ഒരു ‘വിളി’ പച്ചമലയാളത്തില്‍ – Shalom Times Shalom Times |
Welcome to Shalom Times

ഒരു ‘വിളി’ പച്ചമലയാളത്തില്‍

എന്‍ട്രന്‍സില്‍ നല്ല റാങ്കോടെയാണ് ഞാന്‍ എന്‍ജിനീയറിംഗ് പഠനത്തിന് ചേര്‍ന്നത്. മികച്ച കോളേജുകളിലൊന്നായ കൊച്ചി രാജഗിരി എന്‍ജിനീയറിംഗ് കോളേജിലായിരുന്നു അഡ്മിഷന്‍ ലഭിച്ചതും. അന്നത്തെ ഏറ്റവും ജോലിസാധ്യതയുള്ള എന്‍ജിനീയറിംഗ് വിഷയമായ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്തന്നെ തെരഞ്ഞെടുക്കാനും കഴിഞ്ഞു. കോളേജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുമ്പോള്‍, അവിടെ ‘അടിച്ചുപൊളിക്കണം’ എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ജീസസ് യൂത്ത് കൂട്ടായ്മയുടെ ഭാഗമായതിനാല്‍ ഈശോയെ വേദനിപ്പിക്കുന്നതെല്ലാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. പക്ഷേ ഈശോയോട് ചേര്‍ന്ന് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ജീവിതം വളരെ സന്തോഷകരമാകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

പഠനം തകൃതിയായി നടക്കവേതന്നെ ‘ഹുവായി’ എന്ന ഇന്‍ര്‍നാഷനല്‍ ചൈനീസ് കമ്പനിയില്‍ അതുവരെ വന്നതില്‍വച്ച് ഏറ്റവും നല്ല ശമ്പളത്തില്‍ മികച്ച ജോലി കിട്ടി. സങ്കീര്‍ത്തനം 37/4 പറയുന്നുണ്ട്- ”കര്‍ത്താവില്‍ ആനന്ദിക്കുക, അവിടുന്ന് നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.” ഈശോയ്ക്കുവേണ്ടി സന്തോഷത്തോടെ കുറച്ച് സമയം കൊടുത്താല്‍ ഈശോ അതിനെക്കാളുപരിയായി നമ്മെ അനുഗ്രഹിക്കുമെന്ന് ബോധ്യപ്പെടുത്തുന്ന സംഭവംകൂടിയായിരുന്നു അത്.

ജോലിസ്ഥലം ബാംഗ്ലൂര്‍ ആയിരുന്നു. പക്ഷേ ഒരു വര്‍ഷമായപ്പോഴേക്കും കമ്പനി എന്നെ ചൈനയിലേക്ക് വിട്ടു. അപ്പോള്‍ ഇന്‍ഡ്യയിലെയും ചൈനയിലെയും ശമ്പളം ലഭിക്കുമായിരുന്നു. അവധിസമയത്ത് സ്ഥലങ്ങള്‍ കാണാന്‍ പോകും. തികച്ചും ‘അടിപൊളി ലൈഫ്.’ പക്ഷേ പഴയ കോളേജ് കാലത്തെ സന്തോഷം ഇല്ലാത്തതുപോലെ…
അതിനാല്‍ കോളേജിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി പ്രൊഫസറാകാനായി റിസര്‍ച്ച് ഫെലോ എക്‌സാം എഴുതി. യു.എസില്‍ മാസ്‌റ്റേഴ്‌സ് ബിരുദം ചെയ്യാനായിരുന്നു ചിന്തിച്ചത്. ഒരുക്കമെന്ന നിലയില്‍, ബാംഗ്ലൂരിലേക്ക് മടങ്ങി അവിടെ ജോലി തുടര്‍ന്നു. ഒരു ജീസസ് യൂത്ത് സുഹൃത്ത് പറഞ്ഞതുപ്രകാരം ജര്‍മനിയില്‍ പഠനാവസരത്തിന് ശ്രമിക്കാനും തുടങ്ങി. ആ സമയത്താണ് ജീവിതത്തില്‍ ശ്രദ്ധേയമായ ഒരു ദൈവാനുഭവം ഉണ്ടാകുന്നത്.

