കണ്ടു ആ കുടുംബം കണക്കറിയാ കര്‍ത്താവിനെ! – Shalom Times Shalom Times |
Welcome to Shalom Times

കണ്ടു ആ കുടുംബം കണക്കറിയാ കര്‍ത്താവിനെ!

ദൈവത്തിന് ദയ തോന്നിയ ഒരു കുടുംബത്തിന്റെ അനുഭവം നന്ദിയോടെ ഇവിടെ കുറിക്കട്ടെ. അധിക നാളുകളൊന്നുമായിട്ടില്ല ഇതെല്ലാം നടന്നിട്ട്.
മലയോര മേഖലയിലെ അപ്പനും അമ്മയും മൂന്നു മക്കളുമടങ്ങിയ ഒരു സാധാരണ കര്‍ഷക കുടുംബം. കഠിനമായി അധ്വാനിച്ചാണ് കുടുംബം ജീവിച്ചിരുന്നത്. പുലര്‍ച്ചെ 5.30 ആകുമ്പോള്‍ അവിടെനിന്ന് പഴയകാല ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ഉയരും. ആറുമണിയോടെ കാലിക്കൂട്ടിലെ ചാണകം വാരി പശുവിനെ കുളിപ്പിക്കും. മക്കളുടെ വളര്‍ച്ചയില്‍ ആനന്ദം കണ്ടിരുന്ന കുടുംബം. ദൈവവിശ്വാസത്തിലും ദൈവഭയത്തിലും മക്കളെ വളര്‍ത്താന്‍ അവരുടെ കഷ്ടപ്പാടുകള്‍ക്കിടയിലും ആ പ്രിയ മാതാപിതാക്കള്‍ മറന്നില്ല. സന്ധ്യയ്ക്ക് കുരിശുമണി അടിക്കുംമുമ്പ് കുളി കഴിഞ്ഞ് പായ നിലത്തു വിരിച്ച് മുട്ടിന്മേല്‍നിന്ന് ഉറക്കെ ജപമാല ചൊല്ലാന്‍ മക്കളെ ശീലിപ്പിച്ച കുടുംബം. എല്ലാവരെയുംപോലെ സന്തോഷങ്ങളും ദുഃഖങ്ങളും രോഗങ്ങളുമെല്ലാം ഈ കുടുംബത്തിലും കടന്നുവന്നിരുന്നു. എങ്കിലും തങ്ങളാല്‍ കഴിയുംവിധം തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ഈ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു, ആ വീട്ടിലെ മകന് ചെറിയൊരു ജോലി കിട്ടി. എങ്കിലും മുമ്പുണ്ടായിരുന്ന അതേ അധ്വാനവും കഷ്ടപ്പാടുമാണ് ഇന്നും ആ കുടുംബത്തില്‍.

നഷ്ടമായ ജോലിയും കാപ്പാസെറ്റും
മകന് കിട്ടിയ ചെറിയ ജോലിയില്‍ സ്വപ്നങ്ങള്‍ നെയ്ത കുടുംബം പല പദ്ധതികളും വിഭാവനം ചെയ്ത് ഓരോ കാര്യങ്ങളും എപ്പോള്‍, എങ്ങനെ ചെയ്യണമെന്ന മാസ്റ്റര്‍ പ്ലാനും വരച്ചു. തങ്ങള്‍ക്കു ലഭിച്ച സൗഭാഗ്യത്തിന് ദൈവത്തിന് നന്ദി പറയുവാന്‍ ആ കുടുംബം മറന്നില്ല. ആ വര്‍ഷം രൂപതയില്‍ നടക്കുന്ന തിരുപ്പട്ടത്തില്‍ രണ്ട് പുത്തനച്ചന്മാര്‍ക്കുള്ള കാപ്പ വാങ്ങികൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെയിരിക്കെ കൊവിഡ് സൃഷ്ടിച്ച ഭീകരാന്തരീക്ഷം എല്ലാവരെയുമെന്നപോലെ അവരെയും ബാധിച്ചു. മഹാമാരിമൂലം പലര്‍ക്കും ജോലി നഷ്ടമായതുപോലെ ആ മകന്റെ ജോലിയും നഷ്ടമായി.

