ഫുട്‌ബോള്‍ ലോകകപ്പിലെ ഓരോ കളികളും ഏറെ ആവേശത്തോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ ആസ്വദിച്ചിരുന്നത്. കളിക്കിടെ പലപ്പോഴും റഫറിക്ക് തീരുമാനമെടുക്കാന്‍ വിഷമമുണ്ടാകുന്ന വേഗതയേറിയ ചലനങ്ങളില്‍ തീരുമാനമെടുക്കാന്‍ സ്ലോ മോഷന്‍ വിദ്യ സഹായിച്ചു. ചലച്ചിത്രങ്ങളിലാകട്ടെ ഏറെ ശ്രദ്ധ നേടേണ്ട രംഗങ്ങള്‍ സ്ലോ മോഷനില്‍ കാണിക്കുന്നത് നാം പരിചയിച്ചിട്ടുള്ളതാണ്. എന്നാല്‍, വീഡിയോയുടെ വേഗത കുറയ്ക്കുന്ന സ്ലോ മോഷന്‍ വിദ്യ ആദ്യമായി പരീക്ഷിച്ചത് എങ്ങനെയാണെന്നറിയാമോ?
വീഡിയോ പകര്‍ത്തുമ്പോള്‍ സാധാരണയായി ഉപയോഗിക്കുന്നതിനുപകരം ഇരട്ടി വേഗതയില്‍ സെക്കന്‍ഡില്‍ 32 ഫ്രെയിം എന്ന കണക്കില്‍ ഉപയോഗിച്ചു. തുടര്‍ന്ന് അത് സാധാരണ ഫ്രെയിം റേറ്റില്‍ത്തന്നെ തിരിച്ച് പ്ലേ ചെയ്തു. അങ്ങനെ ദൃശ്യങ്ങളുടെ വേഗത കുറഞ്ഞു. അതായിരുന്നു ആദ്യത്തെ സ്ലോ മോഷന്‍ രംഗം. ഈ വിദ്യക്ക് കത്തോലിക്കാസഭയും വൈദികരുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ഇല്ലെന്നായിരിക്കും എല്ലാവരും കരുതുക. എന്നാല്‍ ഫാ. ഓഗസ്റ്റ് മസ്ഗര്‍ എന്ന കത്തോലിക്കാവൈദികനാണ് സ്ലോ മോഷന്‍ വിദ്യ കണ്ടെത്തിയത് എന്ന് അധികമാര്‍ക്കും അറിയില്ല. ഭൗതികശാസ്ത്രജ്ഞനും അതോടൊപ്പം ചലച്ചിത്രപ്രേമിയുമായിരുന്നു അദ്ദേഹം. 1868-ല്‍ ഓസ്ട്രിയയിലെ സ്‌റ്റൈറിയയിലാണ് ജനിച്ചത്. ദൈവശാസ്ത്ര ഫാക്കല്‍റ്റിയില്‍നിന്ന് ബിരുദം നേടിയ അദ്ദേഹം 1890ല്‍ വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഗണിതം, ഭൗതികശാസ്ത്രം, ചിത്രരചന എന്നിവ പഠിക്കുകയും 1899ല്‍ പ്രൊഫസറാവുകയും ചെയ്തു. സിങ്ക്രണൈസിംഗ് മെക്കാനിസത്തിനായി മിറര്‍ ചെയ്ത ഡ്രം ഉപയോഗിച്ചാണ് അദ്ദേഹം സ്ലോ മോഷന്‍ ടെക്‌നിക് നടപ്പാക്കിയത്.
1907-ല്‍ ഫാ. മസ്ഗര്‍ സ്ലോ മോഷന്‍ വിദ്യക്ക് പേറ്റന്റ് നേടുകയും ബര്‍ലിനില്‍ പ്രൊഫസര്‍ മസ്ഗര്‍ കൈനെറ്റോസ്‌കോപ് GmbH എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു. ആ കമ്പനിവഴിയാണ് തന്റെ പ്രൊജക്ടര്‍ നിര്‍മിക്കുകയും വില്ക്കുകയും ചെയ്തിരുന്നത്. നഗ്നനേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കാന്‍ വിഷമമുള്ള ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന ഈ വിദ്യ പില്ക്കാലത്ത് ചലച്ചിത്രരംഗത്തുമാത്രമല്ല, മിലിട്ടറി പരിശീലനത്തിനും കായികരംഗത്തും മറ്റ് വിവിധ മേഖലകളിലും ഉപകാരപ്രദമായി.
കത്തോലിക്കാവൈദികര്‍ നല്കിയ അവിസ്മരണീയമായ സംഭാവനകളിലൊന്നായി സ്ലോ മോഷന്‍ വിദ്യ പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു.