സേവകനില്‍നിന്ന് പ്രവാചകനിലേക്കുള്ള വഴി.. – Shalom Times Shalom Times |
Welcome to Shalom Times

സേവകനില്‍നിന്ന് പ്രവാചകനിലേക്കുള്ള വഴി..

ഏകദേശം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ആ ശുശ്രൂഷകനെ കണ്ടപ്പോള്‍ ശുശ്രൂഷാകേന്ദ്രത്തില്‍ അടുക്കളയിലും മറ്റും ക്ലീനിങ്ങ് ജോലികള്‍ യാതൊരു മടിയും കൂടാതെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടു. പിന്നീട് ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ നല്ല തീക്ഷ്ണതയോടെ, ഉത്സാഹത്തോടെ നിര്‍വഹിക്കുന്നത് കാണാന്‍ സാധിച്ചു. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ദൈവം ഇദ്ദേഹത്തെ വചനപ്രഘോഷണത്തിലേക്കും ശുശ്രൂഷാമേഖലയുമായി ബന്ധപ്പെട്ട വലിയ ഉത്തരവാദിത്വങ്ങളിലേക്കും കരംപിടിച്ചുയര്‍ത്തി. ഇന്ന് ദൈവവചനശുശ്രൂഷയുമായി ബന്ധപ്പെട്ട് അനേക രാജ്യങ്ങളില്‍ പോകാനും ശുശ്രൂഷകളെയും ശുശ്രൂഷകരെയുമൊക്കെ ഏകോപിപ്പിക്കാനും വലിയ ദൈവശാസ്ത്ര പാണ്ഡിത്യമില്ലാത്ത ഈ സഹോദരനെ ദൈവം എടുത്തുപയോഗിക്കുന്നത് കാണുമ്പോള്‍ വിശുദ്ധ ബൈബിളില്‍ പഴയ നിയമത്തിലെ ജോഷ്വായെ ഓര്‍മവരുന്നു.

മോശയുടെ സേവകനായ ജോഷ്വാ
പുറപ്പാട് 33/11 – ”സ്‌നേഹിതനോടെന്നപോലെ കര്‍ത്താവ് മോശയോട് മുഖാഭിമുഖം സംസാരിച്ചിരുന്നു. അതിനുശേഷം മോശ പാളയത്തിലേക്ക് മടങ്ങിപ്പോകും. എന്നാല്‍ അവന്റെ സേവകനും നൂനിന്റെ പുത്രനുമായ ജോഷ്വാ എന്ന യുവാവ് കൂടാരത്തെ വിട്ട് പോയിരുന്നില്ല.” ജോഷ്വായുടെ ശുശ്രൂഷാജീവിതം ആരംഭിക്കുന്നത് മോശയുടെ വിശ്വസ്തനായ സേവകന്‍ ആയിട്ടാണ്.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും ജോഷ്വായെപ്പോലെ ചില ചെറിയ ഉത്തരവാദിത്വങ്ങളായിരിക്കും ദൈവം ഭരമേല്‍പിക്കുക. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ ചെറിയ ചുമതലകളെ എത്രമാത്രം വിശ്വസ്തതയോടെയാണ്, ആത്മാര്‍ത്ഥതയോടെയാണ് നാം ചെയ്യുന്നതെന്ന് ദൈവത്തിന്റെ ആത്മാവ് നമ്മെ പരിശോധിച്ചുകൊണ്ടേയിരിക്കും. സങ്കീര്‍ത്തകന്‍ പറയുന്നു: ”കര്‍ത്താവേ, അവിടുന്നെന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. ഞാന്‍ ഇരിക്കുന്നതും കിടക്കുന്നതും…” (സങ്കീര്‍ത്തനങ്ങള്‍ 139/1-4).

നമ്മുടെ കുടുംബത്തിലും ജോലിസ്ഥലത്തും ബിസിനസിലുമെല്ലാം പരിശുദ്ധാത്മാവ് ഈ പരിശോധന അനുദിനം അനുനിമിഷം നടത്തിക്കൊണ്ടേയിരിക്കും. നമുക്ക് ലഭിച്ചിരിക്കുന്ന ജീവിതസാഹചര്യങ്ങള്‍ പരിമിതമായതുകൊണ്ട് നാം പരാജയപ്പെടണമെന്നോ വലിയ സാമ്പത്തിക ചുറ്റുപാടില്‍ ജീവിക്കുന്നതുകൊണ്ട് നമ്മുടെ ജീവിതം വിജയിക്കണമെന്നോ നിര്‍ബന്ധമില്ല. മറിച്ച് എളിമയോടെ, വിശ്വസ്തതയോടെ നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങളും കടമകളും ചുമതലകളും നിര്‍വഹിക്കാന്‍ നാം തയാറായാല്‍ ദൈവം നമ്മെ തന്റെ ആത്മാവിനാല്‍ ശക്തിപ്പെടുത്തി കരംപിടിച്ച് ഉയര്‍ത്തും. മത്തായി 25/21- ”യജമാനന്‍ പറഞ്ഞു, കൊള്ളാം നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും.”

