ഭാരങ്ങളില്ലാത്തവര്‍ – Shalom Times Shalom Times |
Welcome to Shalom Times

ഭാരങ്ങളില്ലാത്തവര്‍

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ അന്ത്യനാളുകളില്‍ സന്തതസഹചാരിയായി ലിയോ സഹോദരന്‍ അദ്ദേഹത്തെ പരിചരിച്ചിരുന്ന കാലം. ശുശ്രൂഷയ്ക്കിടയിലും ദൈവാനുഭവത്തില്‍ മുഴുകിത്തന്നെയായിരുന്നു ലിയോയുടെ ജീവിതം. അക്കാലത്ത് അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. ഒരു വലിയ പുഴക്കരയിലേക്ക് ആത്മാവ് അദ്ദേഹത്തെ നയിക്കുന്നപോലുള്ള അനുഭവം.

പുഴക്കരയില്‍ ലിയോ ശാന്തമായി ഇരുന്നു. ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചു. ഒഴുക്കിന് ശക്തി കൂടിക്കൊണ്ടിരുന്നെങ്കിലും പുഴ നീന്തിക്കടക്കാനുള്ള തയാറെടുപ്പില്‍ ഫ്രാന്‍സിസിന്റെ കൊച്ചുസഹോദരന്‍മാരുടെ ഒരു ഗണമുള്‍പ്പെടെ അനേകര്‍ കാത്തുനില്‍ക്കുന്നു. സഹോദരന്‍മാരുടെ ചുമലില്‍ ഭാരവുമുണ്ട്. അക്കരെയെത്താനായി എല്ലാവരും പുഴയിലേക്കിറങ്ങി. ഒഴുക്കിന്റെ ശക്തി വര്‍ധിച്ചുകൊണ്ടിരുന്നു. വെള്ളത്തില്‍ പൊങ്ങിത്താഴുന്ന കൊച്ചുസഹോദരന്‍മാരെ ലിയോ അനുകമ്പയോടെ വീക്ഷിച്ചു. കുറെ നീന്തിയെങ്കിലും ആഴമുള്ള കയങ്ങളിലേക്ക് സഹോദരന്‍മാര്‍ പലരും മുങ്ങിപ്പോകുന്ന ദയനീയ കാഴ്ച. പകുതിദൂരംവരെ നീന്തിയിട്ട് ചുഴിയില്‍ താഴ്ന്നുപോയവരുണ്ട്. വളരെ കുറച്ചുപേര്‍ നന്നേ കഷ്ടപ്പെട്ട് മറുകരയിലെത്തി. ഒഴുക്കില്‍പ്പെട്ട് ദാരുണമായ അന്ത്യം സംഭവിച്ചത് ചുമലില്‍ ഭാരം കൂടുതലുള്ളവര്‍ക്കായിരുന്നു.

അതിദാരുണമായ ഈ കാഴ്ച ലിയോയെ തളര്‍ത്തി. വീണ്ടും ഏതാനും സഹോദരന്‍മാര്‍ പുഴകടക്കാന്‍ വരുന്നത് അദ്ദേഹം കണ്ടു. അവരുടെ ചുമലില്‍ ഭാരമൊന്നും ഉണ്ടായിരുന്നില്ല, മുഖമാകട്ടെ പ്രശോഭിതമായിരുന്നു. പുഴയിലെ ശക്തമായ ഒഴുക്കിനെതിരെ അനായാസം അവര്‍ നീന്തി അക്കരെ കടന്നു.
ദര്‍ശനത്തിനുശേഷം ലിയോ സമാധിയില്‍നിന്നുണര്‍ന്നു. ലിയോക്ക് ദര്‍ശനമുണ്ടെന്ന് ഫ്രാന്‍സിസ് പിതാവ് ഗ്രഹിച്ചിരുന്നു. അതിനാല്‍ അതേപ്പറ്റി അദ്ദേഹം അന്വേഷിച്ചു. ലിയോ ദര്‍ശനത്തെപ്പറ്റി വിവരിച്ചപ്പോള്‍ ഫ്രാന്‍സിസ് പിതാവ് പറഞ്ഞു, ”എല്ലാം സത്യമാണ് സഹോദരാ, ശക്തമായ ഒഴുക്കും കയങ്ങളും ചുഴികളുമുള്ള പുഴ ഈ ലോകത്തിന്റെ പ്രതീകമാണ്.

വിശുദ്ധ സുവിശേഷങ്ങളനുസരിക്കാതെ, ദാരിദ്ര്യം ഉപേക്ഷിച്ച് നടന്നവരെയാണ് പുഴ വിഴുങ്ങിയത്. അനായാസം പുഴ കടന്നവര്‍ ലൗകികമായവയെല്ലാം ത്യജിച്ച് അത്യാവശ്യഭക്ഷണവും വസ്ത്രങ്ങളുംകൊണ്ട് തൃപ്തിപ്പെടുന്നവരാണ്. അവര്‍ ക്രൂശിതന്റെ പാതയില്‍ നീങ്ങുന്നതില്‍ സംതൃപ്തരാണ്. ദൈവസന്നിധിയിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ സുഗമമായി ലക്ഷ്യസ്ഥാനത്തെത്താന്‍ ഈ കൊച്ചുസഹോദരന്‍മാര്‍ക്ക് കഴിയുന്നു.
അസ്സീസ്സിയിലെ കൊച്ചുപൂക്കള്‍