ഈശോയോട് പറഞ്ഞ ‘യെസി’ന്റെ കഥ
ആ ദിവസം ഇന്നും ഓര്‍ക്കുന്നുണ്ട്, 2009 ജൂണിലെ ഒരു ഞായറാഴ്ച. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജിനടുത്തുള്ള സെന്റ് തോമസ് ദൈവാലയത്തില്‍ പോയി. കൂടെ എന്റെ ചേട്ടനുമുണ്ട്. ആ വിശുദ്ധ കുര്‍ബാന എനിക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു. വൈദികനാവാന്‍ ഈശോ എന്നെ വിളിക്കുന്നെന്ന ശക്തമായ ഒരു പ്രചോദനം. അടുത്ത് ചേട്ടന്‍ ഇരിക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാന കഴിഞ്ഞാല്‍ ഉടനെ ഇക്കാര്യം ചേട്ടനോട് പറയണം. പിന്നെ വീട്ടിലേക്ക് വിളിക്കണം. നാളെത്തന്നെ സെമിനാരിയില്‍പ്പോകണം- ഇതൊക്കെയാണ് അപ്പോഴത്തെ എന്റെ ചിന്ത. അത്രയും ശക്തമായ പ്രചോദനമായിരുന്നു അത്. ഒടുവില്‍ ദിവ്യബലി കഴിഞ്ഞ് അവിടെയിരുന്നു. അപ്പോള്‍ വല്ലാത്ത സംശയം, ”ഇതെല്ലാം ചുമ്മാ തോന്നുന്നതാണോ? ഈശോയോട് യെസ് പറഞ്ഞാല്‍ പാലിക്കണ്ടേ…”

ഒടുവില്‍ ഈശോയോട് പറഞ്ഞു, ”ഇത് തോന്നലാണോ ഈശോയേ, നിന്റെ വൈദികനാകാനുള്ള യോഗ്യതയൊന്നും എനിക്കില്ല. അച്ചന്‍മാര്‍ വിശുദ്ധിയില്‍ ജീവിക്കുന്നവരല്ലേ. നീതന്നെയാണോ എന്നെ വിളിക്കുന്നത്… ഇത് നിന്റെ ഇഷ്ടമാണെന്ന് എനിക്ക് എന്ന് മനസിലാക്കിത്തരുന്നോ അന്ന് ഞാന്‍ യെസ് പറയാം.”
ഇക്കാര്യം അധികമാരോടും പറഞ്ഞില്ല. പക്ഷേ സിസ്റ്ററായ എന്റെ ചേച്ചിയോട് പങ്കുവച്ചു. പക്ഷേ എങ്ങനെയാണ് ഇത് തിരിച്ചറിയുക എന്ന ഒരു ചോദ്യം എന്റെയുള്ളിലുണ്ടായിരുന്നു. ഇടയ്ക്ക് ഈശോ എനിക്ക് ചില വചനഭാഗങ്ങള്‍ വായിക്കാന്‍ പറഞ്ഞുതരാറുണ്ട്. വായിക്കുമ്പോഴേ അത് ഏതാണെന്ന് മനസിലാവുകയുള്ളൂ. അത്തരത്തില്‍, ‘പച്ചമലയാളത്തില്‍, നിന്നെ ഞാന്‍ വൈദികനാകാന്‍ വിളിക്കുന്നു’ എന്ന് നേരിട്ട് അര്‍ത്ഥം വരുന്ന ഒരു വചനഭാഗം കിട്ടണം എന്ന് ഞാന്‍ മനസില്‍ ആഗ്രഹിച്ചിരുന്നു. എങ്കില്‍ വിളി ഉറപ്പിക്കാം. ഇങ്ങനെയൊക്കെയുള്ള ആഗ്രഹത്തോടെയിരിക്കേ ജര്‍മ്മനിയില്‍ പോകാനുള്ള കാര്യങ്ങളെല്ലാം ശരിയായി. 2009 ഒക്‌ടോബറില്‍ ജര്‍മനിയിലെത്തി.

