ഹൃദയരഹസ്യങ്ങള്‍ വായിക്കുന്നവരാകാന്‍… – Shalom Times Shalom Times |
Welcome to Shalom Times

ഹൃദയരഹസ്യങ്ങള്‍ വായിക്കുന്നവരാകാന്‍…

 

പഴയ നിയമത്തില്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഹന്നായെ നോക്കി പുരോഹിതനായ ഏലി അവള്‍ ലഹരികൊണ്ടു ഉന്മത്തയാണെന്ന് പറഞ്ഞു (1 സാമുവേല്‍ 1/14). പരിശുദ്ധാത്മാവിന്റെ ആഗമനത്തിനുശേഷം തങ്ങള്‍ ഓരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്‌തോലന്മാര്‍ സംസാരിക്കുന്നതു കേട്ട ജനത്തെ നോക്കി ചിലര്‍ ഇങ്ങനെ പരിഹസിച്ചു, പുതുവീഞ്ഞു കുടിച്ച് അവര്‍ക്കു ലഹരി പിടിച്ചിരിക്കുകയാണ്…. (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2/13). ദൈവസാന്നിധ്യം നിറയുമ്പോള്‍ വ്യക്തികള്‍ ലഹരി പിടിച്ചവരെപ്പോലെ കാണപ്പെടുന്നതായി വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നു. പരിശുദ്ധ ദിവ്യകാരുണ്യം ഒരു ലഹരി ആണ്. ആസ്വദിക്കുംതോറും കൂടുതല്‍ ‘അഡിക്ഷന്‍’ ആയി മാറുന്ന ക്രിസ്തുലഹരി.

ഒരു രാജാവായിരുന്നിട്ടും രാജപരിവേഷങ്ങള്‍ ഒന്നും ഇല്ലാതെ ചെറിയൊരു തൂവെള്ള അപ്പമായി ദിവ്യകാരുണ്യ ഈശോ സക്രാരിയിലും അരുളിക്കയിലും എല്ലാം എഴുന്നള്ളിയിരിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. പരിശുദ്ധ കുര്‍ബ്ബാനയും ദിവ്യകാരുണ്യ ആരാധനയുമൊക്കെ ഇന്നിന്റെ പുസ്തകത്താളുകളില്‍ ഒടുവിലെ സ്ഥാനം അലങ്കരിക്കുന്ന നാളുകളിലൂടെയാണല്ലോ ‘ന്യൂ ജെന്‍’ കടന്നുപോകുന്നത്. ആത്മീയ ജീവിതം കെട്ടിപ്പടുക്കേണ്ട അടിത്തറയാണ് ദൈവവും മനുഷ്യനും തമ്മിലുള്ള വ്യക്തിപരമായ ഹൃദയബന്ധം. വിശുദ്ധ ഗ്രന്ഥത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് ദിവ്യകാരുണ്യ ആരാധനയുടെ പ്രസക്തി നാം ആത്മാവില്‍ ഗ്രഹിക്കുന്നത്.

