കാതറൈനെ മതിമയക്കിയ ആത്മാവ് ! – Shalom Times Shalom Times |
Welcome to Shalom Times

കാതറൈനെ മതിമയക്കിയ ആത്മാവ് !


വിശുദ്ധര്‍ തങ്ങളുടെ ശരീരത്തെ പീഡിപ്പിച്ചിരുന്നതും ജഡത്തിന്റെ അഭിലാഷങ്ങള്‍ക്ക് തങ്ങളെ വിട്ടുകൊടുക്കാതിരുന്നതും എന്തുകൊണ്ടാണ്? കളങ്കമില്ലാത്ത ആത്മാവ് അതിമനോഹരമായതുകൊണ്ടുതന്നെ. വിശുദ്ധിയുള്ള ആത്മാവ് ഭൗതികവസ്തുക്കളില്‍നിന്നും തന്നില്‍നിന്നുതന്നെയും അകന്നുനില്‍ക്കും. അഞ്ച് മിനിറ്റ് കൂടുതല്‍ ഉറങ്ങുന്നതിനോ തീ കായുന്നതിനോ രുചികരമായവ ഭക്ഷിക്കുന്നതിനോ വിശുദ്ധര്‍ ഇഷ്ടപ്പെടാതിരുന്നതും ഇതുകൊണ്ടാണ്. എന്തുകൊണ്ടെന്നാല്‍, ശരീരത്തിന് നഷ്ടപ്പെടുന്നത് ആത്മാവിന് ലഭിക്കുന്നു. ശരീരത്തിന് ലഭിക്കുന്നത് ആത്മാവിന് നഷ്ടപ്പെടുന്നു. നിര്‍മലമായ ഒരാത്മാവിന്റെ മനോഹാരിത മനസിലാക്കിയാല്‍ നാമൊരിക്കലും വിശുദ്ധി നഷ്ടപ്പെടുത്തുകയില്ല.

ദിവ്യരക്ഷകന്‍ ഒരിക്കല്‍ നിര്‍മലമായ ഒരാത്മാവിനെ വിശുദ്ധ കാതറൈന് കാണിച്ചുകൊടുത്തു. ആ ആത്മാവിന്റെ മനോഹാരിതയില്‍ മതിമയങ്ങിയ പുണ്യവതി പറഞ്ഞു, ”നാഥാ, ഒരു ദൈവം മാത്രമേയുള്ളൂവെന്ന് ഞാനറിഞ്ഞിരുന്നില്ലെങ്കില്‍, ഇത് വേറൊരു ദൈവമാണെന്ന് വിചാരിച്ചുപോകുമായിരുന്നു.” സൂര്യന്‍ വെള്ളത്തില്‍ പ്രതിഫലിക്കുന്നതുപോലെ ദൈവത്തിന്റെ ഛായ നിര്‍മലാത്മാവില്‍ പ്രതിഫലിക്കുന്നു.

നൈര്‍മല്യം സ്വര്‍ഗത്തില്‍നിന്ന് വരുന്നു. നൈര്‍മല്യം ലഭിക്കാന്‍ ദൈവത്തോട് നാം പ്രാര്‍ത്ഥിക്കണം. ചോദിച്ചാല്‍ നമുക്കത് കിട്ടും. അത് നഷ്ടപ്പെടുത്താതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം. മറ്റൊരാളും മുറിയില്‍ പ്രവേശിക്കാതിരിക്കത്തക്കവണ്ണം ജനലുകളും കതകുകളും അടയ്ക്കുന്നതുപോലെ, അഹങ്കാരം, വിഷയാസക്തി തുടങ്ങിയ എല്ലാ ദുഷ്ടതകള്‍ക്കും എതിരായി നമ്മുടെ ഹൃദയകവാടങ്ങളെ ബന്ധിക്കണം. വിശുദ്ധിയുള്ള ആത്മാവിനെ നയിക്കുക കാവല്‍മാലാഖക്ക് എത്ര പ്രിയങ്കരമാണ്! എന്റെ കുഞ്ഞുങ്ങളേ, സ്‌നേഹം നിറഞ്ഞ കണ്ണുകള്‍ തുറന്നുപിടിച്ചുകൊണ്ടാണ് നിര്‍മലമായ ആത്മാവിനെ സ്വര്‍ഗലോകം വീക്ഷിക്കുന്നത്.