ആ ഡിസംബറായപ്പോള്‍ ഈശോക്ക് ക്രിസ്മസ് ഗിഫ്റ്റ് ആയി എന്ത് കൊടുക്കണം എന്ന് ചിന്തിച്ചു. അതിനുവേണ്ടി പരമാവധി നന്നായി ജീവിക്കാനായിരുന്നു തീരുമാനം. അതിനായി എല്ലാ ദിവസവും വിശുദ്ധ ബലിയില്‍ പങ്കെടുക്കും. എന്നാല്‍ ആ ബലികളില്‍ പുതിയൊരു അത്ഭുതമാണ് എന്നെ കാത്തിരുന്നത്! എല്ലാ ദിവസവും, മുമ്പ്, ബാംഗ്ലൂരില്‍ വിശുദ്ധ കുര്‍ബാനയ്ക്കുണ്ടായ അതേ അനുഭവം! പക്ഷേ ഒരു തീരുമാനമെടുക്കാന്‍ അപ്പോഴും സാധിച്ചില്ല. ഒടുവില്‍ ക്രിസ്മസും കഴിഞ്ഞ് വര്‍ഷാവസാനമായി. വൈകുന്നേരം വിശുദ്ധ കുര്‍ബാന കഴിഞ്ഞ് പാര്‍ട്ടിക്കൊന്നും പോകാതെ ഒരു ക്രൈസ്തവ ചലച്ചിത്രം കാണാമെന്ന് വിചാരിച്ചു. ‘മിഷന്‍ റ്റു ലവ്’ എന്ന ഡോണ്‍ ബോസ്‌കോയുടെ ജീവചരിത്രമാണ് കിട്ടിയത്. കണ്ടുകൊണ്ടിരിക്കേ 12 മണിയായി.

പടക്കത്തിന്റെ ശബ്ദം പുറത്തുനിന്ന് കേള്‍ക്കാം. പെട്ടെന്ന് ഈശോ അടുത്തടുത്ത് വരുന്ന അനുഭവം! കുറച്ചുകഴിഞ്ഞപോള്‍ ഈശോ തൊട്ടടുത്ത് എത്തി എന്ന് മനസിലായി… ഞാന്‍ കണ്ടുകൊണ്ടിരുന്നത് പോസ് ചെയ്തു. അരികില്‍ വന്നുനിന്ന ഈശോ കടുത്ത വേദനയോടെ എന്നോട് പറഞ്ഞു, ”ഇത്രമാത്രം നിന്നെ സ്‌നേഹിച്ചിട്ടും, ഇത്രമാത്രം അനുഗ്രഹങ്ങള്‍ നിന്റെ ജീവിതത്തില്‍ തന്നിട്ടും… എന്നിട്ടും… നിനക്കെന്നെ വിശ്വാസമില്ലേ?!!” അത് എന്റെ ഹൃദയം തുളയ്ക്കുന്ന ചോദ്യമായിരുന്നു.
”ഈശോയേ, നിന്നെ വേദനിപ്പിക്കാന്‍വേണ്ടിയല്ല ഞാന്‍ യെസ് പറയാത്തത്. ഇത് നിന്റെ ഇഷ്ടമാണോ എന്നറിയാത്തതുകൊണ്ടാണ്…” എന്നെല്ലാം ഞാന്‍ പറഞ്ഞു. പിന്നെ തുടര്‍ന്നു, ”നാളെ ജനുവരി ഒന്ന്. ഞാന്‍ നിന്നെ നാവിലല്ല, കൈയില്‍ സ്വീകരിച്ച് നിന്നെ നോക്കി നിനക്ക് വാക്ക് തരും.”

