”അന്തിക്രിസ്തുവിന്റെ ഭരണകാലം സമീപിക്കുമ്പോള്‍ കപടമായ ഒരു മതം പ്രത്യക്ഷപ്പെടും. ദൈവത്തിന്റെ ഏകത്വത്തിനും അവിടുത്തെ സഭയ്ക്കും അത് എതിരായിരിക്കും. ലോകം ഒരിക്കലും ദര്‍ശിക്കാത്തവിധം ഭീകരമായ വിശ്വാസത്യാഗമുണ്ടാകും. അവസാനകാലം സമീപിക്കുംതോറും സാത്താന്റെ അന്ധകാരം ഭൂതലമെങ്ങും കൂടുതല്‍ കൂടുതല്‍ വ്യാപിക്കും. നാശത്തിന്റെ സന്തതികളുടെ എണ്ണം കൂടുകയും അതിനാനുപാതികമായി നീതിയുടെ മക്കള്‍ ചുരുക്കമാവുകയും ചെയ്യും” (സിസ്റ്റര്‍ ജിന്‍ ലേ റോയര്‍ 1731-1798).
ലോകം മുഴുവനിലും ദൈവവിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുമ്പോള്‍ പുതിയൊരു മതത്തിന്റെ ആവിര്‍ഭാവം പ്രത്യക്ഷത്തില്‍ ഒരിടത്തും കാണാനില്ല. എന്നാല്‍ കപടമായ ശാസ്ത്രത്തിന്റെയും റിലാക്‌സേഷന്‍ ടെക്‌നിക്കുകളുടെയും ഹോളിസ്റ്റിക് ചികിത്സാരീതികളുടെയും പൗരസ്ത്യ ധ്യാനരീതികളുടെയും മുഖംമൂടിയണിഞ്ഞ് എല്ലാ ജനതകളെയും വഞ്ചിച്ചുകൊണ്ട് ഒരു പുതിയ മതം ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു. വലിയ ബിസിനസ് കോര്‍പ്പറേഷനുകളുടെ നേതൃത്വത്തിലുള്ളവരും ഹോളിവുഡിലെ സെലിബ്രിറ്റീസും മുതല്‍ ഐക്യരാഷ്ട്ര സഭയുടെ അകത്തളങ്ങളിലുള്ളവര്‍വരെയാണ് ഈ പുതിയ മതത്തിന്റെ ആചാര്യന്മാരും പ്രചാരകരും.
അവര്‍ ഉപയോഗിക്കുന്ന പദാവലികളൊന്നും സാധാരണ മതജീവിതവുമായി ബന്ധപ്പെടുന്നവയല്ലാത്തതിനാല്‍ അവര്‍ ഒരു മതം പ്രചരിപ്പിക്കുകയാണെന്ന് ആര്‍ക്കും തോന്നുകയില്ല. വിദ്യാഭ്യാസം, ബിസിനസ്, വൈദ്യശാസ്ത്രം, രാഷ്ട്രീയം, സാഹിത്യം, സിനിമ എന്നീ മേഖലകളില്‍, നേരിട്ടു ബന്ധമില്ലാത്തതും എന്നാല്‍ ആന്തരികമായി ആഴമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നിരവധി സംഘടനകള്‍ മുഖേന ഇവര്‍ സകല മേഖലകളിലും ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.
എങ്ങനെ തിരിച്ചറിയാം
ഈ നവയുഗ ആധ്യാത്മികപ്രസ്ഥാനങ്ങള്‍ പൊതുവായി അറിയപ്പെടുന്നത് ന്യൂ ഏജ് മൂവ്‌മെന്റ് എന്നാണ്.