പരിശുദ്ധ ത്രിത്വത്തിലെ ഓരോ ആളും അത്ഭുതാനന്ദങ്ങളോടുകൂടിയാണ് ഒരു നിര്‍മലാത്മാവിനെ വീക്ഷിക്കുക. ”ഇതെന്റെ സൃഷ്ടിയാകുന്നു” എന്ന് പിതാവായ ദൈവം അഭിമാനിക്കുന്നു. തന്റെ രക്തത്തിന്റെ വിലയാണ് പുത്രന്‍ തമ്പുരാന്‍ ആ ആത്മാവില്‍ കാണുന്നത്. പരിശുദ്ധാരൂപി ഒരു ആലയത്തിലെന്നവണ്ണം ആ ആത്മാവില്‍ വസിക്കുന്നു.
നിര്‍മലാത്മാക്കള്‍ ദിവ്യരക്ഷകനുചുറ്റും അണിനിരക്കും. ഭൂമിയില്‍ നാം എത്ര നിര്‍മലരായിരുന്നോ അത്രയും നാം സ്വര്‍ഗത്തില്‍ ദിവ്യരക്ഷകനോട് അടുത്തുനില്‍ക്കും. നിര്‍മലമായ ആത്മാവിന് സ്‌നേഹിക്കാതിരിക്കുക സാധ്യമല്ല. കാരണം, അത് സ്‌നേഹത്തിന്റെ ഉറവയായ ദൈവത്തെ കണ്ടറിഞ്ഞിരിക്കുന്നു. ”ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും”(മത്തായി 5/8) എന്ന് കര്‍ത്താവ് പഠിപ്പിക്കുന്നു.

എന്റെ കുഞ്ഞുങ്ങളേ, നിര്‍മലമായ ആത്മാവ് ദൈവത്തിന്റെമേല്‍ ചെലുത്തുന്ന പ്രേരണാശക്തി അത്ഭുതകരമാണ്. അത് ദൈവത്തിന്റെ ഇഷ്ടം ചെയ്യുകയല്ല, മറിച്ച്, ദൈവം അതിന്റെ ഇഷ്ടം ചെയ്യുകയാണ്. അതിനിര്‍മലനായിരുന്ന മോശ ഇതിന് നല്ല ഉദാഹരണമാണ്. ദൈവം ഇസ്രായേല്‍ ജനതയെ ശിക്ഷിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ മോശയോട് അരുളിച്ചെയ്തു: ”എന്റെ കോപം അവരുടെമേല്‍ നിപതിക്കേണ്ടിയിരിക്കുന്നു. ആകയാല്‍ അവര്‍ക്കുവേണ്ടി നീ എന്നോട് പ്രാര്‍ത്ഥിക്കേണ്ട.” എങ്കിലും മോശ പ്രാര്‍ത്ഥിച്ചു. ദൈവം അവരോട് ക്ഷമിക്കുകയും ചെയ്തു. ഒരു നീതിമാന്റെ പ്രാര്‍ത്ഥന നിരസിക്കാന്‍ ദൈവത്തിന് കഴിഞ്ഞില്ല. ശപിക്കപ്പെട്ട പാപത്തിന്റെ സ്വാധീനമില്ലാത്ത ഒരാത്മാവ് ആഗ്രഹിക്കുന്നതെല്ലാം ദൈവത്തില്‍നിന്ന് ലഭിക്കും. മൂന്ന് സംഗതികളാണ് വിശുദ്ധി സംരക്ഷിക്കാനാവശ്യം. ദൈവസാന്നിധ്യസ്മരണ, പ്രാര്‍ത്ഥന, കൂദാശകള്‍. വേറൊന്ന് ആധ്യാത്മിക ഗ്രന്ഥപാരായണമാണ്. അത് ആത്മാവിനെ പുഷ്ടിപ്പെടുത്തും.

വില മനസിലാക്കാന്‍…
ഒരു ആത്മാവിനെ നശിപ്പിക്കാന്‍ സാത്താന്‍ ചെയ്യുന്ന കഠിനശ്രമങ്ങളില്‍നിന്നും അതിന്റെ വില നമുക്ക് മനസിലാക്കാം. നരകശക്തികള്‍ ഒന്നുചേര്‍ന്ന് ആക്രമിക്കുന്നു. സ്വര്‍ഗമോ അതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. അഹോ, ഒരാത്മാവിന്റെ മാഹാത്മ്യം എത്രമാത്രമായിരിക്കണം!
നമ്മുടെ മഹത്വത്തെക്കുറിച്ച് മനസിലാക്കാന്‍ സ്വര്‍ഗത്തെയും കാല്‍വരിയെയും നരകത്തെയുംകുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവപുത്രന്‍ എന്ന സ്ഥാനം എന്താണെന്ന് മനസിലാക്കാന്‍ കഴിയുമെങ്കില്‍ നാം തിന്മ പ്രവര്‍ത്തിക്കുകയില്ല. ഭൂമിയില്‍ നാം മാലാഖമാരെപ്പോലെ ആയിത്തീരും. ഹാ! ദൈവത്തിന്റെ മക്കളായിത്തീരുക എത്ര മഹനീയം!

