എന്റെ മൂന്നുവയസുള്ള പേരക്കുട്ടിയുമായിട്ടാണ് ഒഴിവുസമയങ്ങളിലെ വിനോദം. മാസത്തില്‍ രണ്ടാഴ്ചയാണ് എനിക്ക് ജോലിയുണ്ടാവുക. ജോലിസ്ഥലത്ത് ആയിരിക്കുമ്പോഴും എനിക്ക് യഥാര്‍ത്ഥത്തില്‍ ‘മിസ്’ ചെയ്യുന്നത് ഈ പേരക്കുട്ടിയുടെ സാന്നിധ്യമാണ്. പോകുമ്പോള്‍ കുഞ്ഞിനോട് പറയുന്നത് ഗ്രാന്റ് ഫാദര്‍ വരുമ്പോള്‍ മോള്‍ക്ക് ഇഷ്ടപ്പെട്ട ടോയ്‌സും ചോക്ലേറ്റ്‌സും വാങ്ങിക്കൊണ്ടുവരാമെന്നാണ്. എന്നാല്‍ കഴിഞ്ഞ മാസം ജോലിക്ക് പോകുന്നതിന് മുമ്പ് ചോദിച്ചു, ”ഇത്തവണ പോയിട്ടു വരുമ്പോള്‍ എന്താണ് കൊണ്ടുവരേണ്ടത്?” എന്റെ തോളിലിരുന്ന അവള്‍ എന്നെ കുറച്ചുനേരം നോക്കി. എന്നിട്ട് ഇപ്രകാരം പറഞ്ഞു, ”എനിക്ക് ടോയ്‌സും ചോക്ലേറ്റ്‌സും ഒന്നുംവേണ്ട. ഗ്രാന്റ്പാ പോകണ്ട, അതുമതി.”
അതുകേട്ട് കുഞ്ഞുമോള്‍ക്ക് ഉമ്മയും നല്‍കി ഉറക്കാനായി മകളെ ഏല്‍പിക്കുമ്പോള്‍ ഞാന്‍ മനസില്‍ ചിന്തിച്ചത് ഇതാണ് – എത്ര വേഗമാണ് കുഞ്ഞുമനസ് സത്യം തിരിച്ചറിഞ്ഞത്.
ദാവീദ് തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ”ഞാന്‍ കര്‍ത്താവിനെ എപ്പോഴും കണ്‍മുമ്പില്‍ ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന് എന്റെ വലതുവശത്തുണ്ട്” (അപ്പസ്‌തോല പ്രവര്‍ത്തനം 2/25). എന്നാല്‍, ദാവീദിനെപ്പറ്റി ദൈവം പറയുന്നത് ‘എന്റെ ഹൃദയത്തിന് ഇണങ്ങിയവന്‍’ എന്നാണ്. 40 വര്‍ഷക്കാലം ജറുസലേമില്‍ രാജാവായി ഇരിക്കുവാന്‍ ദാവീദിനെ സഹായിച്ചത് ദൈവികസാന്നിധ്യം എപ്പോഴും അനുഭവിച്ച തുകൊണ്ടാണ്.
അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2/28-ല്‍ ഉദ്ധരിച്ചിരിക്കുന്ന ദാവീദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്, ”ജീവന്റെ വഴികള്‍ അവിടുന്ന് എനിക്ക് കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താല്‍ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും.”
കര്‍ത്താവ് നമ്മുടെ ഹൃദയം പരിശോധിക്കുന്നു. നമ്മള്‍ പൂര്‍ണ ഹൃദയത്തോടെ അന്വേഷിക്കുന്നത് ആരെയാണ്? എന്തിനാണ്? യേശു ജനക്കൂട്ടത്തോട് ചോദിക്കുന്നുണ്ട്, നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിക്കുന്നത് എന്ന് (യോഹന്നാന്‍ 6). ഈ ചോദ്യം ഇന്ന് വളരെ പ്രസക്തമാണ്.
സ്‌കൂളില്‍നിന്നും വീട്ടില്‍ വന്നപ്പോഴാണ് കുട്ടി അറിയുന്നത് അമ്മയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന്. പക്ഷേ അമ്മ ആശുപത്രിയിലേക്ക് പോകുന്നതിനുമുമ്പേതന്നെ വൈകുന്നേരം കാപ്പിയും ഇഷ്ടപ്പെട്ട പലഹാരങ്ങളും തന്റെ കുട്ടിക്കുവേണ്ടി ഒരുക്കിവച്ചിട്ടാണ് പോയത്. ആ കുട്ടിക്ക് സ്‌കൂളില്‍നിന്ന് വരുമ്പോള്‍ വിശപ്പും ദാഹവും ഉണ്ടായിരുന്നു. എന്നാല്‍ അമ്മയെ കാണുവാനുള്ള വിശപ്പും ദാഹവും അതിലേറെ ആയിരുന്നതിനാല്‍ ആ കുട്ടി ആശുപത്രിയില്‍ ചെന്ന് അമ്മയെ കണ്ടു, കൂടെയിരുന്നു. അമ്മ നല്‍കുന്നവയല്ല അമ്മയെ അന്വേഷിച്ചു കണ്ടെത്തിയപ്പോഴാണ് കുട്ടിയുടെ മനസും ഹൃദയവും ശാന്തമായത്.
നമുക്കും ദാനങ്ങളെക്കാളുപരി ദാതാവിനെ സ്‌നേഹിക്കാം. സങ്കീര്‍ത്തകനോടുചേര്‍ന്ന് പാടാം, ”നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു” (സങ്കീര്‍ത്തനങ്ങള്‍ 42/1).
പി.ജെ. ജോസഫ് ഇടപ്പള്ളി