രുചി പകരുന്ന ആത്മീയ രഹസ്യം – Shalom Times Shalom Times |
Welcome to Shalom Times

രുചി പകരുന്ന ആത്മീയ രഹസ്യം

”ദൈവം അറിയാതെയും അനുവദിക്കാതെയും നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ല.” സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കുപിന്നിലും ദൈവത്തിനൊരു പദ്ധതിയുണ്ട്. പല സംഭവങ്ങളിലൂടെയും ദൈവം നമ്മോട് സംസാരിക്കുന്നതായിരിക്കും. ഒരുപക്ഷേ നമ്മുടെ ചില കുറവുകള്‍ തിരിച്ചറിയാനും ഇത്തരം ചില സംഭവങ്ങള്‍ കാരണമാകും. അപ്രകാരം എന്റെ ഉള്ളില്‍ ദൈവകൃപക്ക് തടസമായി കിടന്നിരുന്ന ചില കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഈശോ അനുവദിച്ച ചില അനുഭവങ്ങള്‍ കുറിക്കട്ടെ.

എനിക്ക് ചേമ്പും ചേനയുംപോലുള്ള ചില ഭക്ഷണസാധനങ്ങളോട് വെറുപ്പായിരുന്നു. ഇത് ഞാന്‍ പണിക്കുപോകുന്ന ഏത് വീട്ടില്‍നിന്ന് കിട്ടിയാലും, സ്വന്തം വീട്ടില്‍നിന്നായാല്‍പോലും, ഞാന്‍ കഴിക്കാറില്ല. വചനപ്രഘോഷണവും പണിയുമായി നല്ല തിരക്കുള്ള ദിവസങ്ങളില്‍ ചിലപ്പോള്‍ അധികജോലി ചെയ്യേണ്ടിവരും. അങ്ങനെ വരുമ്പോള്‍ എഴുന്നേല്‍ക്കാന്‍പോലും പറ്റാത്തവിധം ക്ഷീണം തോന്നാറുണ്ട്. അങ്ങനെയുള്ള ഒരു ദിവസം വീട്ടിലിരുന്ന് വിശ്രമിക്കാന്‍ തീരുമാനിച്ചു.

കാപ്പി കുടിക്കാന്‍ സമയമായപ്പോള്‍ ഭാര്യ ചേമ്പ് പുഴുങ്ങിയതുമായി വന്നു. ഇതുകണ്ടപ്പോഴേ എനിക്ക് വെറുപ്പായി. ഞാന്‍ പണിക്ക് പോകുമായിരിക്കും എന്നു കരുതിയാണ് ചേമ്പ് പുഴുങ്ങിയത്. കാരണം എനിക്കത് ഇഷ്ടമല്ലായെന്ന് ഭാര്യയ്ക്കറിയാം. അന്ന് വേറൊന്നും വീട്ടില്‍ ഇല്ലായിരുന്നുതാനും. എനിക്കരിശം വന്നു. വേറെ ഏതെങ്കിലും വീട്ടില്‍ചെന്നാല്‍ മറ്റ് വല്ലതും കിട്ടുമെന്നുകരുതി ഞാന്‍ മറ്റൊരു വീട്ടില്‍ ചെന്നു. ചെന്ന വീട്ടിലെ ആള്‍ ഒരു കരിസ്മാറ്റിക്കുകാരനായിരുന്നു. നല്ല ദര്‍ശനമുള്ളയാള്‍. എന്നെ കണ്ടപ്പോഴേ അദ്ദേഹം പറഞ്ഞു, ചൂടാറുംമുമ്പ് നമുക്ക് കാപ്പി കുടിക്കാം.

ഞാനിപ്രകാരം ചിന്തിച്ചു, ഞാന്‍ വീട്ടില്‍നിന്ന് ചൂടായിട്ടാണ് വന്നതെന്ന് ദര്‍ശനത്തില്‍ കിട്ടിയതായിരിക്കാം. ഞാനൊന്നും മറുത്തു പറഞ്ഞില്ല. പക്ഷേ ഉടന്‍തന്നെ ഒരുപാത്രം ചേമ്പ് പുഴുങ്ങിയതുമായി വന്നപ്പോഴാണ് എനിക്ക് മനസിലായത്, ദര്‍ശനമല്ല ചേമ്പ് ചൂടോടെ തിന്നാമെന്ന അര്‍ത്ഥത്തിലാണത് പറഞ്ഞതെന്ന്. പിറ്റേ ആഴ്ചയും ഇതുപോലെതന്നെ ഒരനുഭവം ഉണ്ടായി. അന്ന് ചേന പുഴുങ്ങിയതായിരുന്നു. ഞാന്‍ ദേഷ്യപ്പെട്ട് പണിക്കു പോകാനിറങ്ങി.

