വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ മനസില്‍ കുടിയേറിയ ആഗ്രഹമായിരുന്നു, നല്ലൊരു വീട്. കാരണം ഭര്‍ത്താവിന്റെ വീട് വളരെ പഴയതായിരുന്നു. എന്റെ അമ്മയോട് ഞാന്‍ ഇടയ്ക്കിടെ പറയും, ”ഇനി ഒരു പുതിയ വീട് വയ്ക്കണം.” ഇതു കേള്‍ക്കുമ്പോള്‍ അമ്മ എന്നെ ഉപദേശിക്കും, ‘മോളേ, അവന്‍ ഒറ്റമകനാണ്. ഇളയ രണ്ടു സഹോദരിമാരെ കെട്ടിച്ചയക്കേണ്ട ഉത്തരവാദിത്വം നിറവേറ്റേണ്ടവനാണ്. ഇതിനിടയില്‍ ‘വീട്-കൂട്’ എന്നൊക്കെ പറഞ്ഞ് നീ അവനെ ബുദ്ധിമുട്ടിക്കരുത്.’ അതിനാല്‍ ഞാന്‍ സ്വപ്നം മനസില്‍ ഒതുക്കി. വിദേശത്ത് ജോലി ചെയ്തിരുന്ന ഭര്‍ത്താവിനോട് ഒരു പുതിയ വീട് എന്ന സ്വപ്നം പങ്കുവച്ചില്ല.
വര്‍ഷങ്ങള്‍ കടന്നുപോയി. ഇതിനിടയില്‍ രണ്ടു സഹോദരിമാരുടെയും വിവാഹം കഴിഞ്ഞു. ഞങ്ങള്‍ ആ വീട് ഒന്നുകൂടി പുതുക്കി പണിതു. ഭര്‍ത്താവിന് ഒരു വാഹനാപകടം ഉണ്ടായി. അതേതുടര്‍ന്ന് അദ്ദേഹത്തിന് മെനിഞ്ചൈറ്റിസ് ബാധിച്ചു. പിന്നീട് അമ്മച്ചിയുടെ മരണം, അങ്ങനെ കുറെ സങ്കടകാലങ്ങള്‍… ഈ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ‘നല്ലൊരു വീട്’ എന്ന സ്വപ്നം ഞാന്‍ മറന്നുതുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെയാണ് 2018-ല്‍ വീടിനകത്ത് ജനല്‍പ്പടിയോളം പൊക്കത്തില്‍ വെള്ളം കയറിയത്. വീടുവിട്ടുപോയ ഞങ്ങള്‍ മൂന്നാഴ്ച കഴിഞ്ഞ് തിരിച്ചെത്തി. ഒരു വിധത്തില്‍ വീട് വൃത്തിയാക്കി കയറി താമസിച്ചു. പ്രളയത്തില്‍ സംഭവിച്ച കേടുപാടുകള്‍ മാറ്റാനോ പുതുക്കി പണിയാനോ ഒട്ടും താല്‍പര്യം തോന്നിയില്ല. പുതിയ വീടിന്റെ ആവശ്യകതയെകുറിച്ച് ഭര്‍ത്താവിനോടും രണ്ട് ആണ്‍മക്കളോടും പങ്കുവച്ചു. പക്ഷേ കുടുംബവീട് പൊളിക്കാന്‍ സമ്മതിക്കുമോ എന്ന് അപ്പച്ചനോട് ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. ആ സമയത്ത്, വിഷമം വരുമ്പോള്‍ സാധാരണ ചെയ്യുന്നതുപോലെ ഞാന്‍ ഒരു ധ്യാനകേന്ദ്രത്തില്‍ പോയി.
