ഭാവി പ്രവചിച്ച ബൈബിള്‍ വചനങ്ങള്‍ – Shalom Times Shalom Times |
Welcome to Shalom Times

ഭാവി പ്രവചിച്ച ബൈബിള്‍ വചനങ്ങള്‍

2017 ജൂണ്‍ മാസം. പഠന കാലഘട്ടം അവസാനിച്ച്, ഇനിയെന്ത് എന്നുള്ള ചോദ്യവുമായാണ് മൂന്നുദിവസത്തെ പരിശുദ്ധാത്മാഭിഷേക ധ്യാനത്തിന് എത്തിയത്. മുന്‍പ് പങ്കെടുത്തിട്ടുള്ള ആന്തരികസൗഖ്യധ്യാനങ്ങളില്‍ നിന്നും ലഭിച്ച ആത്മീയ സന്തോഷത്തിനൊപ്പം ഭാഷാവരമോ മറ്റെന്തെങ്കിലും വ്യത്യസ്തമായ പരിശുദ്ധാത്മ അനുഭവമോ കൊതിച്ചാണ് ഇത്തവണ ധ്യാനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. വീട്ടുകാരോ കൂട്ടുകാരോ ഇല്ലാതെ ഞാനും ഈശോയും മാത്രമുള്ള കുറച്ചു ദിവസങ്ങളായിരുന്നു ആഗ്രഹം. മൊബൈല്‍ ഫോണ്‍ ഓഫാക്കി ധ്യാനകേന്ദ്രത്തില്‍ ഏല്പിച്ചു, ധ്യാനത്തില്‍ നിശബ്ദത പാലിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

ഈശോ തൊട്ടപ്പോള്‍!!
അടുത്ത ദിവസത്തെ ഒരു സെഷന്‍ നയിച്ചിരുന്ന ബ്രദര്‍ വചനം പങ്കുവയ്ക്കുന്നതിനിടയില്‍ ഈശോ ഇന്ന ഇന്ന വ്യക്തികളെ തൊടുന്നു എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ശേഷം, അനുഭവം കിട്ടിയവര്‍ കൈ ഉയര്‍ത്തി, എല്ലാവരും ഒരുമിച്ച് സ്തുതിച്ചു. വിളിച്ച പേരുകളില്‍ ഒന്ന് ട്രീസ എന്ന എന്റെ പേരായിരുന്നു. എന്നാല്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാഞ്ഞതിനാല്‍, മറ്റേതോ ട്രീസയെ ആണ് എന്ന് കരുതി ഞാനും സ്തുതിപ്പ് തുടര്‍ന്നു. അപ്പോളാണ് ബ്രദര്‍ വീണ്ടും പറയുന്നത് ഈശോ തൊടുന്നത് ചിലര്‍ക്ക് മനസിലായില്ല, നമുക്ക് ഒരിക്കല്‍ക്കൂടി സ്തുതിക്കാമെന്ന്. വീണ്ടും സ്തുതിപ്പ് തുടങ്ങിയതും ഒരു വിറയല്‍ എന്റെ ശരീരത്തിലൂടെ പാഞ്ഞുപോയപോലെ എനിക്ക് തോന്നി. എന്റെ വയറിലൊക്കെ പൂമ്പാറ്റകള്‍ പറന്നതുപോലെ ഒരു ‘ഫീല്‍.’ പക്ഷേ ഈശോ ട്രീസയെ തൊടുന്നു എന്ന് ബ്രദര്‍ പറഞ്ഞിട്ടും ഞാന്‍ കൈ ഉയര്‍ത്തിയില്ല. എല്ലാവരും എന്നെ നോക്കുമല്ലോ എന്ന ചിന്ത പെട്ടെന്ന് എന്നെ തളര്‍ത്തിക്കളഞ്ഞു.