ഒരിടത്തുനിന്നും ആദായമില്ലാതായി. കൈയില്‍ ഇങ്ങോട്ടു കിട്ടാന്‍ ഒന്നുമില്ല. എല്ലാം അങ്ങോട്ടു കൊടുക്കാന്‍ മാത്രമുള്ള ലിസ്റ്റുകള്‍. പട്ടത്തിനുള്ള സമയം അടുത്തു. രണ്ട് കാപ്പാസെറ്റ് മേടിക്കണം. ജോലിയില്ല, കാശില്ല, പ്രാര്‍ത്ഥനമാത്രം ആശ്രയം. ”കര്‍ത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല” (ഏശയ്യാ 30/20) എന്ന തിരുവചനം ചൊല്ലി പ്രാര്‍ത്ഥിച്ചുതുടങ്ങി. കൈയിലുണ്ടായിരുന്ന എല്ലാ ചില്ലറത്തുട്ടുകളും എണ്ണിപ്പെറുക്കി സ്വരൂപിച്ച് പറഞ്ഞ സമയത്തിനുള്ളില്‍ രണ്ട് കാപ്പയ്ക്കുള്ള പണം തയാറാക്കി രൂപതയിലെ ഉത്തരവാദിത്വപ്പെട്ടവരെ 15,000 രൂപ ഏല്‍പിച്ചു. ഇനി മേലോട്ടു നോക്കിയാല്‍ ആകാശം, താഴേക്ക് നോക്കിയാല്‍ ഭൂമി. ഒരു ആലോചനയുമില്ല, സ്വപ്നവുമില്ല. തിരുവചനം കൃത്യമായി ജീവിച്ച ദിവസങ്ങള്‍. ”ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി” (മത്തായി 6/34). നാളെ എന്നൊരു ദിനത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയാതെ ആ കൊച്ചുകുടുംബം ദൈവമേ, നിന്റെ ഹിതം നിറവേറട്ടെ എന്ന പ്രാര്‍ത്ഥനയോടെ പരസ്പരം ആശ്വസിപ്പിച്ചു. ഇനി എന്ത്, എങ്ങനെ എന്ന ചോദ്യം വരുമ്പോള്‍ നിശ്ചലമാകുന്ന സംഭാഷണം. പക്ഷേ ഒരു സെക്കന്റിനുള്ളില്‍ ദൈവം തരും എന്ന് ആ കുടുംബത്തിലെ ആരെക്കൊണ്ടെങ്കിലും ദൈവം പറയിപ്പിക്കുമായിരുന്നു. അതില്‍ എല്ലാവരും വിശ്വസിച്ചു.

