
മെക്‌സിക്കോ സിറ്റി: ഗ്വാഡലൂപെ മാതാവിന്റെ ബസിലിക്കയില്‍ തിരുനാളിനോടനുബന്ധിച്ച് എത്തിച്ചേര്‍ന്നത് റെക്കോര്‍ഡ് തീര്‍ഥാടകര്‍. ഒരു കോടി 28 ലക്ഷത്തോളം പേരാണ് തിരുനാള്‍ദിനങ്ങളില്‍ ബസിലിക്ക സന്ദര്‍ശിച്ചത്. തലേ വര്‍ഷം വന്നത് ഒരു കോടി 24 ലക്ഷം പേരായിരുന്നു. 11 ലക്ഷത്തില്‍ താഴെയാണ് ഈ പ്രദേശത്തെ ജനസംഖ്യ. ടെപയാക് കുന്നില്‍ വിശുദ്ധ ജുവാന്‍ ഡിയാഗോക്ക് പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടതിന്റെ സ്മരണയിലാണ് വര്‍ഷംതോറും ബസിലിക്കയില്‍ തിരുനാള്‍ ആഘോഷിക്കുന്നത്. രണ്ട് ദിനങ്ങളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടതെങ്കിലും എല്ലാം ക്രമമായിതന്നെ പോയി എന്ന് മേയര്‍ ജാനെകാര്‍ലോ ലൊസാനോ പറഞ്ഞു. കര്‍ശനമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
ആസ്‌ടെക് വര്‍ഗക്കാരായിരുന്നു ഇന്നത്തെ മെക്‌സിക്കോ സിറ്റിയുടെ സമീപമുള്ള ടെപയാക് കുന്നുകളോടുചേര്‍ന്ന് വസിച്ചിരുന്നത്. അവരുടെ സങ്കല്പത്തിലുള്ള ഭൂമിദേവിയെ ആരാധിച്ചിരുന്ന സ്ഥലത്താണ് 1531-ല്‍ ജുവാന്‍ ഡിയാഗോയ്ക്ക് പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടത്. പല തവണ പ്രത്യക്ഷീകരണങ്ങള്‍ ഉണ്ടായി. അവിടെ ഒരു ദൈവാലയം പണിയണമെന്ന് പ്രദേശത്തെ മെത്രാനോട് ആവശ്യപ്പെടാന്‍ പരിശുദ്ധ കന്യക ജുവാനോട് നിര്‍ദേശിച്ചു. അടയാളമായി ഒരിക്കലും റോസാപ്പൂക്കള്‍ ഉണ്ടാകാനിടയില്ലാത്ത കാലത്ത് ജുവാന്റെ ടില്‍മ എന്ന മേല്‍വസ്ത്രത്തില്‍ നിറയെ പൊതിഞ്ഞെടുക്കാവുന്നത്രയും റോസാപ്പൂക്കള്‍ പ്രത്യക്ഷീകരണസ്ഥലത്തുനിന്നും ലഭിച്ചു.
അത് മെത്രാനുമുന്നില്‍ എത്തിച്ചപ്പോള്‍ മറ്റൊരു അത്ഭുതവും ദൃശ്യമായി. റോസാപ്പൂക്കള്‍ ശേഖരിച്ചിരുന്ന ടില്‍മയില്‍ പതിഞ്ഞ അത്ഭുതകരമായ പരിശുദ്ധ കന്യകയുടെ ചിത്രം. ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്തവിധം ഏറെ പ്രത്യേകതകളുള്ള ആ ചിത്രം ഇന്നും സൂക്ഷിക്കപ്പെടുന്നു. തകര്‍ന്നുകൊണ്ടിരുന്ന മെക്‌സിക്കന്‍ ജനതയോടുള്ള കരുതലും സ്‌നേഹവും പ്രകടമാക്കിയ സ്വര്‍ഗീയ ഇടപെടല്‍വഴി അവിടെ ക്രൈസ്തവവിശ്വാസം ആഴപ്പെടുകയും ഗ്വാഡലൂപെ മാതാവിനോടുള്ള ഭക്തി ലോകമെങ്ങും പടരുകയും ചെയ്തു.