എന്റെ ഉള്ളില്‍നിന്നൊരു സ്വരം – ഇന്ന് ഏത് വീട്ടില്‍ ചെന്നാലും ഇതുമാത്രമേ കിട്ടുകയുള്ളൂ. ഞാനേതാണ്ട് അമ്പതോളം വീടുകളില്‍ പണിക്കു പോകുന്നതായതിനാല്‍ ചേമ്പില്ലാത്ത പറമ്പിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ എല്ലാ പറമ്പിലും ചേമ്പ് നില്‍ക്കുന്നത് എന്റെ ഭാവനയില്‍ തെളിഞ്ഞുവന്നു. ഒരേയൊരു പറമ്പുമാത്രമേ ചേമ്പില്ലാത്തതായി എനിക്കറിയാവൂ- അത് കോണ്‍വെന്റാണ്. അന്ന് കുര്‍ബാന കഴിഞ്ഞപ്പോഴേ സിസ്റ്റര്‍ തേങ്ങയിടുന്ന കാര്യം പറഞ്ഞതായിരുന്നു. ക്ഷീണമായതിനാല്‍ ഞാനത് മാറ്റിവച്ചതാണ്.

അതിനാല്‍ അവിടെ പണിക്കുപോകുന്നതായിരിക്കും ഭംഗിയെന്നു കരുതി മഠത്തില്‍ ചെന്നു. സിസ്റ്റര്‍ എന്നോടിപ്രകാരം പറഞ്ഞു ”ചമ്മന്തി അരക്കുന്ന താമസമേ ഉള്ളൂ, കാപ്പി കുടിച്ചിട്ട് പണിക്കിറങ്ങാം.” എനിക്ക് സന്തോഷവും സമാധാനവുമായി. ചമ്മന്തിയും ചേനയും ചേരുകയില്ലല്ലോ? ചമ്മന്തിയും ദോശയുമാണെങ്കില്‍ ചേരും. എനിക്കേറ്റവും ഇഷ്ടമുള്ളതാണ് ദോശ. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു പ്ലെയിറ്റില്‍ ചേനയും കാന്താരിമുളക് അരച്ചതുമായി വന്നപ്പോഴാണ് എനിക്കക്കിടി പറ്റിയെന്നറിഞ്ഞത്.

പിറ്റേദിവസം മുതല്‍ നോമ്പാരംഭിക്കുകയാണ്. എല്ലാ ദിവസവും കുരിശിന്റെ വഴി പ്രാര്‍ത്ഥിക്കുമായിരുന്നു. 14 സ്ഥലങ്ങളില്‍ 14 നിയോഗങ്ങള്‍വച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു സ്ഥലത്തെ എന്റെ നിയോഗമിതായിരുന്നു ”എന്റെ ഈശോയേ, ഈ ചേമ്പും ചേനയുമെനിക്കൊരു പ്രശ്‌നമാണ്. ഇത് പരിഹരിക്കാനുള്ള കൃപയെനിക്കു തരണം.” അമ്പതുദിവസം തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചു. അമ്പത്തിയൊന്നാം ദിവസം ഒരു കോണ്‍വെന്റില്‍ പ്രസംഗിക്കാന്‍ ചെന്നു. സിസ്റ്റര്‍ ഇപ്രകാരം പറഞ്ഞു, ആറുമണിക്ക് കയറിയാല്‍ ഒമ്പതു മണിക്കേ ഇറങ്ങാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് കാപ്പി കുടിച്ചിട്ട് പ്രസംഗിക്കാം.