തകര്‍ന്നുവീണ സ്വപ്നങ്ങള്‍
ഒരു ഭാഗത്ത് സ്വപ്നങ്ങള്‍ ചില്ലുകൊട്ടാരംപോലെ തകരുമ്പോള്‍ മറുഭാഗത്ത് ദൈവം തരുമെന്ന വിശ്വാസം ആ കുടുംബത്തെ ഉറപ്പുള്ളതാക്കി. വീട്ടിലെ ചാച്ചന്റെയും അമ്മയുടെയും ദൈവാശ്രയം മക്കളെ മൂന്നുപേരെയും ഒരുപോലെ കൂടുതല്‍ ദൈവവിശ്വാസമുള്ളവരാക്കിത്തീര്‍ത്തു.
ആ കുടുംബത്തിന്റെ സ്വപ്നങ്ങളില്‍ ആദ്യത്തേതായിരുന്നു കുടിവെള്ളം നിന്നുപോകാത്ത കിണര്‍. വേനല്‍ക്കാലം തുടങ്ങുംമുമ്പേ കിണര്‍ വരണ്ടുപോകും. അതിന്റെ അടി മുഴുവന്‍ പാറയാണ്. വെള്ളം വറ്റുന്നതിനുമുമ്പ് അതു പൊട്ടിച്ച് കിണറിന്റെ പണി പൂര്‍ത്തിയാക്കിത്തരണമേയെന്ന് കിണറിനു ചുറ്റും നടന്ന് ജപമാല ചൊല്ലിയും ”അവിടുന്ന് മരുഭൂമിയില്‍ പാറ പിളര്‍ന്നു; അവര്‍ക്കു കുടിക്കാന്‍ ആഴത്തില്‍നിന്നു സമൃദ്ധമായി ജലം നല്‍കി. പാറയില്‍നിന്ന് അവിടുന്ന് നീര്‍ച്ചാല്‍ ഒഴുക്കി, ജലം നദിപോലെ ഒഴുകി” (സങ്കീര്‍ത്തനങ്ങള്‍ 78/15-16) എന്ന വചനം ഏറ്റുപറഞ്ഞും പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മകന്റെ ജോലി നഷ്ടമായതോടെ സ്വപ്നം, സ്വപ്നം മാത്രമായി…
വിശ്വാസത്തോടെ വീണ്ടും പ്രാര്‍ത്ഥന ശക്തമാക്കി. അങ്ങനെയിരിക്കെ നാളുകള്‍ക്കുശേഷം വിദേശത്തുനിന്നും ഒരു കുടുംബസുഹൃത്ത് ആ വഴി വന്നു. വെറും രണ്ടുമണിക്കൂര്‍ മാത്രം നീണ്ടുനിന്ന ആ സ്‌നേഹസംഭാഷണത്തിനുശേഷം വീടും പരിസരവും കണ്ട അദ്ദേഹം പോകുന്നതിനുമുമ്പ് ആ കുടുംബനാഥന്റെ കൈയില്‍ 50,000 രൂപ കൊടുത്തിട്ട് പറഞ്ഞു, കിണറിന്റെ പണി നാളെത്തന്നെ തുടങ്ങിക്കോ. ഒരു നിമിഷം നിശ്ചലമായി നിന്ന ആ കുടുംബം ദൈവത്തെ മഹത്വപ്പെടുത്തി.

നവവൈദികരുടെ പ്രാര്‍ത്ഥന ഇത്ര ശക്തമോ!
ഇല്ലായ്മയില്‍നിന്നും പുത്തനച്ചന്മാര്‍ക്ക് പുത്തന്‍ കുര്‍ബാനയ്ക്കുള്ള കാപ്പയ്ക്ക് 15,000 രൂപ കൊടുത്തപ്പോള്‍, പുത്തനച്ചന്മാരുടെ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനയുംമൂലം ഒരു കുടുംബസുഹൃത്തുവഴി ആ കുടുംബത്തില്‍ ദൈവം ഇടപെട്ടു. കണക്കറിയാത്തവനാണ് കര്‍ത്താവ് എന്നു കേട്ടിട്ടുണ്ടള്ളതുപോലെ 15,000-ത്തിനു പകരം 50,000 നല്‍കുന്ന കര്‍ത്താവിനെ അവര്‍ കാണുകയായിരുന്നു. ഇന്ന് ആ കിണറ്റില്‍ ആവശ്യത്തിലധികം വെള്ളമുണ്ട്. കൂടാതെ ആ മാതാപിതാക്കളും മൂന്ന് മക്കളും ഈശോയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച പ്രേഷിതരായി മാറി. ”ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്” (1 പത്രോസ് 5/6).
ആയതിനാല്‍ അവിടുത്തെ മുമ്പില്‍ താഴ്മയോടെ നില്‍ക്കാം. അവിടുന്ന് അനുഗ്രഹങ്ങളുടെ മഴ പെയ്യിച്ച് നമ്മുടെ ജീവിതത്തെ ധന്യമാക്കും. അവിടുന്നില്‍ ആശ്രയിക്കാം, പ്രാര്‍ത്ഥിക്കാം.

സിസ്റ്റര്‍ ജസ്റ്റീന തെരേസ് ഡി.എം