ഉത്കണ്ഠകളെല്ലാം ഈശോയോടു പറഞ്ഞ് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് പോയി. എന്റെ സങ്കടത്തെക്കുറിച്ച് ഒരു വാക്കുപോലും ഞാന്‍ പറഞ്ഞില്ല. പക്ഷേ അല്പം പ്രായമുള്ള കൗണ്‍സിലര്‍ ചേട്ടന്‍ പെട്ടെന്നുതന്നെ കരുണാര്‍ദ്രമായ ഒരു ചിരിയോടെ എന്നെ നോക്കി പറഞ്ഞു. ‘മനസു നിറയെ സങ്കടമാണല്ലോ? നല്ലൊരു ഭവനമില്ലാത്ത ദുഃഖം കര്‍ത്താവ് കാണുന്നുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ കര്‍ത്താവ് മോള്‍ക്ക് ഭവനം തരുമെന്ന് പറയുന്നു.’ കേട്ടമാത്ര ഞാന്‍ പൊട്ടിക്കരഞ്ഞു. ഇത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനംതന്നെ എന്നു ഞാന്‍ മനസിലാക്കി.
2018 ഒക്‌ടോബര്‍ 20-ന് ആയിരുന്നു സന്ദേശം കിട്ടിയത്. മറന്നുപോകാതിരിക്കാന്‍ എന്റെ ബൈബിളിന്റെ ഏറ്റവും പുറകിലുള്ള പേജില്‍ ഇങ്ങനെ കുറിച്ചിട്ടു – ‘2021 ഒക്‌ടോബര്‍ 20-നുമുമ്പ് കര്‍ത്താവ് എനിക്ക് പുതിയ ഭവനം തരും.’ എന്റെ അമ്മയോടല്ലാതെ മറ്റാരോടും ഈ സംഭവം പറഞ്ഞില്ല.
നല്ലൊരു വീട് എന്ന സ്വപ്നം വീണ്ടും മുളച്ചുപൊന്തി. ആദ്യമൊക്കെ സന്തോഷത്തോടും പ്രത്യാശയോടും പ്രാര്‍ത്ഥിച്ചു കാത്തിരുന്നെങ്കിലും പിന്നീട് പ്രാര്‍ത്ഥനയില്‍ സ്ഥിരതയില്ലാതായി. ഇതിനിടയില്‍ എന്റെ അമ്മ മരിച്ചു. വീണ്ടും ഒരു സങ്കടകാലം. അങ്ങനെയിരിക്കേ 2019 ആഗസ്റ്റുമാസം ശുശ്രൂഷകര്‍ക്കായുള്ള ശാലോമിന്റെ ഒരു ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ മൂന്ന് മാസത്തിനകം വീടുപണി തുടങ്ങുമെന്ന സന്ദേശം ലഭിച്ചു. ആ ഒക്‌ടോബറിലാണ് ഭര്‍ത്താവ് ദുബായില്‍നിന്ന് അവധിക്കെത്തിയത്.
രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോള്‍ അപ്പച്ചന്‍തന്നെ ഭര്‍ത്താവിനെ വിളിച്ച് വീട് നന്നാക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ”അപ്പച്ചന് സമ്മതമാണെങ്കില്‍ പുതിയൊരു വീട് വയ്ക്കാനാണ് ഞങ്ങളുടെ ആഗ്രഹം” എന്നായിരുന്നു ഭര്‍ത്താവിന്റെ വാക്കുകള്‍. അപ്പച്ചന്‍ യാതൊരു വിസമ്മതവും പറഞ്ഞില്ല, വാടകവീട്ടിലേക്ക് താമസം മാറാനും സമ്മതിച്ചു.
ബേസ്‌മെന്റ് പൂര്‍ത്തിയായപ്പോഴേക്കും അപ്പച്ചന്‍ വീണ് നട്ടെല്ലിന് ചെറിയ പൊട്ടല്‍ സംഭവിച്ച് ബെഡ് റെസ്റ്റ് പറഞ്ഞതിനാല്‍ പണി വീണ്ടുമൊന്ന് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് ഭര്‍ത്താവിന് തിരിച്ചുപോകാമായിരുന്നെങ്കിലും തല്‍ക്കാലം പോകണ്ടാ എന്നു തീരുമാനിച്ചു. ഇതിനിടയില്‍ അപ്പച്ചന്റെ സ്ഥിതി പലപ്പോഴും വഷളായതിനാല്‍ പലതവണ ആശുപത്രിവാസം വേണ്ടിവന്നു. ഈ സമയങ്ങളിലെല്ലാം പ്രതിസന്ധികളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുന്ന വചനം ”നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ. വേഗം ഓടുകയും വേണ്ട. കര്‍ത്താവ് നിങ്ങളുടെ മുമ്പില്‍ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍” (ഏശയ്യാ 52/12) എന്നതായിരുന്നു.
സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍, മനുഷ്യരോട് സഹായം ചോദിക്കാതെ ദൈവത്തോട് സഹായം ചോദിച്ചു. അവിടുന്ന് പുതിയ വാതിലുകള്‍ തുറന്നു തന്നുകൊണ്ടേയിരുന്നു. ഇതിനെല്ലാം എന്നെ സഹായിച്ചത് ഷെവലിയര്‍ ബെന്നി പുന്നത്തറ എഴുതിയ ‘പ്രലോഭനങ്ങളെ വിട’ എന്ന പുസ്തകമാണ്.
‘ചെങ്കടല്‍ ആദ്യമേ വിഭജിച്ചിട്ടല്ല, ഇസ്രായേല്‍ക്കാരോട് മുന്നോട്ട് നടക്കാന്‍ പറഞ്ഞത്. ദൈവം പറഞ്ഞതനുസരിച്ച് അവര്‍ മുന്നോട്ട് നടന്നപ്പോഴാണ് ചെങ്കടല്‍ വിഭജിക്കപ്പെട്ടത്, വഴി തെളിച്ചു നല്‍കിയത് (പുറപ്പാട് 14/15). രണ്ടുമാസം ചാനല്‍ നടത്തിക്കൊണ്ടുപോകാനുള്ള തുക ഒന്നിച്ച് ഒരിക്കലും ശാലോമിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ചാനല്‍ ഇപ്പോഴും തുടരുന്നു’ എന്നുള്ള അറിവുകളൊക്കെ എന്നെ ബലപ്പെടുത്തി.
ദൈവപരിപാലനയില്‍ ആശ്രയിക്കുക എന്നതിന്, അരക്ഷിതാവസ്ഥകളിലൂടെ കടന്നുപോകാനുള്ള മനസ് നമുക്കുണ്ടാവുക എന്നൊരര്‍ത്ഥംകൂടിയുണ്ടെന്ന് ആ പുസ്തകം വായിച്ചപ്പോള്‍ മനസിലായി. നമ്മുടെ ബാങ്ക് ബാലന്‍സല്ല നമുക്ക് വീട് പണിതുതരുന്നതെന്ന സത്യം ബോധ്യമായി. ”അനേക നാളുകളിലേക്ക് ഉള്ളവ ഒന്നിച്ചു തരുന്നതല്ല, ആവശ്യമുള്ളവ അപ്പപ്പോള്‍ തരുന്നതാണ് ദൈവപരിപാലന” എന്ന് എന്നെ പഠിപ്പിച്ചത് ആ പുസ്തകമാണ്. സറേഫാത്തിലെ വിധവയുടെ കലത്തില്‍ മാവ് നിറച്ചു വച്ചുകൊണ്ടല്ല ഏലിയാ പ്രവാചകനെയും ആ കുടുംബത്തെയും ദൈവം ദീര്‍ഘകാലം പരിപാലിച്ചത്. അവളുടെ ഭരണിയില്‍ അനേക നാളുകളിലേക്ക് ആവശ്യമായ എണ്ണയും നിറച്ചു കൊടുത്തില്ല. പക്ഷേ, ക്ഷാമകാലം തീരുന്നതുവരെ എണ്ണ വറ്റുകയോ മാവ് തീര്‍ന്നുപോവുകയോ ചെയ്തില്ല. എടുക്കുംതോറും അവ വീണ്ടും പാത്രത്തില്‍ നിറഞ്ഞു (പ്രലോഭനങ്ങളേ വിട പേജ്, 37). ദൈവപരിപാലനയുടെ ഈ രഹസ്യം ഞാന്‍ അനുഭവിച്ചറിഞ്ഞത് കൊറോണക്കാലത്തെ എന്റെ വീടുപണിയുടെ നാളുകളിലാണ്.