തീക്ഷ്ണതയില്‍ ജ്വലിച്ചിരുന്ന ജോഷ്വാ
കര്‍ത്താവിന്റെ സാന്നിധ്യം നിറഞ്ഞുനിന്നിരുന്ന സമാഗമ കൂടാരത്തെ വിട്ടുപോകാന്‍ ജോഷ്വാ തയാറായിരുന്നില്ല എന്നതില്‍നിന്നും ജോഷ്വയ്ക്ക് ദൈവത്തോടും ദൈവിക കാര്യങ്ങളോടുമുള്ള തീക്ഷ്ണത വളരെ പ്രകടമാണ്. നമ്മുടെ ജീവിതത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നതും ധ്യാനശുശ്രൂഷകളില്‍ പങ്കെടുക്കുന്നതും പലപ്പോഴും എന്തെങ്കിലുമൊക്കെ ഭൗതികനേട്ടങ്ങള്‍, രോഗസൗഖ്യങ്ങള്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും അനുഗ്രഹങ്ങള്‍ പ്രാപിക്കാനാണ്. എന്നാല്‍ ഏതെങ്കിലും ഭൗതിക അനുഗ്രഹങ്ങള്‍ക്കപ്പുറം ജോഷ്വായെപ്പോലെ തീക്ഷ്ണതയോടെ ദൈവത്തോടുകൂടെ ചേര്‍ന്നിരിക്കുന്നവര്‍ക്കാണ് പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളില്‍ നിറയാന്‍ സാധിക്കുക. ദൈവികപദ്ധതികള്‍ തിരിച്ചറിയാന്‍ സാധിക്കുക. ജീവിതവിജയം കൈവരിക്കാന്‍ സാധിക്കുക.

ജോഷ്വായെപ്പോലെ നമുക്കും നിരന്തരമായി ദൈവതിരുസന്നിധിയില്‍ ആയിരിക്കാം – പ്രാര്‍ത്ഥനയിലൂടെ, ദൈവാരാധനയിലൂടെ, ദൈവവചന വായനയിലൂടെ, കൂദാശകളിലൂടെ, കാരുണ്യപ്രവൃത്തികളിലൂടെ. റോമാ 12/11 വചനം നമ്മെ ഓര്‍മിപ്പിക്കുന്നു ”തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍.”

സേവകന്‍ പ്രവാചകനായി മാറുന്നു
മോശയുടെ വിശ്വസ്തനായ ഭൃത്യനും ദൈവികകാര്യങ്ങളില്‍ തീക്ഷ്ണമതിയും ദൈവികപദ്ധതികളോട് പൂര്‍ണമായി സഹകരിക്കുകയും ചെയ്തിരുന്ന ജോഷ്വയില്‍ ദൈവം മോശയുടെ പിന്‍ഗാമിയെ കണ്ടെത്തി. ഇസ്രായേല്‍ജനത്തെ വാഗ്ദത്ത ഭൂമിയിലേക്ക് നയിക്കാന്‍ മോശയുടെ മരണശേഷം ജോഷ്വായെ ദൈവം അഭിഷേകം ചെയ്ത് ഉയര്‍ത്തി (സംഖ്യ 27/18-20). ഈജിപ്തില്‍നിന്നും വാഗ്ദത്ത ദേശത്തേക്ക് പുറപ്പെട്ട ഇസ്രായേല്‍ക്കാരില്‍ ഏകദേശം ആറുലക്ഷം പുരുഷന്മാര്‍ ഉണ്ടായിരുന്നു (പുറപ്പാട് 12/37). എങ്കിലും അവരില്‍നിന്ന് ജോഷ്വാ എന്ന യുവാവ് മാത്രമാണ് ഇസ്രായേല്‍ ജനത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്.

ഇന്ന് ഞാനും നിങ്ങളും ചെയ്യുന്ന ശുശ്രൂഷ ഒരുപക്ഷേ കൃഷിയായിരിക്കാം, ബിസിനസായിരിക്കാം, ജോലിയായിരിക്കാം, വിദേശ രാജ്യത്തായിരിക്കാം – അതിന്റെ വലിപ്പമോ ചെറുപ്പമോ നമ്മുടെ സാമ്പത്തിക സ്ഥിതിയോ സ്ഥാനമാനങ്ങളോ ചുറ്റുപാടുകളോ സാഹചര്യങ്ങളോ ഒന്നും നോക്കിയല്ല ദൈവം നിങ്ങളെ തിരഞ്ഞെടുക്കുന്നതും അനുഗ്രഹിച്ച് ഉയര്‍ത്തുന്നതും.

ജോഷ്വായെപ്പോലെ വിശ്വസ്തതയോടെ, തീക്ഷ്ണതയോടെ, ദൈവിക പദ്ധതികളോടു ചേര്‍ന്ന് നമുക്കും പ്രയത്‌നിക്കാം. ഞാന്‍ ഇന്ന് എന്താണ്, ആരാണ് എന്നുള്ളത് അപ്രസക്തമാണ്. നാളെ ദൈവം തന്റെ കൃപകളാല്‍ എന്നെ എന്താക്കിത്തീര്‍ക്കും, ആരാക്കിത്തീര്‍ക്കും എന്നുള്ളതാണ് പ്രധാനം. ഈശോയോടൊപ്പം കണ്ണുകള്‍ ഉയര്‍ത്തി നോക്കാം, അനുഗ്രഹം പ്രാപിക്കാം.

ഷിബു കുര്യന്‍