ഏറെ നാളായി ഞാന്‍ കാത്തിരുന്ന സന്തോഷം തേടിയെത്തിയിട്ടും, ഒന്ന് കൈയുയര്‍ത്തി ഈശോയ്ക്കു സാക്ഷ്യം കൊടുക്കാതെ, പകരം തള്ളിപ്പറഞ്ഞ പോലായല്ലോ എന്ന കുറ്റബോധം മനസ്സില്‍ നിറഞ്ഞു. ”നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്” (2 തിമോത്തേയോസ് 1/8) എന്നാണല്ലോ വചനം ഓര്‍മ്മിപ്പിക്കുന്നത്. ധ്യാനം തുടര്‍ന്നപ്പോള്‍, ഈശോയ്ക്ക് എന്നെ അറിയാമല്ലോ, ഈശോ ക്ഷമിച്ചോളും എന്ന് ചിന്തിച്ച് മനസിന്റെ ഭാരം ഞാന്‍ സ്വയമേ കുറയ്ക്കാന്‍ ശ്രമിച്ചു.

ഭാവികാര്യങ്ങള്‍ പറയുമെന്ന പ്രതീക്ഷയോടെ…
കൗണ്‍സലിംഗ് ആയിരുന്നു അടുത്തത്. പഠനം കഴിഞ്ഞ എന്നെ അലട്ടുന്ന എന്റെ ഭാവികാര്യങ്ങള്‍ ഈശോ കൗണ്‍സിലറിലൂടെ പറയുമെന്ന അമിതപ്രതീക്ഷയോടെ ഞാന്‍ ചെന്നു. കുറച്ചു വര്‍ത്തമാനങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം കൗണ്‍സലിംഗ് നടത്തുന്ന ചേട്ടന്‍ ബൈബിള്‍ തുറന്നെടുത്ത് വായിക്കാന്‍ എന്നെ ഏല്പിച്ചു. നിയമാവര്‍ത്തനം 1/29-33 വരെ ഞാന്‍ വായിച്ചു നിര്‍ത്തി. ബൈബിള്‍ തിരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം വീണ്ടും ആ വചനങ്ങള്‍ എനിക്കായി വായിച്ചു.

”…നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നത് മരുഭൂമിയില്‍വച്ച് നിങ്ങള്‍ കണ്ടതാണല്ലോ. നിങ്ങള്‍ക്ക് കൂടാരമടിക്കുന്നതിന് സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്ന് നിങ്ങള്‍ക്കു മുന്‍പേ നടന്നിരുന്നു. നിങ്ങള്‍ക്കു വഴി കാട്ടുവാനായി അവിടുന്നു രാത്രി അഗ്‌നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുന്‍പേ സഞ്ചരിച്ചിരുന്നു.”
കര്‍ത്താവിന്റെ കരങ്ങളില്‍ സുരക്ഷിതമായ, എന്റെ ഭാവിയെപ്പറ്റിയുള്ള അനാവശ്യമായ ഉത്കണ്ഠ ഞാന്‍ അവിടെ ഉപേക്ഷിച്ചു, നിറഞ്ഞ മനസോടെ ഞാന്‍ ധ്യാനം തുടര്‍ന്നു.

ഈശോയുടെ നാമത്തില്‍ പേഴ്‌സ് തുറന്നപ്പോള്‍…
പിറ്റേന്ന് ധ്യാനം തീരും! വീണ്ടും ജീവിതയഥാര്‍ഥ്യങ്ങളിലേക്ക് തിരികെ പോകണം. എനിക്ക് വഴി കാണിക്കുവാന്‍ ഈശോ കൂടെത്തന്നെ ഉണ്ടല്ലോ എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് വൈകിട്ടത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് നേര്‍ച്ച ഇടാനുള്ള പൈസയ്ക്കായി പേഴ്‌സ് തുറന്നത്. ഈശോയ്ക്കു വേണ്ടിയോ ഈശോയുടെ നാമത്തിലോ കൊടുക്കുന്നതും ചെയ്യുന്നതും ഒന്നും ഒരിക്കലും വെറുതെ ആവില്ല എന്ന ബോധ്യം കിട്ടിയത് കൊണ്ടാണോ അതോ പരിശുദ്ധാത്മാവിന്റെ പ്രേരണയാലാണോ എന്നറിയില്ല വണ്ടിക്കൂലിക്ക് ഉള്ള 100 രൂപ മാത്രം വച്ചു, പേഴ്‌സില്‍ ബാക്കി ഉണ്ടായിരുന്ന 500 രൂപ ഞാന്‍ നേര്‍ച്ചയിടാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ ആദ്യമായാണ് അത്രയും വലിയൊരു തുക ഞാന്‍ നേര്‍ച്ചയിടാന്‍ എടുക്കുന്നത്.

