ക്രീറ്റ് എന്ന ദ്വീപിലെ അയാളുടെ കുട്ടിക്കാലം. ഒരു ആഗസ്റ്റ് 15. നിക്കോസ് കസന്ത്‌സാക്കിസ് എന്ന എഴുത്തുകാരന്‍ അന്നത്തെ ദിനത്തെ ഓര്‍മ്മിക്കുന്നത് ഇങ്ങനെ…
ആ ചെറിയ ദ്വീപിലെ ആകെയുള്ള വരുമാനം മുന്തിരികൃഷിയാണ്. ചൂടുകാലമായ ആഗസ്റ്റ് മാസത്തില്‍ മുന്തിരിയൊക്കെ പറിച്ച് ഉണക്കാനിടും. വീഞ്ഞുണ്ടാക്കാന്‍. ആ കൊല്ലവും മുന്തിരി വിളഞ്ഞു. അവര്‍ ഉണക്കാന്‍ ഇട്ടു. പക്ഷേ അന്ന് അവര്‍ കണ്ടു, ആകാശത്ത് മഴക്കാറുകള്‍ ഉരുണ്ടുകൂടുന്നത്. ചെറിയ മഴ പെയ്താല്‍പ്പോലും വെള്ളത്തില്‍ മുങ്ങിപ്പോവുന്ന ഇടമാണ്. എന്ത് സംഭവിക്കുമെന്നറിയാതെ പലരും പകച്ചു നില്‍ക്കുമ്പോള്‍ പ്രായമുള്ളവര്‍ അവരെ ശാസിച്ചുകൊണ്ട് പറഞ്ഞു, ”ഒന്നും സംഭവിക്കില്ല.”
പക്ഷേ അന്നത്തെ ദിവസം ആ വര്‍ഷത്തെ ഏറ്റവും നല്ല മഴ പെയ്തു. അവര്‍ നോക്കി നില്‍ക്കേ ഒരു വര്‍ഷത്തെ അധ്വാനവും ക്ലേശവും സ്വപ്‌നങ്ങളുമൊക്കെ കടലിലേക്ക് ഒഴുകിപ്പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഗ്രാമത്തില്‍ എല്ലായിടത്തും കൂട്ടക്കരച്ചില്‍…
ഇതിനിടയില്‍ തന്റെ അപ്പന്‍ എന്ത് ചെയ്യുന്നുവെന്നറിയാന്‍ കുഞ്ഞ് നിക്കോസ് അവരുടെ കൃഷിയിടത്തിലേക്കോടി… അവിടെ അപ്പന്‍ കയ്യൊക്കെ കെട്ടി കൃഷിയിടത്തിലേക്ക് നോക്കി നില്‍പ്പുണ്ട്.
അവന്‍ കരഞ്ഞുകൊണ്ട് ഓടിച്ചെന്ന് അപ്പനെ കെട്ടിപ്പിടിച്ചു പറഞ്ഞു, ”അപ്പാ, നമ്മുടെ എല്ലാ മുന്തിരിയും പോയി…”’
അപ്പന്റെ മറുപടി ഇതായിരുന്നു, ”മിണ്ടാതിരിയെടാ… നമ്മളിവിടെയൊക്കെ തന്നെയുണ്ട്, മുന്തിരിയല്ലേ പോയുള്ളൂ.” ‘
പിന്നീട് സാക്കിസ് എഴുതി വയ്ക്കുന്നൊരു കാര്യമുണ്ട്: ജീവിതത്തിന്റെ കഠിനമായ കുറെ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അപ്പോള്‍ കുറച്ചു നേരം കണ്ണടച്ചിരിക്കും. അന്നേരം ഒരു ഗ്രാമീണ കര്‍ഷകന്‍ ഉള്ളിലിരുന്ന് പറയും, ”മിണ്ടാതിരിയെടാ പോഴാ. നമ്മളിവിടെയൊക്കെ തന്നെയുണ്ട്…”
”കര്‍ത്താവിന്റെ അനുഗ്രഹമാണ് ദൈവഭക്തന് സമ്മാനം; അത് ക്ഷണനേരംകൊണ്ട് പൂവണിയുന്നു” (പ്രഭാഷകന്‍ 11/22).
ഫാ. റിന്റോ പയ്യപ്പിള്ളി