പിറ്റേ ദിവസം, 2010 ജനുവരി ഒന്ന്. നന്നായി ഒരുങ്ങി വൈകുന്നേരം വിശുദ്ധ കുര്‍ബാനയ്ക്ക് പോയി. കൈയില്‍ ഈശോയെ സ്വീകരിച്ചിട്ട് അല്പം മാറിയിരുന്നു, അവിടുത്തോട് പറഞ്ഞു, ”ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ എന്നെ മനസിലാക്കുന്നത് നീയാണ്. നീ വിളിക്കുകയാണെങ്കില്‍ എന്റെ യെസ് നിനക്ക് ഞാന്‍ തരുന്നു!” ആ വാക്ക് കൊടുത്തുകഴിഞ്ഞപ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലാണെന്ന പ്രതീതി ആയിരുന്നു. സന്തോഷത്താല്‍ ചങ്കുപൊട്ടിപ്പോവുന്നപോ ലെ തോന്നി. എന്റെ അപ്പോഴത്തെ ആഗ്രഹം ആരെയെങ്കിലും പോയി ഒന്ന് കെട്ടിപ്പിടിക്കണം എന്നായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എത്ര വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ചിന്തിച്ചിട്ടും അസ്വസ്ഥതപ്പെടാന്‍പോലും പറ്റുന്നില്ല! അത്രമാത്രം ആനന്ദാവസ്ഥയിലായിരുന്നു ഞാന്‍.

മൂന്നാം ദിവസം, ജനുവരി നാലിന്, ഞാന്‍ റൂമിലിരുന്ന് പ്രോജക്റ്റ് ചെയ്യാന്‍ തുടങ്ങുന്ന സമയം. ഒരു ജപമാലരഹസ്യം ചൊല്ലിയിട്ട് പഠനം തുടങ്ങാം എന്ന് കരുതി. അപ്പോള്‍ മുട്ടുകുത്താന്‍ പ്രേരണ. പിന്നെയുമതാ, ഒരു ജപമാല മുഴുവന്‍ ചൊല്ലാന്‍ ഈശോ പ്രേരിപ്പിക്കുന്നു. അതെനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതിനാല്‍ ഞാന്‍ നല്ല വേഗത്തില്‍ ചൊല്ലാന്‍ തുടങ്ങി. അപ്പോഴാകട്ടെ വേഗത കുറയ്ക്കാന്‍ ഈശോ ആവശ്യപ്പെടുന്നതുപോലെ… അതും അനുസരിച്ചു. തുടര്‍ന്ന് മരിച്ച വിശ്വാസികള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പ്രേരണ. ഈശോ തന്ന ചിന്തകളെല്ലാം അനുസരിച്ച് പ്രാര്‍ത്ഥിച്ചുകഴിഞ്ഞപ്പോള്‍ പിന്നെ ഈശോയുടെ സ്വരമൊന്നും കേള്‍ക്കുന്നില്ല.

അപ്പോള്‍ സാമുവലിന്റെ കാര്യം ഓര്‍മവന്നു. ‘അരുള്‍ചെയ്താലും, ദാസനിതാ ശ്രവിക്കുന്നു’ എന്ന് പറഞ്ഞു. ഉടനെ ഈശോയുടെ സ്വരം, ”യോഹന്നാന്‍ 13/13 വായിക്കുക.” ഞാനതെടുത്തു. 13-14 വചനങ്ങള്‍ ഇപ്രകാരമാണ്, ”നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്. നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.” അത് ഈശോ പൗരോഹിത്യം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വചനഭാഗമാണ്. പക്ഷേ ഞാന്‍ മുമ്പ് ആവശ്യപ്പെട്ടതുപോലെ നേരിട്ട്, ‘നീ എന്റെ പുരോഹിതനാകണം’ എന്ന് അര്‍ത്ഥം വരുന്ന വചനമല്ലല്ലോ എന്ന ചിന്ത മനസില്‍ വന്നു..