യേശുവിനെ ആദ്യം പരസ്യമായി ആരാധിച്ചവര്‍
ജ്ഞാനികള്‍ ഈശോയെ കണ്ട് കുമ്പിട്ട് ആരാധിച്ചു (മത്തായി 2/11), ലോകത്തിലെ ആദ്യത്തെ പരസ്യമായ യേശു ആരാധന. യേശുവിനെ കുമ്പിട്ടാരാധിച്ച ജ്ഞാനികളുടെ ജീവിതത്തില്‍ രണ്ടു ദൈവിക ഇടപെടലുകള്‍ ഉണ്ടായി. ഒന്നാമതായി അവര്‍ ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് അവര്‍ക്ക് അവബോധം ഉണ്ടായി. ഹേറോദേസിന്റെ അടുക്കലേക്കു മടങ്ങിപ്പോകരുത് എന്നതായിരുന്നു ആ നിര്‍ദേശം. ബെത്‌ലെഹെം നഗരത്തെ കുറിച്ച് വലിയ അറിവൊന്നും ഇല്ലാതിരുന്ന ജ്ഞാനികള്‍ക്കു നക്ഷത്രം ആയിരുന്നു വഴികാട്ടി. ആ നഗരത്തിന്റെ തെരുവീഥികള്‍ അവര്‍ക്കു സുപരിചിതമല്ല. പക്ഷേ രണ്ടാമത്തെ ദൈവിക ഇടപെടലെന്നോണം അവര്‍ സഞ്ചരിച്ചു വന്ന വഴിക്കു പകരമായി ഒരു പുതിയ വഴി അവര്‍ക്കു സ്വദേശത്തേക്കു പോകാന്‍ ലഭിച്ചു. ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയില്‍ ആയിരിക്കുമ്പോള്‍ നമ്മുടെ ജീവിതങ്ങളിലും ഈശോ ഈ വിധം ഇടപെടലുകള്‍ നടത്തും. എന്ത് ചെയ്യരുതെന്നും എന്ത് ചെയ്യണമെന്നും അവന്‍ നമ്മുടെ ഹൃദയങ്ങളില്‍ സംസാരിക്കും.

ഹൃദയരഹസ്യങ്ങള്‍ ചോര്‍ത്തുന്നവര്‍
യേശു ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചിരുന്ന ശിഷ്യന്‍ ആയിരുന്നല്ലോ യോഹന്നാന്‍. അന്ത്യ അത്താഴ വേളയില്‍ യോഹന്നാന്‍ യേശുവിന്റെ വക്ഷസ്സിലേക്ക് ചാരിക്കിടന്നിരുന്നു (യോഹന്നാന്‍ 13/23). പിന്നീടുള്ള രംഗങ്ങള്‍ നാടകീയമായി തോന്നാം. പത്രോസ് യോഹന്നാനോട് ആംഗ്യം കാണിച്ചുകൊണ്ട് അവന്‍ ആരെപ്പറ്റി പറയുന്നു എന്ന് ചോദിക്കുക എന്ന് പറയുന്നു. പത്രോസിന്റെ നിര്‍ബന്ധം ഉള്‍ക്കൊണ്ട യോഹന്നാന്‍ യേശുവിന്റെ വക്ഷസ്സില്‍ ചേര്‍ന്ന് കിടന്നു കൊണ്ട് ചോദിച്ചു, കര്‍ത്താവേ, ആരാണത്? (യോഹന്നാന്‍ 13/25).
ഈശോയുടെ വക്ഷസ്സില്‍ ആ നിമിഷംവരെ ചാരിക്കിടന്ന യോഹന്നാന്‍, യേശു തന്റെ മുപ്പത്തിമൂന്നു വര്‍ഷക്കാലത്തെ ജീവിതത്തില്‍ വെളിപ്പെടുത്താത്ത ഹൃദയരഹസ്യം മനസ്സിലാക്കാന്‍ അവന്റെ ചങ്കോട് ചേര്‍ന്ന് കിടന്നു. തന്റെ ഹൃദയത്തോടുള്ള ഈ ചേര്‍ന്നുകിടക്കല്‍ ഈശോയെ സ്‌നേഹത്തിന്റെ പാരമ്യതയില്‍ ബലഹീനനാക്കി. അതുവരെ ആരോടും വെളിപ്പെടുത്താത്ത തന്റെ ഹൃദയരഹസ്യം ചോദിച്ചമാത്രയില്‍ യോഹന്നാനോട് ഈശോ വെളിപ്പെടുത്തി. യേശു ഇപ്രകാരം പ്രതിവചിച്ചു, ”അപ്പക്കഷ്ണം മുക്കി ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ തന്നെ” (യോഹന്നാന്‍ 13/26).

