
ആശ്രമത്തിലെ പൂച്ചെടികളെ പരിപാലിക്കുന്ന ജോലിയായിരുന്നു എനിക്ക്. നല്ല ഉയർന്ന, തണുപ്പുള്ള പ്രദേശത്താണ് ആശ്രമം. അതിനാൽ ഡാലിയ ചെടികൾ നിറയെ പല നിറത്തിൽ, വലിപ്പമുള്ള പൂക്കൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുറെ തണ്ടുകൾ നട്ടു. വേരുപിടിച്ച് എല്ലാം നല്ല ഉശിരോടെ വളർന്നുവന്നു. അങ്ങനെയിരിക്കെ ഒന്നോ രണ്ടോ വീതം വാടിത്തുടങ്ങി. അങ്ങനെ കുറച്ച് തണ്ടുകൾ കരിഞ്ഞു നാമാവശേഷമായപ്പോൾ ഈശോയോട് പരിഭവം പറഞ്ഞു: ”ഇതെന്തു പരിപാടിയാ?”
എത്ര ആലോചിച്ചിട്ടും കാരണം മനസ്സിലായില്ല. ഈശോയുടെ മറുപടിയും വന്നില്ല. അടുത്ത ദിവസം രാവിലെ ഇടവകപ്പള്ളിയിൽ വിശുദ്ധ ബലിയിൽ പങ്കെടുക്കുന്ന സമയം. ഈശോയെ സ്വീകരിക്കാനായി വരിവരിയായി പോകുന്ന സമയത്ത് ഒരു വചനം മനസിലേക്ക് വന്നു.
”അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും ഒലിവുമരത്തിൽ കായ്കൾ ഇല്ലാതായാലും വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിൻകൂട്ടം ആലയിൽ അറ്റുപോയാലും കന്നുകാലികൾ തൊഴുത്തിൽ ഇല്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും” (ഹബക്കുക്ക് 3:17).
വർഷങ്ങൾക്കു മുമ്പ് മന:പാഠം പഠിച്ച ഈ വചനമാണ് ഈശോ തരുന്ന മറുപടിയെന്ന് എനിക്ക് മനസ്സിലായി. രണ്ട് മൂന്നു ദിവസം ഈ വചനം എന്നെ വിടാതെ പിന്തുടർന്നപ്പോൾ ഒരു വൈകുന്നേരം വിശുദ്ധ ഗ്രന്ഥമെടുത്ത് ഈ വചനം ആവർത്തിച്ചു വായിച്ചു. അപ്പോൾ ഇതുവരെ ഞാൻ ശ്രദ്ധിക്കാതെയിരുന്ന ചില കാര്യങ്ങൾ ഈശോ പഠിപ്പിച്ചുതുടങ്ങി.
ഈശോ വചനത്തെ രണ്ട് ഭാഗമാക്കി. ആദ്യഭാഗത്തു നാലു കാര്യങ്ങളാണ് പറയുന്നത്.
1.അത്തിവൃക്ഷം പൂക്കുന്നില്ല.
2.മുന്തിരിയിൽ ഫലങ്ങൾ ഇല്ല.
3.ഒലിവ് മരത്തിൽ കായ്കൾ ഇല്ല
4. വയലുകളിൽ ധാന്യം വിളയുന്നില്ല.
അധ്വാനിച്ചിട്ടും ഫലം കാണാത്ത അവസ്ഥകളിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. സാധാരണ ജീവിതവുമായി തട്ടിച്ചു വായിക്കുമ്പോൾ ഏറെ പഠിച്ചിട്ടും വിജയം ലഭിക്കാത്ത, ഒരുപാട് അന്വേഷിച്ചിട്ടും മെച്ചപ്പെട്ട ജോലി കിട്ടാത്ത, ഒത്തിരി അധ്വാനിച്ചിട്ടും കുടുംബത്തിൽ അഭിവൃദ്ധി ഇല്ലാത്ത, കരഞ്ഞു പ്രാർത്ഥിച്ചിട്ടും ചില പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടാത്ത… ഇങ്ങനെ പോകുന്നു ആ പട്ടിക. ബലഹീനരായ മനുഷ്യർ എന്ന നിലയിൽ ഏറെ നിരാശ തോന്നാവുന്ന, ഹൃദയം ദുഃഖത്തിലാണ്ടു പോകാവുന്ന ഇത്തരം സാഹചര്യങ്ങളിലും കർത്താവിൽ ആനന്ദിക്കണം. നമ്മുടെ ഉള്ളിന്റെ ഉള്ളിനെ ജീവിതത്തിന്റെ വിപരീത അനുഭവങ്ങൾ പിടിച്ചുലയ്ക്കാൻ പാടില്ലത്രേ. ”അങ്ങയിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു. എന്തെന്നാൽ, അവൻ അങ്ങയിൽ ആശ്രയിക്കുന്നു” (ഏശയ്യാ 26:3).
