിച്ചടുപ്പിക്കുന്ന പോലെ… മുറി പൂര്‍ണ്ണമായും വൃത്തിയാക്കി കഴിഞ്ഞിട്ടുമില്ല… ഒടുവില്‍ ഞാന്‍ കുരിശുരൂപം രണ്ടു കൈകൊണ്ടും കോരിയെടുത്തു നെഞ്ചോടു ചേര്‍ത്തു. എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. എന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ഈശോയുടെ ശിരസില്‍ വീണ് ഒഴുകിക്കൊണ്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാന്‍ ഉറക്കെ കരഞ്ഞു. ഈശോക്ക് എന്തോ ഭയങ്കര വിഷമം ഉണ്ടെന്നൊരു തോന്നല്‍.
”ഈശോ, എന്തിനാ കരയുന്നത്? എന്താ നിന്നെ ഇത്രയും സങ്കടപ്പെടുത്തിയത്?” ഈ ചോദ്യങ്ങള്‍ മനസ്സില്‍ ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. കാരണം വാക്കുകള്‍ പുറത്തേക്കു വരാത്ത വിധം എന്റെ ഏങ്ങലടികള്‍ മുറിയില്‍ നിറഞ്ഞു നിന്നു.
ഏകദേശം ഒന്നര മണിക്കൂര്‍ അങ്ങനെ കടന്നുപോയി. എന്റെ ചങ്കുനസ്രായന് ദുഃഖങ്ങളില്‍ ആശ്വാസം പകരാന്‍ ഞാന്‍ ക്ഷണിച്ചപ്പോള്‍ മറ്റൊരു ബഥനിയായി അവന്‍ എന്നെ മാറ്റുകയായിരുന്നു. നമ്മുടെയൊക്കെ സങ്കടങ്ങളും പരാതികളും മാത്രം സമര്‍പ്പിക്കാനുള്ള ഒരിടമായി ഈശോ മാറുമ്പോള്‍, അവനും തിരയുന്നുണ്ട് അവനായി കാത്തിരിക്കുന്ന ബഥനികള്‍.
വിശുദ്ധ ഗ്രന്ഥത്തില്‍ ഏറെ പ്രതിപാദിച്ചിട്ടുള്ള ഒരിടമാണ് ബഥനി. കഷ്ടതയുടെ ഭവനം എന്നാണ് ആ വാക്കിനര്‍ത്ഥം. ഈശോ പലപ്പോഴായി ബഥനി സന്ദര്‍ശിച്ചിരുന്നതായി തിരുവചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്താണ് ഈശോയെ ബഥനിയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടാവുക?
ഈശോ സ്‌നേഹിച്ചിരുന്ന ഒരു കുടുംബമായിരുന്നു ലാസറിന്റേത്. യേശു മര്‍ത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു (യോഹന്നാന്‍ 11/5). മരിച്ച് അഴുകിത്തുടങ്ങിയ ലാസറിനെ നാല് ദിവസങ്ങള്‍ക്കപ്പുറം ഈശോ ഉയിര്‍പ്പിച്ചത് ബഥനിയില്‍ ആണ്.
പെസഹാ ഒരുക്കുന്നതിന് ആറ് ദിവസം മുന്‍പ് ഈശോ ബഥനിയിലേക്കു വന്നു. അവിടെ മറിയം നാര്‍ദിന്‍ സുഗന്ധ തൈലം കൊണ്ട് യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടി കൊണ്ട് അവന്റെ പാദങ്ങള്‍ തുടക്കുകയും ചെയ്തു (യോഹന്നാന്‍ 12/3).
നാര്‍ദിന്‍ ശരീരത്തിനും മനസ്സിനും റിലാക്‌സേഷന്‍ നല്‍കാന്‍ സഹായിക്കുന്ന വിലയേറിയ സുഗന്ധതൈലം ആണ്. കാല്‍വരിയിലേക്ക് കുരിശും വഹിച്ച് നടക്കേണ്ട പാദങ്ങളായതിനാലായിരിക്കണം മറിയം തൈലം പൂശാന്‍ ഇടവന്നത്. അവന്റെ പാദങ്ങള്‍ സ്‌നേഹത്തോടെ തലോടാന്‍ തന്റെ തലമുടി അവള്‍ തൂവാലയാക്കി..
ബഥനിയിലെ തൈലാഭിഷേകത്തിലൂടെ പീഡാസഹനങ്ങള്‍ക്ക് ഒരുങ്ങുന്ന ഈശോയുടെ ശരീരത്തെയും മനസ്സിനെയും അവള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈശോ തന്റെ സ്വര്‍ഗാരോഹണത്തിനുമുന്‍പ് ശിഷ്യന്മാരെ ബഥനിവരെ കൂട്ടിക്കൊണ്ടു പോയി. കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. അവന്‍ അവരില്‍നിന്നും മറയുകയും സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെടുകയും ചെയ്തു (ലൂക്കാ 24/50-51).
ഈശോ തന്റെ ജീവിതത്തില്‍ പ്രധാന സാഹചര്യങ്ങളിലെല്ലാം ബഥനിയില്‍ ഉണ്ടായിരുന്നതായി കാണാം. തന്റെ ദുഃഖവേളകളില്‍ ഈശോ ആശ്വാസം കണ്ടെത്തിയത് ബഥനിയിലെ ലാസറിന്റെ ഭവനത്തിലായിരുന്നു. കഷ്ടതയുടെ ഭവനം ഈശോക്ക് ആശ്വാസത്തിന്റെ ഭവനമായി മാറി. അങ്ങനെയെങ്കില്‍ നമ്മുടെ ഹൃദയവും ഈശോക്ക് ഒരു ബഥനിയാകേണ്ടതല്ലേ?
അവന്റെ വേദനകള്‍ നാം അറിഞ്ഞിരുന്നെങ്കില്‍, അവന്റെ ഹൃദയത്തുടിപ്പുകള്‍ നാം കേട്ടിരുന്നെങ്കില്‍…
നമ്മുടെ കരതാരില്‍ മുഖം ഒന്നമര്‍ത്തി കരയാന്‍ അവന് കഴിഞ്ഞിരുന്നെങ്കില്‍,
ആശ്വാസത്തിന്റെ ഒരു തലോടല്‍ അവന് ലഭിച്ചിരുന്നെങ്കില്‍, സ്‌നേഹത്തിന്റെ ചുംബനങ്ങള്‍ അവന്റെ മുറിവുകളില്‍ പതിഞ്ഞിരുന്നെങ്കില്‍….
നെഞ്ചു പിളര്‍ന്നിട്ടും നെഞ്ചിലെ സ്‌നേഹം മറക്കാത്തവന്റെ വേദനകളില്‍ നമുക്കും ആയിത്തീരാം അവന്റെ മാത്രം ബഥനി.
ആന്‍ മരിയ ക്രിസ്റ്റീന