
ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് അർമീനിയായിൽവച്ച് വധിക്കപ്പെട്ട ഒരു റോമൻ സൈനികനാണ് എക്‌സ്‌പെഡിത്തൂസ്. ക്രിസ്തീയവിശ്വാസം സ്വീകരിക്കാനായി ദൈവാലയത്തിലേക്ക് പോകുന്നവഴി അദ്ദേഹത്തിനുചുറ്റും കാക്കക്കൂട്ടം പറന്നെത്തി. അവ ഒന്നടങ്കം ”ക്രാ… ക്രാ…” എന്ന് ഉച്ചത്തിൽ കരയാൻ ആരംഭിച്ചു. സാധാരണയായി ക്രോ.. ക്രോ… എന്ന ശബ്ദമാണ് കാക്കകൾ പുറപ്പെടുവിക്കാറുള്ളത്. എന്നാൽ തികച്ചും വ്യത്യസ്തമായി ക്രാ… ക്രാ… എന്നാണ് അവ ശബ്ദിച്ചത്. ലാറ്റിൻ ഭാഷയിൽ ക്രാ… എന്നാൽ നാളെ എന്നാണ് അർത്ഥം. ‘വിശ്വാസം സ്വീകരിക്കുന്നത് നാളെ മതി… ഇന്നത്തെ യാത്ര മാറ്റിവയ്ക്ക്’ എന്നാണ് അവ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹത്തിനു തോന്നി. ദുഷ്ടാരൂപികൾ കാക്കയുടെ രൂപം സ്വീകരിച്ചുവന്ന് തന്റെ മാനസാന്തരം താമസിപ്പിക്കാൻ ശ്രമിക്കുകയാണെന്ന തിരിച്ചറിവ് പെട്ടെന്ന് അദ്ദേഹത്തിന് ലഭിച്ചു. തന്റെ തൊട്ടുമുന്നിൽ പറന്നിരുന്നുകൊണ്ട് ക്രാ… ക്രാ… നാളെ – നാളെ എന്ന് തടസം പറയുന്ന കാക്കയെ കാലുകൊണ്ട് ചവിട്ടി ഞെരിച്ചുകൊണ്ട് എക്‌സ്‌പെഡിത്തൂസ് ലാറ്റിൻ ഭാഷയിൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു… ”ഹോഡീ… ഹോഡീ…” (ഇന്ന്… ഇന്ന്…). അദ്ദേഹം അന്നുതന്നെ ക്രിസ്തീയവിശ്വാസം സ്വീകരിക്കുകയും രക്തസാക്ഷിമകുടം ചൂടുകയും ചെയ്തു.
അനേകരുടെ ജീവിതത്തെ സാവധാനം തകർത്തുകളഞ്ഞുകൊണ്ടിരിക്കുന്ന മഹാതിന്മയാണ് ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളേക്കു മാറ്റിവയ്ക്കുന്ന പ്രവണത. ‘പ്രോകാസ്റ്റിനേഷൻ’ എന്ന് ഇംഗ്ലീഷിൽ പറയുന്ന ഈ വൈകല്യം ജീവിതത്തിന്റെ ശക്തിയും സൗന്ദര്യവും സാധ്യതകളും ഇല്ലാതാക്കി ഒരുവനെ ദൈവപദ്ധതിയിൽനിന്നും വ്യതിചലിപ്പിച്ച് നശിപ്പിക്കാൻമാത്രം ശക്തമാണ്.