കാപ്പിയുമായി സിസ്റ്റര്‍ വരുന്നത് കണ്ടപ്പോഴേ ഞാന്‍ ഞെട്ടിപ്പോയി. ഒരു പ്ലെയിറ്റു നിറയെ ചേനയും മറ്റൊരു പ്ലെയിറ്റില്‍ പഴംപൊരിയും! പഴംപൊരി എനിക്ക് വളരെ ഇഷ്ടപ്പെട്ട പലഹാരമാണ്. ഞാന്‍ ഈശോയോട് ഇപ്രകാരം പറഞ്ഞു ”എങ്കിലും എന്റെ ഈശോയേ, ഒരു ദിവസമല്ല അമ്പതു ദിവസമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. അമ്പത്തിയൊന്നാം ദിവസംതന്നെ ഇതുവേണമായിരുന്നോ?” അവിടെവച്ച് ഞാന്‍ ഈശോയ്‌ക്കൊരു വാക്കുകൊടുത്തു. എനിക്കിഷ്ടമുള്ള പഴംപൊരി ഞാനെടുക്കില്ല, ഇഷ്ടമില്ലാത്ത ചേന ഞാന്‍ തിന്നും. അങ്ങനെ അന്ന് ചേന കഴിച്ചു, ആ ചേനയുടെ രുചി വിവരിക്കാന്‍ വാക്കുകളില്ല.

പിറ്റേദിവസം മുതല്‍ എന്റെ ഇടവകയില്‍ ധ്യാനം. ധ്യാനത്തിന്റെ വിശുദ്ധ കുര്‍ബാനയുടെ സമയത്ത് അച്ചന്‍ ഇപ്രകാരം പറഞ്ഞു, നിങ്ങള്‍ സമാധാനം ആശംസിക്കുമ്പോള്‍ പരസ്പരം മുഖത്തോടുമുഖം നോക്കി ചിരിച്ചുകൊണ്ടുവേണം സമാധാനം ആശംസിക്കാന്‍. അച്ചനെ അനുസരിച്ചുകൊണ്ട് ഞാന്‍ ആദ്യം വലതുവശത്തു നില്‍ക്കുന്ന ആളിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് സമാധാനം ആശംസിച്ചു. ഇടതുവശത്തു നില്‍ക്കുന്ന ആളിന്റെ മുഖത്തുനോക്കി ചിരിക്കാന്‍ എനിക്ക് സാധിച്ചില്ല. കാരണം അതൊരു ചേമ്പായിരുന്നു. അതായത് വലതുവശത്തു നില്‍ക്കുന്നയാള്‍ ദോശയും പഴംപൊരിയും; എനിക്കിഷ്ടമുള്ളയാള്‍. എന്നാല്‍ ഇടതുവശത്തു നിന്നയാള്‍ എനിക്ക് വെറുപ്പുള്ളയാള്‍. ഇവിടെ ഞാനൊരു സത്യം മനസിലാക്കി. ചേന എനിക്ക് രുചികരമായി തോന്നിയത് ചേനക്ക് മാറ്റം വന്നതുകൊണ്ടല്ല. എന്നില്‍ മാറ്റം വന്നതുകൊണ്ടാണ്.

അങ്ങനെയെങ്കില്‍ എനിക്ക് പിണക്കമുള്ളവരെ നോക്കി ചിരിക്കാന്‍ സാധിക്കുന്നതിനായി മാറ്റം വരുത്തേണ്ടത് എന്നിലാണ്. ചേനയും ചേമ്പും വെറുപ്പോടെ നോക്കുന്നതുപോലെ ഈ സമൂഹത്തില്‍നിന്നും ഞാന്‍ പലരെയും മാറ്റിനിര്‍ത്തുന്നുണ്ടെന്നുള്ള സത്യം ഞാന്‍ മനസിലാക്കി. ഇവിടെ എന്നിലേക്ക് കടന്നുവന്ന വചനം ഇതായിരുന്നു. യൂദാസ് ഈശോയെ ഒറ്റിക്കൊടുക്കാന്‍ വന്നപ്പോള്‍പോലും ഈശോ യൂദാസിനെ വിളിച്ചത് സ്‌നേഹിതാ എന്നാണ് (മത്തായി 26/50). മറ്റുള്ളവരോടുള്ള നമ്മുടെ വെറുപ്പിനെ മാറ്റി നമുക്കും ഈശോയെപ്പോലെയാകാം.

തങ്കച്ചന്‍ തുണ്ടിയില്‍