ഒരു ഹൃദയമുണ്ടായിരിക്കുക എന്നതും അതിനെ ദൈവത്തെ സ്‌നേഹിക്കാന്‍ ഒരുക്കിവയ്ക്കുന്നതും എത്ര മനോഹരം!
ദൈവം മനുഷ്യനെയും അവന്റെ ശരീരത്തിനാഹാരം നല്കാന്‍ നാം കാണുന്ന ഈ ലോകത്തെയും സൃഷ്ടിച്ചു. മനുഷ്യന്റെ ആത്മാവിനും ആഹാരം വേണം. എന്നാല്‍, സൃഷ്ടവസ്തുക്കള്‍ക്കൊന്നിനും അരൂപിയായ ആത്മാവിനെ പോഷിപ്പിക്കുക സാധ്യമല്ലാത്തതിനാല്‍ താന്‍തന്നെ അതിന്റെ ഭക്ഷണമായിത്തീരാന്‍ ദൈവം തിരുമനസായി.
എന്നാല്‍ ജീവിതമാകുന്ന ഈ മരുഭൂമി തരണം ചെയ്യുന്ന നാം ഈ ദൈവികഭക്ഷണം സ്വീകരിക്കാതെ കടന്നുപോകുന്നുവെന്നത് എത്ര വലിയ ദൗര്‍ഭാഗ്യം! വിഭവസമൃദ്ധമായ സദ്യ വിളമ്പിവച്ചിരിക്കുന്ന മേശയ്ക്കുമുന്നില്‍ കിടന്ന് ഒരുവന്‍ വിശപ്പുകൊണ്ട് ചാകുന്നതുപോലെ ചിലര്‍ അമ്പതും അറുപതും വര്‍ഷങ്ങള്‍വരെ ആഹാരം കൊടുക്കാതെ ആത്മാവിനെ തളര്‍ത്തുന്നു.

”ഞാന്‍ എനിക്കായി സൃഷ്ടിച്ച ആ മനോഹരമായ ആത്മാവിനെ നിന്റെ നികൃഷ്ടത പരിഗണിക്കാതെ എന്റെ സമീപത്ത് കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കല്ലാതെ മറ്റൊന്നിനും അതിനെ നിറയ്ക്കാന്‍ സാധിക്കാത്തവണ്ണം അത്ര വലുതായും എന്റെ ശരീരത്തിനല്ലാതെ വേറൊന്നിനും അതിനെ പോഷിപ്പിക്കാന്‍ കഴിയാത്തവണ്ണം അത്ര നിര്‍മലമായും അതിനെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു.” ദിവ്യരക്ഷകന്‍ തങ്ങളോട് പറയുന്ന ഈ വാക്കുകളുടെ അര്‍ത്ഥം ക്രൈസ്തവര്‍ മനസിലാക്കിയിരുന്നെങ്കില്‍!

നിര്‍മലരായ ആത്മാക്കളെ മിശിഹാ പ്രത്യേകമായി പരിഗണിക്കുന്നു. വത്സലശിഷ്യനായ യോഹന്നാനെ തന്റെ മാറിടത്തില്‍ തലചായ്ച്ച് വിശ്രമിക്കാന്‍ അവിടുന്ന് അനുവദിച്ചത് നോക്കുക. വിശുദ്ധ കാതറൈന്റെ ആത്മാവ് അതിനിര്‍മലമായിരുന്നതിനാല്‍ പലപ്പോഴും പറുദീസായിലെ സൗഭാഗ്യം കണ്ടാസ്വദിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. അവളുടെ മരണവേളയില്‍ മോശയ്ക്ക് 10 പ്രമാണങ്ങള്‍ ലഭിച്ച സീനായ് പര്‍വതത്തിലേക്ക് മാലാഖമാര്‍ അവളുടെ ശരീരം വഹിച്ചുകൊണ്ടുപോയി.

പരിശുദ്ധിയില്‍ ആത്മാവിനോട് ഭാഗഭാഗിത്വം വഹിച്ച ശരീരത്തെ മാലാഖമാര്‍ തന്നെ സംസ്‌കരിക്കാന്‍ ഇടയാകത്തക്കവണ്ണം ദൈവം നിര്‍മലാത്മാക്കളെ അത്രയധികം ഇഷ്ടപ്പെടുന്നുവെന്ന് ഈ അത്ഭുതം വെളിപ്പെടുത്തുന്നു. തന്നിലും തന്നാലും തനിക്കുവേണ്ടിയും ജീവിക്കുന്ന ആത്മാവിന്റെ അപേക്ഷ ഉപേക്ഷിക്കാന്‍ അവിടുത്തേക്ക് എങ്ങനെ കഴിയും? അത് ദൈവത്തെ അന്വേഷിക്കുന്നു; ദൈവം അതിന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു; അത് ദൈവത്തെ വിളിക്കുന്നു; ദൈവം ആഗതനാകുന്നു. അത് അവിടുത്തോട് ഒന്നിക്കുന്നു; അവിടുത്തെ മനസിനെ വശീകരിക്കുന്നു. ദിവ്യരക്ഷകന്റെ തിരുഹൃദയത്തെക്കൊണ്ട് എന്തും ചെയ്യിക്കാന്‍ കരുത്തുള്ളതാണ് നിര്‍മലാത്മാവ്.
ദൈവത്തോട് ഒന്നിച്ചിരിക്കുന്ന നിര്‍മലമായ ആത്മാവ് അമ്മയുടെ മടിയിലെ കുഞ്ഞിനെപ്പോലെയാണ്. ആ കുഞ്ഞ് അമ്മയെ ചുംബിക്കുന്നു, ആശ്ലേഷിക്കുന്നു. അമ്മ കുഞ്ഞിനെയും ചുംബിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നു.

വിശുദ്ധ ജോണ്‍ മരിയ വിയാനി