കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് വിരമിച്ച് പോകുന്ന അധ്യാപികക്ക് ചില വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ യാത്രയയപ്പിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ വേദന തോന്നി. പ്രതീകാത്മക കുഴിമാടം ഒരുക്കി അതില്‍ റീത്ത് വച്ചാണത്രേ അവര്‍ അധ്യാപികയെ യാത്രയാക്കിയത്. ഈ വിദ്യാര്‍ത്ഥികളുടെ പ്രവൃത്തിയെ art installation എന്ന് വിശേഷിപ്പിക്കാനും ആളുണ്ടായി.
നന്നായി എഴുതാന്‍ കഴിയുന്നവരുണ്ട്… പാടാന്‍… പ്രസംഗിക്കാന്‍… അഭിനയിക്കാന്‍… സംവിധാനം ചെയ്യാന്‍… എടുത്ത് ഉപയോഗിക്കുംതോറും പെരുകി വരികയേ ഉള്ളൂ കഴിവുകള്‍, തേഞ്ഞുപോകില്ലെന്നുറപ്പാണ്. എന്നിട്ടും ചിലരൊക്കെ തങ്ങളുടെ കഴിവുകള്‍ കൊണ്ട് art installation നടത്തുന്നത് നാരകീയ ശക്തികളുടെയും നെഗറ്റിവിറ്റികളുടെയും പ്രചാരകരാകാന്‍ വേണ്ടിയാണ്, അധ്യാപികക്ക് കുഴിമാടം ഒരുക്കാനാണ്.
എന്നാല്‍ ഇവിടെ പരിശുദ്ധ മറിയത്തെ ധ്യാനിക്കണം. സ്വര്‍ഗരാജ്യത്തിന്റെ ഏറ്റവും വലിയ അലങ്കാരകാരണം ആയിരുന്നു പരിശുദ്ധ കന്യകാമറിയം. കറകളഞ്ഞ ദൈവഭക്തികൊണ്ട്, വിനയം കൊണ്ട്, സഹന കാലങ്ങളിലെ മൗനം കൊണ്ട്, വിശുദ്ധി കൊണ്ട്, ദൈവമാതൃസ്ഥാനം വഹിക്കാന്‍ അവള്‍ തന്നെത്തന്നെ ഒരുക്കി ഉപകരണമായി സമര്‍പ്പിച്ചു.
സ്വര്‍ഗം ഇന്നും തേടുന്നുണ്ട്, എഴുതിയോ വരച്ചോ പാടിയോ പ്രസംഗിച്ചോ നൃത്തം ചെയ്‌തോ റീലുകള്‍ ചെയ്‌തോ സ്റ്റാറ്റസ് ഇട്ടോ ഒക്കെ സ്വര്‍ഗത്തിന്റെ പ്രചാരകരാകുവാന്‍ സ്വയം സമര്‍പ്പിക്കുന്ന ഉപകരണങ്ങളെ. ഏതൊരു ദുര്‍ബലനും തന്റെ ചെറിയ കഴിവുകളെ വിട്ടു കൊടുത്തു കൊണ്ട് ദൈവകൃപയുടെ വാതില്‍ അനേകര്‍ക്കായി തുറക്കാന്‍ കഴിയും.
പരിചയമുള്ള ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് ദൈവാലയത്തിലെ 13 മണി ആരാധനയ്ക്കു വേണ്ടി അവിടുത്തെ ജീസസ് യൂത്തിലെ ചെറുപ്പക്കാര്‍ അള്‍ത്താരയിലൊരുക്കിയ മാലാഖച്ചിറകുകള്‍, പെസഹാ വ്യാഴാഴ്ചത്തെ ദിവ്യകാരുണ്യ ആരാധനയ്ക്കായി ദിവ്യകാരുണ്യത്തിനുചുറ്റും തീര്‍ത്ത മുള്‍മുടി എന്നിവയും art installations ആയിരുന്നു. ഇവിടെ ഇങ്ങനെയും കലാപരമായ കഴിവുകള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാരുണ്ട്, സ്വര്‍ഗരാജ്യത്തിന്റെ താരപ്രചാരകര്‍.
ഫേസ് ബുക്ക് പേജുകളെ, ടൈം ലൈനുകളെ, സ്റ്റാറ്റസുകളെ, റീലുകളെ, വാട്ട്‌സാപ്പ് സ്റ്റാറ്റസുകളെ എല്ലാം… പരിശുദ്ധ അമ്മേ, അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്നു. അവയെല്ലാം സ്വര്‍ഗരാജ്യത്തിന്റെ കൃപയുടെ വാതിലുകളാകട്ടെ.
ജോയ് മാത്യു പ്ലാത്തറ