ന്യൂ ഏജ് മ്യൂസിക്, ന്യൂ ഏജ് തിങ്കിംഗ്, ന്യൂ ഏജ് മെഡിസിന്‍, ന്യൂ ഏജ് റിലീജിയന്‍ എന്നൊക്കെ നാം ധാരാളമായി കേള്‍ക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അവയെന്താണെന്ന് നാം ഗൗരവമായി ചിന്തിക്കാറില്ല. വ്യവസ്ഥാപിതമായ ദൈവസങ്കല്പങ്ങളെയും ധാര്‍മികതയെയും ലോകക്രമത്തെത്തന്നെയും തകിടം മറിച്ചുകൊണ്ടിരിക്കുന്ന കപടമായ ഒരു മതത്തിന്റെ വഞ്ചനാപരമായ പേരാണ് ന്യൂ ഏജ് മൂവ്‌മെന്റ്. ന്യൂ ഏജ് സോഷ്യോളജിസ്റ്റായ മര്‍ലിന്‍ ഫെര്‍ഗൂസണ്‍ 1980-ല്‍ പ്രസിദ്ധീകരിച്ച ”ദി അക്വേറിയന്‍ കോണ്‍സ്പിറസി” എന്ന ഗ്രന്ഥം ന്യൂ ഏജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മറനീക്കി പുറത്തുകൊണ്ടുവരുന്നുണ്ട്.
ഒരു ലോകമതം, ലോക ഗവണ്‍മെന്റ്, രാഷ്ട്രങ്ങള്‍ക്കും ദേശങ്ങള്‍ക്കും ഉപരിയായ ‘വിശ്വപൗരത്വം’ തുടങ്ങിയ സങ്കല്പങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളവയെങ്കിലും ‘കമ്യൂണിസം’ എന്ന ഉട്ടോപ്യന്‍ ആശയംപോലെതന്നെ അപ്രാപ്യമായ ഒന്നാണത്. ഭൂമിയില്‍ സ്വര്‍ഗരാജ്യം പണിയാം എന്ന സ്വപ്‌നത്തിന്റെ ചെലവില്‍ അനേകലക്ഷങ്ങള്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ശാരീരികമായി കൊല ചെയ്യപ്പെട്ടു. സ്വര്‍ഗസമാനമായ നവയുഗനിര്‍മിതിയുടെ പേരിലിന്ന് അനേകലക്ഷങ്ങളുടെ ആത്മാക്കള്‍ ന്യൂ ഏജ് പ്രസ്ഥാനംവഴി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണ് ഈ പുതിയ മതത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങള്‍ എന്നറിയുമ്പോഴാണ് ഇതിന്റെ പിന്നിലുള്ള ഗൂഢശക്തികള്‍ ആരാണെന്ന് നമുക്ക് വ്യക്തമാവുക.
പുതിയ മതത്തിന്റെ പ്രത്യേകതകള്‍
യഹൂദ-ക്രൈസ്തവ വിശ്വാസത്തിലുള്ള, മനുഷ്യരെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ഒരു ദൈവത്തെ ന്യൂ ഏജ് നിരാകരിക്കുന്നു. ക്രൈസ്തവവിശ്വാസത്തില്‍ ദൈവമാണ് എല്ലാത്തിന്റെയും കേന്ദ്രവും ഉറവിടവും. എന്നാല്‍ ന്യൂ ഏജ് ചിന്തയില്‍ മനുഷ്യനാണ് എല്ലാത്തിന്റെയും കേന്ദ്രമായി വരുന്നത്.
നവയുഗ ദര്‍ശനത്തില്‍ ഓരോ വ്യക്തിയും ദൈവമാണത്രേ. കാരണം പ്രാപഞ്ചികശക്തിയുമായി അവന്‍ ഒന്നുചേര്‍ന്നിട്ടുണ്ടെന്നും തന്നിലുള്ള ഈ അനന്തമായ ദൈവികതയെ തിരിച്ചറിഞ്ഞ് വളര്‍ത്തിയാല്‍ മതിയെന്നും ഇത് പഠിപ്പിക്കുന്നു.