”കര്‍ത്താവിന് നമ്മെക്കുറിച്ച് വിചാരമുണ്ട്, അവിടുന്ന് നമ്മെ അനുഗ്രഹിക്കും” (സങ്കീര്‍ത്തനങ്ങള്‍ 115/12).
”കര്‍ത്താവില്‍ ആനന്ദിക്കുക, അവിടുന്ന് നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു തരും” (സങ്കീര്‍ത്തനങ്ങള്‍ 37/4).
”എന്റെ ജനം സമാധാനപൂര്‍ണമായ വസതിയില്‍ പാര്‍ക്കും. സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമ സങ്കേതങ്ങളിലുംതന്നെ” (ഏശയ്യാ 32/18) എന്നീ വചനങ്ങളും അക്കാലത്തെല്ലാം ഞങ്ങളെ ഏറെ ബലപ്പെടുത്തി.
പക്ഷേ ദൈവത്തോട് ആലോചന ചോദിച്ചുകൊണ്ട് തുടങ്ങിയ വീടുപണിയില്‍, പ്രതിസന്ധികളെ ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അവയൊക്കെ നേരിടേണ്ടി വന്നപ്പോഴും റോമാ 4/20-ല്‍ പറയുന്നതുപോലെ, സാഹചര്യങ്ങളിലേക്ക് നോക്കി വിശ്വാസമില്ലാത്തവരെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി ചിന്തിക്കാതെ, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് വിശ്വാസത്താല്‍ ശക്തി പ്രാപിക്കാന്‍ എന്നെ സഹായിച്ചത് പ്രലോഭനങ്ങളേ വിട എന്ന പുസ്തകമാണ്. ”വിളിച്ചവന്‍ വിശ്വസ്തനാണെന്നും പറഞ്ഞവന്‍ വാക്കുമാറാത്തവനാണെന്നും നിരന്തരം ധ്യാനിച്ച് അരക്ഷിതാവസ്ഥകളെ അതിജീവിക്കാന്‍ നമുക്ക് കഴിയും” (പേജ് 37).
എന്തിനേറെ പറയുന്നു? 2021 സെപ്റ്റംബര്‍ 16-ന് ലളിതമായ ചടങ്ങുകളോടെ ഗൃഹപ്രവേശം നടത്തി. അപ്പോഴേക്കും ശയ്യാവലംബിയായിക്കഴിഞ്ഞിരുന്ന അപ്പച്ചനെ പുതിയ വീട്ടില്‍ കൊണ്ടുവന്നു. രണ്ടുദിവസം അവിടെ ശാന്തമായി കഴിഞ്ഞിട്ട് സമാധാനത്തോടെ അപ്പച്ചന്‍ മരിച്ചു. വാടകവീട്ടില്‍വച്ച് അപ്പച്ചന് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു എന്റെ മനമുരുകിയുള്ള പ്രാര്‍ത്ഥനകള്‍. നല്ല ദൈവം അതു മാനിച്ചു.
തുടര്‍ന്ന് അപ്പച്ചന്റെ മുപ്പതാം ചരമദിനത്തിനുശേഷം സാവധാനം സഹോദരങ്ങളും ബന്ധുമിത്രാദികളും ഒക്കെ പിരിഞ്ഞുപോയി. ആ ദിവസങ്ങളില്‍ മനസ് ഒന്നു ശാന്തമായപ്പോള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി ഞാന്‍ ബൈബിള്‍ തുറന്നു. പുറകിലെ പേജില്‍ മൂന്നുവര്‍ഷംമുമ്പ് എഴുതിയിട്ട വാക്കുകള്‍ പെട്ടെന്നാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്! ”2021 ഒക്‌ടോബര്‍ 20-ന് മുമ്പ് കര്‍ത്താവ് എനിക്ക് ഭവനം തരും!” അന്ന് 2021 ഒക്‌ടോബര്‍ 20 ആയിരുന്നു! വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവത്തിന് സ്തുതി.
ബിന്ദു ജോണ്‍സണ്‍