ഈശോ ഓരോ ആത്മാക്കളോടും ഇങ്ങനെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ആത്മാക്കളെക്കുറിച്ചുള്ള അവന്റെ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍, എല്ലാം… ദിവ്യകാരുണ്യമുഖത്തിന് മുന്നില്‍ ശാന്തരായിരിക്കാന്‍ അറിയുന്നവര്‍ വളരെ കുറവാണ്… അവരില്‍ ഒരാള്‍ ആയിത്തീരുകയല്ല നമ്മുടെ ലക്ഷ്യം. വിശുദ്ധ യോഹന്നാനെപ്പോലെ ഈശോയുടെ ഹൃദയത്തിനു മുകളില്‍ വിശ്രമിക്കാന്‍ കഴിയുന്നവര്‍ ആകണം.
എന്റെ ദിവ്യകാരുണ്യമുഖം തേടുന്നതില്‍ ഉറച്ചു നില്‍ക്കുന്നവര്‍ എന്റെ എല്ലാ ഹൃദയരഹസ്യങ്ങളും വായിച്ചു തുടങ്ങും. ആത്മാക്കള്‍ക്കായുള്ള എന്റെ സ്‌നേഹത്തിന്റെ തേടിപ്പിടിക്കാന്‍ സാധ്യമല്ലാത്ത ആഴങ്ങള്‍ കണ്ടെത്തിത്തുടങ്ങും (ഇന്‍ സിനു ജേസു, പേജ് 83).

രാത്രിയാരാധനയുടെ ശക്തി കാണുക
പത്രോസ് കാരാഗൃഹത്തില്‍ സൂക്ഷിക്കപ്പെട്ടപ്പോള്‍ സഭ അവനുവേണ്ടി ദൈവത്തോട് തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. കാരാഗൃഹത്തില്‍ പത്രോസ് ഇരുചങ്ങലകളാല്‍ ബന്ധിതനായി രണ്ടു പടയാളികളുടെ മദ്ധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാര്‍ കാരാഗൃഹവാതില്‍ക്കല്‍ കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് പത്രോസിനെ തട്ടി ഉണര്‍ത്തി. അവന്റെ കൈകളില്‍നിന്ന് ചങ്ങലകള്‍ താഴെ വീണു. പത്രോസ് അത്ഭുതകരമായി കാരാഗൃഹത്തില്‍നിന്ന് പുറത്തു വന്നു… (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 12/5-7).
ഒരു പ്രത്യേക ആവശ്യമോ നിയോഗമോ നിന്നെ ഭരമേല്പിക്കുമ്പോള്‍ എന്റെ ദിവ്യകാരുണ്യഹൃദയത്തോട് അപേക്ഷിക്കുക. എന്റെ ദിവ്യകാരുണ്യ ഹൃദയത്തോട് നീ അപേക്ഷിക്കുമ്പോഴൊക്കെ ഞാന്‍ ദയാര്‍ദ്രനാകും (ഇന്‍ സിനു ജേസു, പേജ് 100).

”അര്‍ദ്ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു. തടവുകാര്‍ അത് കേട്ടുകൊണ്ടിരുന്നു പെട്ടെന്ന് ഒരു ഭൂകമ്പം ഉണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി. എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു” (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 16/25-26). ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്ന പൗലോസിന്റെയും സീലാസിന്റെയുംമാത്രമല്ല ദൈവസ്തുതി കേട്ടുകൊണ്ടിരുന്ന തടവുകാരുടെയും ചങ്ങലകള്‍ അഴിഞ്ഞു വീണു. രാത്രി ആരാധനയുടെ ശക്തിയാണ് കാരാഗൃഹത്തിനുള്ളില്‍ വെളിപ്പെട്ടത്. രാത്രിയിലെ ജാഗരണപ്രാര്‍ത്ഥനകളുടെ ശക്തി നാം തിരിച്ചറിയണം.
”രാത്രിയില്‍ എന്റെ ദിവ്യകാരുണ്യ മുഖത്തിന് മുന്നില്‍ ഉണര്‍ന്നിരിക്കുന്നവര്‍ക്കായി പ്രത്യേക കൃപകള്‍ മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. രാത്രിയില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ പിതാവിനോടുള്ള എന്റെ നിശാജാഗരണത്തെ അനുകരിക്കുന്നു. രാത്രിയുടെ നിശബ്ദതയില്‍ എന്റെ പിതാവിനോട് സംസാരിച്ചുകൊണ്ട്, ഉറങ്ങുന്ന ലോകത്തിന്റെ ആകുലതകളും സൃഷ്ടിയുടെ നെടുവീര്‍പ്പുകളും എന്റെ പ്രാര്‍ത്ഥനയില്‍ ഏറ്റെടുത്തുകൊണ്ട് എത്രയോ വട്ടം ഞാന്‍ പിതൃസന്നിധിയില്‍ ഉണര്‍ന്നിരുന്നിട്ടുണ്ട്. ആത്മാക്കള്‍ക്ക് മറ്റവസരങ്ങളില്‍ ഞാന്‍ നല്‍കാത്ത ഒരു വ്യക്തതയും സമാധാനവും രാത്രിപ്രാര്‍ത്ഥനയില്‍ നീ കണ്ടെത്തും” (ഇന്‍ സിനു ജേസു, പേജ് 100).

