ചില ദുശ്ശീലങ്ങളെ എങ്ങനെയാണ് അവന്‍ അതിജീവിച്ചതെന്ന് ഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് എന്നോട് പങ്കുവച്ചു. ഈശോയെ അടുത്തനുഗമിച്ച് തുടങ്ങിയെങ്കിലും, ചില പ്രലോഭനങ്ങളില്‍ അവന്‍ തുടരെത്തുടരെ വീണ് പോകുമായിരുന്നു??
അവസാനം, അവന്‍ കണ്ട് പിടിച്ചു, ഒരു ടെക്ക്‌നിക്ക്.
പ്രലോഭനങ്ങളില്‍ ആകര്‍ഷിതനായി തുടങ്ങുമ്പോ തന്നെ അവന്‍ മനസ്സില്‍ ഉരുവിട്ട് തുടങ്ങും, Jesus, I love You എന്ന്. ആദ്യമൊക്കെ പ്രലോഭനങ്ങളില്‍ വീണ് പോകുമായിരുന്നു. എന്നിരുന്നാലും, സ്‌നേഹമന്ത്രം മറന്നില്ല Jesus, I love You…
പതിയെ പതിയെ അവന്റെ ഹൃദയം മാറി. മുമ്പ് ആകര്‍ഷണമായി തോന്നിയിരുന്ന പ്രലോഭനങ്ങള്‍. ഇപ്പോള്‍ ഉണ്ടാവുമ്പോ ഉള്ളില്‍ നിന്നും ഒരു ഇഷ്ടക്കേട് ആണ് പൊങ്ങിവരുന്നത്. കണ്ടോ, I love You മന്ത്രം കൊണ്ട് വന്ന മാറ്റം.
ഞാനും ഈയിടെ ഇത് പരീക്ഷിച്ചിരുന്നു. ഞാനിപ്പോള്‍ താമസിക്കുന്ന സന്ന്യാസഭവനത്തില്‍, ഒരു ദിവസം ഇടവിട്ട് പ്രാതലിന് ഓട്ട്‌സ്‌കൊണ്ടുള്ള വിഭവമാണ്- Oatmeal. വലിയ രുചിയൊന്നും ഇല്ലാത്തതുകൊണ്ട് എനിക്കത്ര താത്പര്യമില്ലായിരുന്നു. എന്നാല്‍ Jesus, I love You ചൊല്ലി, കുടിച്ചതിന് ശേഷം Oatmealനൊക്കെ എന്താ രുചി?
ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇഷ്ടത്തോടെ ചെയ്യാന്‍ നമ്മുടെ പ്രകൃതിയെ ഒരുക്കുന്ന കിടിലന്‍ മന്ത്രമാണിത്. വിശുദ്ധ പത്രോസ് മൂന്ന് തവണ ഏറ്റ് പറഞ്ഞതും ഇതേ മന്ത്രം തന്നെ, Jesus, I love You (യോഹന്നാന്‍ 21/15-19). ഇഷ്ടമുള്ളത് ചെയ്യുന്ന ചെറുപ്പത്തില്‍ നിന്നും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇഷ്ടത്തോടെ ചെയ്യുന്ന വലുപ്പത്തിലേക്ക് നാം പതിയെ വളരും. അതിന്റെ ഉത്തമ ഉദാഹരണമാണ്, പത്രോസിന്റെ തല കീഴായുള്ള കുരിശുമരണം. സഹനം ഇത്രമേല്‍ ഇഷ്ടമില്ലാത്ത വേറെ ശിഷ്യനില്ല. എന്നിട്ടും, സന്തോഷത്തോടെ കുരിശില്‍ തറയ്ക്കപ്പെടാന്‍ അയാള്‍ കൈകള്‍ നീട്ടിയെങ്കില്‍.. അതാണ് I love You മാജിക്. നമുക്കും ഈ സ്‌നേഹമന്ത്രം ശീലിക്കാം.
ഫാ.ജോസഫ് അലക്‌സ്