ഇന്ന് പഠിക്കേണ്ടത് പിന്നീടാകാം എന്ന് ചിന്തിച്ച് മാറ്റിവയ്ക്കുന്ന വിദ്യാർത്ഥി പഠനത്തിൽ പിന്നിലാകും… തീർച്ച. ഇന്ന് രമ്യതപെടാനും സ്‌നേഹത്തിലാകാനും തയാറാകാതെ പിന്നീടൊരവസരത്തിലേക്ക് മാറ്റിവച്ചാൽ അതിന് അവസരം കിട്ടണമെന്നില്ല. മാനസാന്തരം നീട്ടിവയ്ക്കാനും കുമ്പസാരം വൈകിപ്പിക്കാനും പ്രാർത്ഥനയിൽനിന്ന് വ്യതിചലിക്കാനും പ്രേരിപ്പിക്കുന്ന ‘കാക്കകൾ’ നമ്മുടെ ആത്മീയജീവിതം ശുഷ്‌കമാക്കും. മടി, ക്ഷീണം, ലജ്ജ, ഭയം, സുഖാസ്വാദനം ഇങ്ങനെ പലതുമായിരിക്കാം ഇന്ന്, ഇപ്പോൾ, പ്രവർത്തിക്കേണ്ട പലതും നാളെ മതി… അല്പം കഴിഞ്ഞുമതി എന്നൊക്കെ പ്രേരിപ്പിക്കുന്ന കാക്കകൾ. എക്‌സ്‌പെഡിത്തൂസ് ചെയ്തതുപോലെ ഈ ദുഷ്പ്രവണതയെ ഉന്മൂലനം ചെയ്യുന്നില്ലെങ്കിൽ നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവപദ്ധതികൾ പൂർത്തീകരിക്കാൻ നമുക്കാവുകയില്ല.
ആത്മാവ് നമ്മെ നിയന്ത്രിക്കുമ്പോൾ നമ്മൾ ഉണർവുള്ളവരും കർമ്മനിരതരും ആകും. എന്നാൽ ജഡം ഭരിക്കുമ്പോൾ നാം അലസരും സുഖാസക്തിക്ക് വിധേയരും കാര്യങ്ങൾ നിരന്തരം നീട്ടിവയ്ക്കുന്നവരും ആയിത്തീരും. ഉത്തരവാദിത്വങ്ങൾ മാറ്റിവയ്ക്കുകയും പ്രാർഥന, വചനധ്യാനം, കൂദാശാസ്വീകരണം, ഇതര ആത്മീയ അഭ്യാസങ്ങൾ ഇവയൊക്കെ നീട്ടിക്കൊണ്ട് പോകുകയും ചെയ്യുന്ന പ്രവണത വർധിക്കുമ്പോൾ ഓർമിക്കുക…. പിശാച് ജഡത്തെ ഉപയോഗിച്ച് നമ്മെ ദുർബലരാക്കി കീഴടക്കാൻ ഒരുങ്ങുന്നു. ഉണർന്നെഴുന്നേൽക്കണം. നല്ലൊരു കുമ്പസാരവും വിശുദ്ധ കുർബാനസ്വീകരണവുംപോലെ ശക്തമായ മറ്റൊരു ഔഷധവും ഈ ആത്മീയരോഗത്തിന് പരിഹാരമായില്ല. ഇന്ന് – അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾ സാധിച്ചുകിട്ടുന്നതിനും സമയം ഫലപ്രദമായി ഉപയോഗിക്കാനുള്ള കൃപ കിട്ടുന്നതിനും അനേകായിരങ്ങൾ വിശുദ്ധ എക്‌സിപെഡിത്തൂസിന്റെ മധ്യസ്ഥസഹായം തേടാറുണ്ട്. ഇന്ന്, ഇപ്പോൾ ദൈവം നമ്മിൽനിന്നും എന്താവശ്യപ്പെടുന്നുവെന്ന് തിരിച്ചറിയാനും അത് അനുവർത്തിക്കാനും ആ വിശുദ്ധൻ നമ്മെ സഹായിക്കട്ടെ.
പ്രാർത്ഥന
വിശുദ്ധ എക്‌സ്‌പെഡിത്തൂസേ… ഞങ്ങളെടുക്കേണ്ട നല്ല തീരുമാനങ്ങൾ എത്രയും പെട്ടെന്ന് എടുക്കാനും ഞങ്ങളുടെ ശരിയായ നിലപാടുകളിൽനിന്നും തീരുമാനങ്ങളിൽനിന്നും പിന്തിരിയാതിരിക്കാനും ഞങ്ങളെ സഹായിക്കേണമേ. ഈ മണിക്കൂറിൽ ഞങ്ങൾക്ക് ഏറ്റവും അത്യാവശ്യമായതെന്തോ അത് ഇപ്പോൾത്തന്നെ നിറവേറ്റപ്പെടാനും അങ്ങ് ഞങ്ങൾക്കുവേണ്ടി പ്രാർഥിച്ചാലും ആമ്മേൻ