ഇനി വചനത്തിന്റെ രണ്ടാം ഭാഗം :ആലയിൽ ആട്ടിൻകൂട്ടം ആറ്റുപോയാലും കന്നുകാലികൾ തൊഴുത്തിൽ ഇല്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും…
തൊഴുത്തിൽ കന്നുകാലികളും ആലയിൽ ആടുകളും ഉണ്ടായിരുന്നതാണ്. പിന്നീട് അവ നഷ്ടപ്പെട്ടു. നമ്മുടെ ജീവിതത്തിലും പ്രിയപ്പെട്ട ചിലരുടെ വേർപാടുകൾ, നഷ്ടപ്പെട്ടുപോയ കുടുംബസമാധാനം, നമ്മുടെയോ മറ്റുള്ളവരുടെയോ മാരകമായ രോഗാവസ്ഥകൾ, സാമ്പത്തിക ഞെരുക്കങ്ങൾ… എല്ലാം ഒരിക്കൽ സമൃദ്ധിയിൽ ഉണ്ടായിരുന്നത് കൈമോശം വന്ന അവസ്ഥകളെ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലും കർത്താവിൽ സന്തോഷിക്കണമെന്ന് വചനം ഓർമ്മിപ്പിക്കുന്നു.
ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിൽ അഗ്‌നിയിൽ എറിയപ്പെട്ട മൂന്ന് യുവാക്കന്മാരുടെ സംഭവം വിവരിക്കുന്നുണ്ട്. ചൂളയിൽ എറിയപ്പെടുന്നതിനു മുൻപ് അവർ ഇപ്രകാരമാണ് പറയുന്നത്. രാജാവേ, ഞങ്ങൾ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയിൽനിന്നു ഞങ്ങളെ രക്ഷിക്കാൻ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്റെ കൈയിൽനിന്നു മോചിപ്പിക്കും. ഇക്കാര്യം നീ അറിഞ്ഞുകൊള്ളുക. അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചില്ലെങ്കിൽപ്പോലും ഞങ്ങൾ നിന്റെ ദേവൻമാരെയോ നീ നിർമിച്ച സ്വർണബിംബത്തെയോ ആരാധിക്കുകയില്ല (ദാനിയേൽ 3:17-18).
സർവ്വശക്തൻ അവർക്ക് സ്വർണവും വിലപിടിച്ച വെള്ളിയും ആയിരുന്നതിനാൽ സ്വർണ്ണത്തെ പൊടിയിലും ഓഫീർപ്പൊന്നിനെ നദീതടത്തിലെ കല്ലുകൾക്കിടയിലും എറിയാൻ ധൈര്യപ്പെട്ടവരായിരുന്നു അവർ. വിലപ്പെട്ടതെന്ന് കരുതി സ്വന്തമാക്കാൻ കാത്തിരിക്കുന്നത് വന്നുചേരാത്തതിന്റെ ദുഃഖവും വിലപ്പെട്ടത് കൈവിരലുകൾക്കിടയിലൂടെ ഊർന്നു പോകുന്ന അവസ്ഥകളും ഹൃദയഭേദകമാണ്. ഈ അവസ്ഥയിൽ രക്ഷകനായ ഈശോയിൽ സമാധാനം കണ്ടെത്താൻ സാധിക്കണമെങ്കിൽ ജീവിതത്തിന്റെ പ്രഥമ പരിഗണന കർത്താവിന് കൊടുത്ത് ശീലിച്ചവരാകണം നമ്മൾ. നമുക്ക് നമ്മോടുതന്നെയും നമ്മുടെ ജീവിതത്തോടും പ്രിയപ്പെട്ടവരോടും ഉള്ള ‘പോസിറ്റീവ് അറ്റാച്ച്‌മെന്റ്’ സ്വാഭാവികമാണ്. എന്നാൽ അത്യന്തികമായി അവയെല്ലാം ഈശോയിൽനിന്ന് സ്വീകരിച്ചു ഈശോയെ ഭരമേൽപ്പിക്കാനാകുന്നില്ലെങ്കിൽ നഷ്ടങ്ങൾ നമ്മെ വല്ലാതെ തളർത്തിക്കളയും (ജോബ് 10:10).