(1) എല്ലാം ഒന്നാണ്. അതിനാല്‍ സകലതും ദൈവവും ആണ് (All is one; therefore all is God). ഈ അദൈ്വതസിദ്ധാന്തം തന്നെയാണ് ന്യൂ ഏജ് മതത്തിന്റെയും അടിസ്ഥാനദര്‍ശനം. ഇവിടെ ദൈവം ഒരു വ്യക്തിയല്ല, ശക്തിമാത്രം. സൃഷ്ടിയില്‍നിന്നും വ്യത്യസ്തമായ ഒരു സ്രഷ്ടാവില്ല. സൃഷ്ടി അതില്‍തന്നെ ദൈവമാണ്. അതിനാല്‍ നന്മയും തിന്മയും ജീവനും മരണവും പിശാചും ദൈവവും എല്ലാം ഒന്നാണ്. സൂര്യനും മലകളും കന്നുകാലികളും എല്ലാം ദൈവം. പിശാചിനെ ആരാധിച്ചാലും ദൈവാരാധനതന്നെ. പുനര്‍ജന്മം, ജ്യോതിഷം എല്ലാം ന്യൂ ഏജ് ആത്മീയതയുടെ അവിഭാജ്യഘടകംതന്നെ. ആകാശവും ഭൂമിയും സൃഷ്ടിച്ച സര്‍വശക്തനായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ തത്വചിന്ത നിഷിദ്ധമാണ് എന്നത് നിസംശയമാണല്ലോ.
ഞാന്‍ എന്ന ദൈവം
(2) മനുഷ്യന്‍, മറ്റെല്ലാ സൃഷ്ടികളെപ്പോലെയുംതന്നെ ദൈവത്വം ഉള്ളവനാണെന്ന് ഈ നവമതം പറയുന്നു. അവനില്‍ അനന്തമായ സാധ്യതകളും ശക്തിയും നിറഞ്ഞിരിക്കുന്നു. ഈ ന്യൂ ഏജ് ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മനുഷ്യനും പറയാം – ”ഞാന്‍ ദൈവമാണ്.” ദൈവമെന്ന നിലയില്‍ എന്റെ ശരിയും തെറ്റും ഞാനാണ് തീരുമാനിക്കേണ്ടത്. പാപം, പുണ്യം എന്നിവയൊന്നും കേവലമായ അര്‍ത്ഥത്തില്‍ പ്രസക്തങ്ങളല്ല. മനുഷ്യനില്‍ അനന്തമായ ശക്തി കുടികൊള്ളുന്നതിനാല്‍ അവന്റെ ഭാവി അവനുതന്നെ രൂപപ്പെടുത്താം. അവന്റെ സ്വപ്‌നവും ചിന്തയും ഭാവനയും അതിനനുസരിച്ച് ക്രമപ്പെടുത്തിയാല്‍ മതി. അവന്‍ എന്താഗ്രഹിച്ചാലും അവന് അതായിത്തീരാന്‍ കഴിയും. ഓരോ വ്യക്തിയിലും ദൈവത്വമുള്ളതിനാലും അവനവന്‍തന്നെ സ്വന്തം ലോകത്തെ സൃഷ്ടിക്കുന്നതിനാലും മനുഷ്യന്‍ യാതൊരു നിയമത്തിനും കീഴിലല്ല – തന്നോടുതന്നെയല്ലാതെ മറ്റാരോടും അവന്‍ അവന്റെ ജീവിതത്തെക്കുറിച്ച് ഉത്തരം കൊടുക്കേണ്ടതുമില്ല. ശരിയും തെറ്റും എല്ലാം നിര്‍വചിക്കേണ്ടത് അവനവന്‍തന്നെ എന്ന തെറ്റായ പഠനം ഇതു നല്കുന്നു.
(3) മനുഷ്യവംശത്തിന്റെ അടിസ്ഥാനപ്രശ്‌നം അവന്റെ ‘ദൈവത്വ’ത്തെക്കുറിച്ചുള്ള അജ്ഞതയും സൃഷ്ടപ്രപഞ്ചത്തെയും താനുമായുള്ള ഒരുമയെക്കുറിച്ചുള്ള ബോധ്യമില്ലായ്മയുമാണെന്നാണ് ഇവരുടെ ചിന്ത. പാപമല്ല മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. അതിനാല്‍ ‘ബോധോദയം’ വഴി അജ്ഞത ദുരീകരിച്ചാല്‍ മനുഷ്യന് പരിപൂര്‍ണതയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയും. ഈ ആന്തരിക നവോത്ഥാനത്തിലൂടെ രൂപാന്തരീകരിക്കപ്പെട്ട വ്യക്തികളുടെ വ്യാപനത്തിലൂടെ പുതിയൊരു ലോകം കെട്ടിപ്പടുക്കാന്‍ സാധിക്കും എന്ന മിഥ്യാധാരണ ഇവര്‍ നല്കുന്നു.