സന്ധ്യക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന. കുമ്പസാരിച്ച് ഒരുങ്ങി ഭക്തിയോടെ പ്രാര്‍ത്ഥനയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. നേര്‍ച്ച ഇടാനുള്ള പാത്രം അടുത്തെത്തിയപ്പോള്‍ പൂര്‍ണ്ണ മനസോടെ ഞാന്‍ ആ തുക പാത്രത്തിലിട്ടു. ആ നിമിഷം! എനിക്കിപ്പോഴും അത് ഓര്‍മയുണ്ട്. വിവരിക്കാനാവാത്ത ഒരു സന്തോഷം എന്നെ പൊതിഞ്ഞു. എന്റെ ഹൃദയം നിറഞ്ഞു. അങ്ങനൊരു അനുഭവം എനിക്കതുവരെ അന്യമായിരുന്നു. വിശുദ്ധ കുര്‍ബാന തുടര്‍ന്നപ്പോഴും ബാക്കി ധ്യാനത്തിലുമൊക്കെ സംതൃപ്തയായി ഞാനിരുന്നു. പിറ്റേന്ന് രാവിലത്തെ വിശുദ്ധ കുര്‍ബാനയോടെ ധ്യാനം സമാപിച്ചു.

രോഗസൗഖ്യങ്ങളോ ഭാഷാവരമോ തിരുവോസ്തിയില്‍ ഈശോയുടെ രൂപമോ ഒക്കെമാത്രം പ്രതീക്ഷിച്ച് ധ്യാനത്തിന് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് അന്ന് മനസിലായി. എപ്പോഴും കൂടെ ഉള്ള ഈശോയെ നമ്മള്‍ തീരെ മനസിലാക്കുന്നില്ല എന്ന് കാണുമ്പോള്‍ ചില തിരിച്ചറിവുകള്‍ അവിടുന്ന് നമുക്ക് തരും. അത് ഏത് വഴിയിലൂടെയും ആകാം. നിയമാവര്‍ത്തനം 1/29-33 വരെയുള്ള ആ ബൈബിള്‍ വചനങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുന്നതോ എഴുതുന്നതോ പിന്നീടുള്ള ജീവിതത്തിലെ എല്ലാ പ്രയാസഘട്ടങ്ങളിലും എനിക്ക് ധൈര്യം പകരാന്‍ തുടങ്ങി.

അമ്പരപ്പിച്ച ഫോണ്‍വിളി
അന്ന്, മൂന്ന് ദിവസത്തിന് ശേഷം തിരികെ കിട്ടിയ, മൊബൈല്‍ ഫോണ്‍ ഓണാക്കിയതേ വീട്ടില്‍നിന്ന് അമ്മയുടെ വിളി വന്നു. മുന്‍പ് എന്നോ അപേക്ഷ നല്കി ഇട്ടിരുന്ന ജോലി ഒഴിവിലേക്ക് താത്കാലിക നിയമനം അറിയിച്ച് വിളിച്ചിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ജോയിന്‍ ചെയ്യണം. എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ രണ്ടാമതായി കൊടുത്ത അമ്മയുടെ ഫോണിലേക്ക് ഓഫീസില്‍നിന്നും വിളിച്ചു എന്ന്.

സന്തോഷവും അമ്പരപ്പും അടങ്ങിയപ്പോള്‍ ഓഫീസിലേക്ക് തിരിച്ചു വിളിച്ചു വരാമെന്നറിയിച്ചു. നേരെ ഓഫീസില്‍ പോയി, അപ്പോയിന്റ്‌മെന്റ് ഓര്‍ഡറും വാങ്ങിയാണ് അന്ന് ആ ധ്യാനം കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയത്. താത്കാലിക നിയമനം ആയിരുന്നതിനാല്‍ ശമ്പളം മാസാമാസം ലഭിക്കാതെ ഒരുമിച്ചാണ് അക്കൗണ്ടില്‍ വന്നത്. ആദ്യമായി എനിക്ക് കിട്ടിയ തുക 50,000 രൂപയിലധികം ഉണ്ടായിരുന്നു, എന്റെ ഈശോയ്ക്ക് നന്ദി.
തിരുവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുകയായിരുന്നു എന്റെ ജീവിതത്തില്‍, ”കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും” (ലൂക്കാ 6/38).

ട്രീസ ടോം റ്റി.