ഉറങ്ങാത്ത നഗരത്തിന് ചേര്‍ന്ന ചാപ്പല്‍ – Shalom Times Shalom Times |
Welcome to Shalom Times

ഉറങ്ങാത്ത നഗരത്തിന് ചേര്‍ന്ന ചാപ്പല്‍

ന്യൂയോര്‍ക്ക്: ഉറങ്ങാത്ത നഗരമായ ന്യൂയോര്‍ക്കില്‍ ആദ്യത്തെ നിത്യാരാധനാചാപ്പല്‍ തുറന്നു. ഇങ്ങനെയൊരു ചാപ്പല്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് കര്‍ത്താവ് തന്നോട് ആവശ്യപ്പെടുന്നുവെന്ന് ബോധ്യപ്പെട്ട ഫാ. ബോണിഫസ് എന്‍ഡോര്‍ഫ് ആണ് ചാപ്പല്‍നിര്‍മാണത്തിന് മുന്‍കൈയെടുത്തത്. ഗ്രീന്‍വിച്ച് വില്ലേജിലെ സെന്റ് ജോസഫ്‌സ് ദൈവാലയത്തില്‍ വികാരിയാണ് അദ്ദേഹം. അതിനാല്‍ത്തന്നെ തന്റെ ഇടവകയുടെ കീഴില്‍ മാന്‍ഹട്ടനില്‍ നിത്യാരാധനാചാപ്പല്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. തീര്‍ത്തും ലളിതവും അനാകര്‍ഷകവുമായ ഒരു ചാപ്പലായിരുന്നില്ല മനസില്‍. ചാപ്പലിന്റെ സൗന്ദര്യം കണ്ട് അനേകര്‍ ആകര്‍ഷിക്കപ്പെടണം എന്നായിരുന്നു ആഗ്രഹം. അതുപ്രകാരം മനോഹരമായ ചാപ്പല്‍ രൂപകല്പന ചെയ്ത് പണിയുകയായിരുന്നു.
ദൈവാലയങ്ങള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമുള്ളതിനാല്‍ മികച്ച സുരക്ഷാക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ദൈവകരുണയുടെ നാമത്തിലാണ് ചാപ്പല്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. തിരക്കുകളുടെ ഈ കാലത്ത് ശാന്തതയില്‍ ദൈവത്തെ ആരാധിക്കാനും ആത്മാവില്‍ ശാന്തി അനുഭവിക്കാനും ചാപ്പല്‍ സഹായകമാകും എന്ന് ഫാ. ബോണിഫസ് പറയുന്നു.