സാമ്പത്തികശാപങ്ങളില്‍നിന്ന് മോചനം – Shalom Times Shalom Times |
Welcome to Shalom Times

സാമ്പത്തികശാപങ്ങളില്‍നിന്ന് മോചനം

ജീവിതത്തില്‍ വേദനകളും പ്രശ്‌നങ്ങളും രോഗങ്ങളും ഇല്ലാത്തവരില്ല. എന്നാല്‍ ജീവിതത്തിന്റെ എല്ലാ വേദനകളുടെയും പിന്നില്‍ ശാപമാണെന്ന് കരുതരുത്. അത് വലിയ ബന്ധനവും അപകടവുമായി മാറും.
പ്രശ്‌നങ്ങളുടെ വ്യക്തിപരവും സാമൂഹ്യപരവുമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ എല്ലാം ശാപമാണെന്ന് പറഞ്ഞ് നിരുന്മേഷരാകുന്നത് ഉചിതമല്ലല്ലോ. എന്നാല്‍ നമ്മുടെ ഭാഗത്തുനിന്നുള്ള നിരന്തരപരിശ്രമങ്ങള്‍ക്കുശേഷവും ഒന്നിലും വിജയം കണ്ടെത്താനാകാതെ വരുമ്പോള്‍ അതിന്റെ പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കുടുംബത്തിന്റെ എല്ലാ തായ്‌വഴികളിലും തലമുറകളിലും ഒരേ പ്രശ്‌നങ്ങളും രോഗങ്ങളും പ്രകടമാകുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ശാപബന്ധനങ്ങള്‍ കണ്ടേക്കാം. ”നീതിരഹിതമായ നേട്ടം ആഗ്രഹിക്കുന്നവന്‍ സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു” (സുഭാഷിതങ്ങള്‍ 15/27). എങ്ങനെയാണ് ഇതില്‍നിന്ന് മോചനം നേടുക?

നമ്മുടെ ജീവിതം ശാപഗ്രസ്തമാകുന്നതിന്റെ അടിസ്ഥാനകാരണം ദൈവകല്പനകള്‍ ലംഘിക്കപ്പെടുന്നു എന്നതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെട്ടാല്‍ എല്ലാവിധ രോഗങ്ങളും രോഗാണുക്കളും നമ്മെ ആക്രമിച്ച് കീഴടക്കിയേക്കാം. ഇതുപോലെ ദൈവകല്പനകളുടെ ലംഘനംവഴി ദൈവകൃപയുടെ സംരക്ഷണം നാം നിരാകരിക്കുമ്പോള്‍ പൈശാചികശക്തികളും പ്രകൃതിശക്തികളുമെല്ലാം നമ്മെ കീഴടക്കുന്നു. പ്രകൃതിശക്തികളുടെ മുമ്പില്‍ നാം നിസ്സഹായരായിത്തീരുന്നു. ജീവിക്കാനായി ദൈവം നല്കിയ കല്പനകള്‍ നമ്മളും കുടുംബവും ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് തിരുത്തുകയും മാപ്പ് ചോദിക്കുകയുമാണ് ശാപമോചനത്തിനുള്ള ആദ്യത്തെ പടി.

സാമ്പത്തികമേഖലയിലെ ശാപകാരണങ്ങള്‍
സഹോദരീസഹോദരന്‍മാര്‍ക്ക് അര്‍ഹതപ്പെട്ട സ്വത്ത് വഞ്ചനാപരമായി കൈക്കലാക്കുക.
അയല്‍പക്കംകാരുമായുള്ള ഭൂമിയുടെ അതിര്‍ത്തികളില്‍ കൈയേറ്റം നടത്തുക.
അന്യായപ്പലിശവഴി മറ്റുള്ളവരുടെ നിസ്സഹായതയില്‍ അവരെ ചൂഷണം ചെയ്യുക, കണക്കുകളില്‍ കൃത്രിമം കാണിച്ച് മറ്റുള്ളവരെ വഞ്ചിക്കുക.
കടം വാങ്ങിയത് തിരികെ കൊടുക്കാതിരിക്കുക, കൈക്കൂലി, മോഷണം, കൊള്ള, പിടിച്ചുപറി, ജോലിക്കാര്‍ക്ക് അര്‍ഹമായ വേതനം നല്കാതെ അവരെ ചൂഷണം ചെയ്യുക.
പെണ്‍മക്കള്‍ക്ക് സ്ത്രീധനം വാഗ്ദാനം ചെയ്തിട്ടും മനഃപൂര്‍വം കൊടുക്കാതിരിക്കുക, കുടുംബസ്വത്ത് ധാരാളമുണ്ടായിട്ടും പെണ്‍മക്കളെ അവകാശമൊന്നും കൊടുക്കാതെ ഇറക്കിവിടുക.
ചൂതുകളി, മദ്യവില്പന, വ്യഭിചാരം തുടങ്ങിയഅധാര്‍മികമാര്‍ഗങ്ങളിലൂടെ സമ്പത്ത് നേടുക.
വാങ്ങുന്ന ശമ്പളത്തിന് ആനുപാതികമായി ജോലി ചെയ്യാതിരിക്കുക, നമ്മുടെ ഉത്തരവാദിത്വമില്ലായ്മമൂലം നാടിനോ ജോലി ചെയ്യുന്ന സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ സാമ്പത്തികനഷ്ടം ഉണ്ടാക്കുക.
സാമ്പത്തിക ഐശ്വര്യത്തിനുവേണ്ടി സാത്താന്യശക്തികളെ ആരാധിക്കുക, മറ്റുള്ളവര്‍ നശിക്കാന്‍വേണ്ടി പൈശാചികമായ ആരാധനകളും പൂജാവിധികളും നടത്തുക തുടങ്ങിയവയും നമ്മുടെ കുടുംബത്തില്‍ ശാപബന്ധനങ്ങള്‍ സൃഷ്ടിക്കാം.

ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നമ്മളോ മാതാപിതാക്കളോ പൂര്‍വികരോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പരിണതഫലമായി സമ്പത്തുമായി ബന്ധപ്പെട്ട നിരന്തരമായ പ്രശ്‌നങ്ങളും തകര്‍ച്ചകളും കുടുംബത്തില്‍ ഉണ്ടാകാം. ”ധനത്തെ ആശ്രയിക്കുന്നവന്‍ കൊഴിഞ്ഞുവീഴും” എന്ന് സുഭാഷിതങ്ങള്‍ 11/28-ല്‍ പറയുന്നു.
ഒരു വിത്ത് മുളച്ചാല്‍ ഉടനെ ഫലം കിട്ടില്ല. ചെടിയുടെ സ്വഭാവമനുസരിച്ച് പല വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അത് ഫലം പുറപ്പെടുവിച്ച് തുടങ്ങുക. ഇതുപോലെ പാപത്തിന്റെ വിത്തും പാപത്തിന്റെ സ്വഭാവമനുസരിച്ച് പല കാലയളവുകള്‍ക്കുശേഷമാണ് അതിന്റെ ഫലമായ ദുരന്തങ്ങളും തകര്‍ച്ചയും പുറപ്പെടുവിച്ച് തുടങ്ങുക. ചിലപ്പോള്‍ അടുത്ത തലമുറകള്‍വരെ ആ കാലയളവ് നീളാം. പക്ഷേ എത്ര വൈകിയാലും പാപത്തിന്റെ പരിണതഫലം അനുഭവിക്കാതെ തരമില്ല.

ഇത്തരത്തിലുള്ള നമ്മുടെയോ പൂര്‍വികരുടെയോ പ്രവര്‍ത്തനങ്ങളും നമ്മുടെ പുരോഗതിക്ക് വിലങ്ങുതടിയായി നില്‍ക്കുന്നുണ്ടാകാം. ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനും മുന്നോട്ട് പോകാനുമുള്ള ബദ്ധപ്പാടില്‍ ന്യായാന്യായങ്ങള്‍ നോക്കാതെ നമ്മളും കുടുംബവും ചെയ്ത ഇത്തരം തെറ്റുകള്‍ തിരിച്ചറിയാനായി ദൈവാത്മാവിന്റെ പ്രകാശം നമുക്ക് ആവശ്യമായിരിക്കുന്നു. അതിനാല്‍ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനാരൂപിയുമായി നാം ദൈവസന്നിധിയില്‍ കടന്നുവരണം. ”കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്‌നേഹനിധിയും ആണ്” (സങ്കീര്‍ത്തനങ്ങള്‍ 103/8). അതിനാല്‍ ഇപ്പോള്‍ത്തന്നെ ഹൃദയം ദൈവസന്നിധിയിലേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിക്കുക.

കര്‍ത്താവായ ദൈവമേ, അങ്ങയുടെ അനുഗ്രഹം സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ ഞാനും കുടുംബവും അവിടുത്തെ തിരുസന്നിധിയില്‍ പലവിധ തിന്മകള്‍ പ്രവര്‍ത്തിച്ചുപോയി. ഞങ്ങളോട് കരുണയുണ്ടാകണമേ. അങ്ങയുടെ കൃപയെ തടയുന്ന ‘ബ്ലോക്കുകള്‍’ വെളിപ്പെടുത്തിത്തന്നാലും. ഐശ്വര്യപ്പെടാനായി അവിടുന്ന് നല്കിയ കല്പനകള്‍ അറിഞ്ഞും അറിയാതെയും ലംഘിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ ഏറ്റുപറയുന്നു. ഞങ്ങളുടെ കണ്ണുനീരും ദുഃഖങ്ങളും നിസ്സഹായതയുമായി ഞങ്ങളിതാ അവിടുത്തെ തിരുമുമ്പില്‍ നില്‍ക്കുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനുവേണ്ടിയും പൂര്‍വികര്‍ക്കുവേണ്ടിയും ഞങ്ങള്‍ അങ്ങയുടെ കരുണ തേടുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ പാപങ്ങള്‍ ക്ഷമിച്ച് വീണ്ടും അങ്ങയുടെ കൃപയുടെ വഴികളിലൂടെ ഞങ്ങളെ നടത്തിയാലും…. ആമ്മേന്‍.

ബെന്നി പുന്നത്തറ
(സാമ്പത്തികപുരോഗതിയുടെ സുവിശേഷം എന്ന ഗ്രന്ഥത്തില്‍നിന്ന്)