ആ മൂന്ന് യുവാക്കന്മാരുടെ അനുഭവത്തിലേക്ക് നമുക്ക് തിരിച്ചു വരാം. നബുക്കദ്‌നേസർ രാജാവിനാൽ തീക്കുഴിയിലേക്ക് എറിയപ്പെടുക എന്നത് അവരുടെ ജീവിതത്തിൽ നിന്ന് കർത്താവ് ഒഴിവാക്കിയില്ല. പക്ഷേ അഗ്നിയുടെ നടുവിൽ നിൽക്കുമ്പോൾ ജ്വാലകളാൽ പൊള്ളലേൽക്കണമോ വേണ്ടയോ എന്ന് തീരുമാനിച്ചത് കർത്താവാണ്. കർത്താവ് അനുവദിക്കാതെ ഒന്നിനും നമ്മെ തകർക്കാനാവില്ല.
അസറിയായോടും കൂട്ടുകാരോടും കൂടെ നിൽക്കുന്നതിന് കർത്താവിന്റെ ദൂതൻ ചൂളയിലേക്ക് ഇറങ്ങിച്ചെന്നു. അവൻ ജ്വാലയെ ചൂളയിൽനിന്ന് ആട്ടിയകറ്റി. ചൂളയുടെ മധ്യഭാഗം ജലകണങ്ങൾ നിറഞ്ഞ കാറ്റ് വീശുന്ന സ്ഥലം പോലെയായി. അതുകൊണ്ട് അഗ്നി അവരെ സ്പർശിച്ചില്ല. അതവരെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തില്ല (ദാനിയേൽ 3:26-27).
ദൈവത്തിനു കീർത്തനമാലപിച്ചുകൊണ്ടും കർത്താവിനെ സ്തുതിച്ചു കൊണ്ടും തീജ്വാലകളുടെ മധ്യേ നടന്ന ആ മൂന്ന് യുവാക്കന്മാർ നമ്മെ നയിക്കുന്നത് തോരാത്ത കണ്ണീരിലും വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട നിലയ്ക്കാത്ത പ്രത്യാശയിലേക്കാണ്.
ഒരുപക്ഷേ നമ്മുടെ ജീവിതത്തിലെ ചില പ്രതികൂലങ്ങൾ മാനുഷികമായ ഇടപെടലുകളുടെയും ആസൂത്രണങ്ങളുടെയും പകപോക്കലുകളുടെയുമൊക്കെ ഫലമാണെന്ന ചിന്ത നമ്മെ അലട്ടിയേക്കാം. ജോസഫിന്റെ വാക്കുകൾ നമുക്ക് ഓർമ്മിക്കാം. സഹോദരന്മാരാൽ അടിമയായി വിൽക്കപ്പെട്ട ജോസഫ് ഈജിപ്തിൽ വച്ച് സഹോദരന്മാരോട് പറയുന്നു, ”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട. കാരണം ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്ക് മുമ്പേ ഇങ്ങോട്ടയച്ചത്….” (ഉൽപത്തി 45: 5-8).
വളഞ്ഞ വരകൾകൊണ്ട് നേർരേഖ വരയ്ക്കുന്നവനാണ് നമ്മുടെ കർത്താവ്. കർത്താവ് തീരുമാനിക്കുന്നതെന്തോ അതാണ് നീതി-ഞാൻ പ്രതീക്ഷിച്ചതല്ല, ഞാൻ ആഗ്രഹിച്ചതുമല്ല. നമ്മൾ പ്രശ്‌നത്തെ മാത്രം കാണുമ്പോൾ നമ്മുടെ ജീവിതം മുഴുവൻ കാണുന്നവനാണ് അവിടുന്ന്. ഇത് എന്തുകൊണ്ട് എന്ന് ചോദിക്കേണ്ടതില്ല. എല്ലാം യഥാകാലം നന്മയായി തെളിയും. സകലതിനുമുപരി നാം വിശ്വാസം അർപ്പിച്ചിരിക്കുന്നത് കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ പരിപാലിക്കുന്ന ആബ്ബാപിതാവിലാണ്. അവിടുന്ന് അനുവദിക്കാതെ ഒന്നിനും നമ്മെ തകർക്കാനാവില്ലെന്ന് ആവർത്തിച്ചുറപ്പിക്കുക. അവിടുത്തെ പരിപാലനയിൽ ദൃഢമായി വിശ്വസിച്ച് ഏതു സമയത്തും എന്തും നമ്മുടെ ജീവിതത്തിലേക്ക് കടത്തിവിടാൻ അവിടുത്തെ അനുവദിക്കുമ്പോൾ നാം യഥാർത്ഥത്തിൽ സ്വതന്ത്രരാകും.
സിസ്റ്റർ മരിയോണ സി.എം.സി