കെണിയിലാക്കുന്ന തന്ത്രങ്ങള്‍
(4) ഈ നവയുഗ ആത്മീയ നവോത്ഥാനത്തില്‍ ചില ടെക്‌നിക്കുകളും ഉണ്ട്- വിവിധ യോഗാ ടെക്‌നിക്കുകള്‍, ഹിപ്‌നോട്ടിസ്, സെല്‍ഫ് ഹിപ്‌നോട്ടിസ്, സൈക്കോ ഡ്രാമാ, മന്ത്രോച്ചാരണം, ബയോഫീഡ്ബാക്ക്, സെന്‍സറി ഓവര്‍ലോഡ് (റോക്ക്-മെറ്റല്‍ മ്യൂസിക് പോലുള്ളവ), ഇന്‍ഡ്യൂസീവ് സെന്‍സറി ഐസോലേഷന്‍ (മനസിനെ ശൂന്യവല്‍ക്കരിക്കാനുള്ള ടെക്‌നിക്ക്), നിയന്ത്രണ രഹിതമായ ഡാന്‍സ് പ്രോഗ്രാമുകള്‍, മന്ത്രവിദ്യകള്‍, ഹ്യൂമന്‍ പൊട്ടന്‍ഷ്യല്‍ സെമിനാര്‍സ്, സില്‍വാ മൈന്‍ഡ് കണ്‍ട്രോള്‍, റീബെര്‍ത്ത് തെറാപ്പി, അതീന്ദ്രിയധ്യാനം, തിയോസഫി, ഫ്രീമേസണ്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള ജീവിതം തുടങ്ങിയവ.
കൃത്രിമമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഉറക്കം നിഷേധിക്കുക, ഡബ്ല്യുഎസ്ഡി പോലുള്ള മയക്കുമരുന്നുകള്‍, ഭൂതാവേശിതരായ മീഡിയാസിന്റെ സഹായം തേടല്‍, ജനിച്ചു വളര്‍ന്ന സാഹചര്യം മനസില്‍ സൃഷ്ടിച്ചിരിക്കുന്ന ധാര്‍മിക സങ്കല്പങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ബോധപൂര്‍വം ചെയ്യുക തുടങ്ങിയവയും ചിലര്‍ അനുവര്‍ത്തിക്കുന്നു.
(5) പാപ-പുണ്യ-ദൈവികനിയമങ്ങളുടെ ബന്ധനത്തില്‍നിന്ന് വിമോചിതരായ വ്യക്തികളുടെ എണ്ണം വര്‍ധിക്കുന്നതിലൂടെ ഒരു ‘വിശ്വപരിവര്‍ത്തനം’ സംഭവിക്കും. അങ്ങനെയുണ്ടാകുന്ന സുവര്‍ണയുഗത്തില്‍ ‘ദൈവങ്ങള്‍’മാത്രം ജീവിക്കുന്ന ആ ലോകത്തില്‍ ഒരു ഗവണ്‍മെന്റ്, ഒരു മതം, ഒരു കറന്‍സി, ഒരു മനസ്, ഒരു ചിന്ത ഇവമാത്രമേ ഉണ്ടാവുകയുള്ളൂ എന്ന തെറ്റായ ധാരണയും ഇവര്‍ വളര്‍ത്തുന്നു.
ന്യൂ ഏജ് ചിന്തകള്‍ പഠിക്കുന്ന ഏതൊരു സാധാരണ ക്രൈസ്തവ വിശ്വാസിക്കും ഒരു കാര്യം വ്യക്തമാകും. ഇതില്‍ പുതിയതായി ഒന്നുമില്ല. ഉല്‍പത്തിപുസ്തകത്തിലെ പിശാചിന്റെ വഞ്ചനാപരമായ ആ പഴയ ഉപദേശം തന്നെയാണ് ന്യൂ ഏജ് ഫിലോസഫി.
ഷെവലിയര്‍ ബെന്നി പുന്നത്തറ
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘കാലത്തിന്റെ അടയാളങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍നിന്ന്)