ബൈബിളിന്റെ അച്ചടിച്ച കോപ്പിയോ മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ഒക്കെ ഉള്ള സോഫ്റ്റ് കോപ്പിയോ ഇല്ലാതെതന്നെ നമ്മുടെ കൈവെള്ളയില്‍ സുവിശേഷം കൊണ്ടുനടക്കാനാവും. ഇങ്ങനെ പറയുന്നത് വേറാരുമല്ല, വിശുദ്ധ മദര്‍ തെരേസ.
Five finger gospel അഥവാ അഞ്ച് വിരല്‍ സുവിശേഷമെന്നാണ് മദര്‍ അതിനെ വിളിക്കുന്നത്. തന്റെ സഹസന്യാസിനിമാരോട് നിരന്തരം പറയാറുള്ള കാര്യമായിരുന്നു ഈ ഫൈവ് ഫിംഗര്‍ ഗോസ്പല്‍. നമ്മുടെ അഞ്ച് കൈവിരലുകളില്‍ സുവിശേഷം കൊണ്ടുനടക്കുക. എങ്ങനെയാണെന്നല്ലേ?
”എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25/40) എന്ന വചനം പ്രാവര്‍ത്തികമാക്കണം. അപ്രകാരം, ‘നിങ്ങള്‍ ഇത് എനിക്കുതന്നെയാണ് ചെയ്തുതന്നത്’ എന്ന വചനം ഇംഗ്ലീഷില്‍ You Did It to Me എന്നാണല്ലോ. ഈ അഞ്ച് വാക്കുകള്‍ അഞ്ച് വിരലുകളിലാക്കിയതാണ് മദര്‍ പറയുന്ന അഞ്ചുവിരല്‍ സുവിശേഷം.
അന്ത്യവിധി എപ്രകാരം ആയിരിക്കുമെന്ന് ഈശോ ഉപമയിലൂടെ പഠിപ്പിക്കുന്ന ഭാഗമാണ് ഇത്. ഈശോയുടെ നാമത്തില്‍ കാരുണ്യ പ്രവൃത്തികള്‍ ചെയ്യാനുള്ള ആഹ്വാനമാണ് ഈ സുവിശേഷഭാഗം തരുന്നത്. ഈശോയോടുള്ള സ്‌നേഹത്തെപ്രതി ചെയ്യേണ്ട കാരുണ്യ പ്രവൃത്തികള്‍ ചെയ്യാതിരുന്നാല്‍ അതെല്ലാം എന്റെ അന്ത്യവിധിയില്‍ നിര്‍ണ്ണായകമാകും, ഓര്‍ത്തുകൊള്‍ക.
ആകയാല്‍, വിശുദ്ധ മദര്‍ തെരേസയും വിശുദ്ധ വിന്‍സെന്റ് ഡി പോളും വിശുദ്ധ ഡാമിയനുമെല്ലാം ജീവിച്ച് കാണിച്ചുതന്ന മാതൃക സ്വീകരിക്കാന്‍ ഹൃദയങ്ങളെ ഒരുക്കാം. ഈശോയുടെ നാമത്തില്‍ കാരുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കാന്‍ ശ്രമിക്കുന്നവരാവാം.
അഞ്ച് വിരല്‍ സുവിശേഷം ജീവിക്കാനാകട്ടെ, എനിക്കും നിങ്ങള്‍ക്കും.
ഫാ. ജോസഫ് അലക്‌സ്