സക്രാരികളില്‍നിന്നുള്ള നിലവിളി
ഇന്ന് അനേകം സക്രാരികളില്‍ ഈശോ തനിച്ചാണ്… അവഗണിക്കപ്പെട്ടു കിടക്കുന്നവനാണ്… ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്ക് കഴിഞ്ഞില്ലേ (മാര്‍ക്കോസ് 14/37) എന്ന ഗദ്‌സമനിയില്‍ ചോര വിയര്‍ത്ത യേശുവിന്റെ വിലാപം നിരവധി സക്രാരികളില്‍നിന്ന് നമുക്ക് നേരെ നിലവിളിക്കുന്നു…
ദിവ്യകാരുണ്യ ചാപ്പലുകളിലേക്ക് ഓടി എത്താന്‍ കഴിയുന്നില്ലെങ്കിലും തങ്ങള്‍ ആയിരിക്കുന്ന ഇടങ്ങള്‍ ഈശോയുടെ സക്രാരികളാക്കുന്നവര്‍ ലോകത്തില്‍ ഇന്നുണ്ട്. വര്‍ഷങ്ങളായി ചില വീടുകളിലെ ടെലിവിഷനുകളില്‍ ഇരുപത്തിനാലു മണിക്കൂറും ദിവ്യകാരുണ്യ ആരാധന ഓണാക്കിയിടുന്നവരുണ്ട്. ഓഫീസില്‍ ആയിരിക്കുമ്പോള്‍ മൊബൈലിലോ ലാപ്‌ടോപ്പിലോ ഒക്കെ ഓണ്‍ലൈന്‍ സൈലന്റ് ആരാധനകള്‍ ഓണ്‍ ചെയ്തുവച്ച് ആരാധിക്കുന്ന നസ്രായന്റെ കൂട്ടുകാരും അനേകമുണ്ട്.

എന്നോട് സഹതപിക്കുന്നവര്‍ ഉണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി, ആരെയും ഞാന്‍ കണ്ടില്ല എന്ന ഈശോയുടെ ആഴമേറിയ ദുഃഖത്തെ നമ്മുടെ സാന്നിധ്യം കൊണ്ട് മായ്ക്കാം.
”എന്റെ ദിവ്യകാരുണ്യ മുഖം തേടുക. എന്റെ സ്‌നേഹകൂദാശയിലെ തുറക്കപ്പെട്ട ഹൃദയത്തോട് വളരെ അടുത്തായിരിക്കുക. ഇവയെല്ലാം ചെയ്യുക. ബാക്കിയെല്ലാം അമര്‍ത്തികുലുക്കി, നിറച്ചളന്ന് നിനക്ക് നല്‍കപ്പെടും” (ഇന്‍ സിനു ജേസു, പേജ് 111)

ആന്‍ മരിയ ക്രിസ്റ്റീന