ഞാനിപ്രകാരം ചിന്തിച്ചയുടനെ ഈശോയുടെ സ്വരം, ”ഏശയ്യാ 61 മുഴുവന്‍ വായിക്കുക!” ഞാന്‍ ആ ഭാഗം എടുത്തു, ”ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്….” അത് കണ്ടയുടനെ ഞാന്‍ പറഞ്ഞു, ”ഇത് മതി. ഇനി കൂടുതല്‍ ഉറപ്പ് എനിക്ക് വേണ്ട.” ആദ്യത്തെ രണ്ട് വചനങ്ങള്‍വരെ വായിച്ച് ഞാന്‍ നിര്‍ത്താന്‍ തുടങ്ങുകയായിരുന്നു. പക്ഷേ ഈശോ പറഞ്ഞു, ”നിന്നോട് ഞാന്‍ മുഴുവന്‍ വായിക്കാനാണ് പറഞ്ഞത്. മുഴുവന്‍ വായിക്ക്.”
അങ്ങനെ വായന തുടര്‍ന്ന് ആറാം വചനത്തില്‍ എത്തി. അതോടെ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി! അവിടെ ഇങ്ങനെയാണ് എഴുതിയിരുന്നത്, ”കര്‍ത്താവിന്റെ പുരോഹിതരെന്ന് നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകരെന്ന് നിങ്ങള്‍ അറിയപ്പെടും…” ഞാന്‍ ആവശ്യപ്പെട്ടതുപോലെ നേരിട്ട് എന്നെ വൈദികനാകാന്‍ വിളിക്കുന്ന വചനം!!

പിന്നെ 62-ാം അധ്യായവും മുഴുവന്‍ വായിക്കാന്‍ പറഞ്ഞു. അതെല്ലാം വായിച്ച് എന്റെ പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി അങ്ങേയറ്റം ഉറപ്പാക്കി. തുടര്‍ന്ന് എന്റെ ആഗ്രഹം വീട്ടില്‍ പറഞ്ഞു. എങ്കിലും പഠനം പൂര്‍ത്തിയാക്കാം എന്നായിരുന്നു പ്രിയപ്പെട്ടവരുടെയെല്ലാം ഉപദേശം. അത് ഞാന്‍ സ്വീകരിച്ചു. പക്ഷേ അവിടത്തെ രണ്ട് വര്‍ഷത്തിന്റെ പഠനത്തിന്റെ ചെലവ് വീട്ടുകാര്‍ക്കെല്ലാം ഭാരമാവില്ലേ എന്നൊരു ചിന്തയുണ്ടായി. തുടര്‍ന്ന് ഞാന്‍ ജോലി ചെയ്യാന്‍ പോകുന്നില്ലല്ലോ. അതിനാല്‍ ഈശോയോട് പറഞ്ഞു, ”എങ്ങനെയെങ്കിലും ചെലവിനുള്ള തുക കണ്ടെത്താന്‍ സഹായിക്കണം.”

പഠനവും ദൈവാനുഭവങ്ങളും
ജര്‍മ്മനിയില്‍, രണ്ടാമത്തെ സെമസ്റ്റര്‍വരെയും ക്രെഡിറ്റ് ആയി പണമെടുത്താണ് പഠിച്ചത്. പിന്നെ പഠനത്തില്‍ അല്പം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അങ്ങനെ ആദ്യവര്‍ഷത്തെ പഠനം പൂര്‍ത്തിയായ സമയത്ത് ഒരു പ്രൊഫസര്‍ പറഞ്ഞു, അദ്ദേഹത്തിന്റെ കീഴിലുള്ള ഫ്രോണ്‍ഹോഫര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ തീസിസ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന്. ഞാനും അപേക്ഷിച്ചു. അവര്‍ ഇന്റര്‍വ്യൂ നടത്തി. 400 യൂറോ കിട്ടിയാല്‍മതിയെന്നായിരുന്നു എന്റെ ചിന്ത. പക്ഷേ അവര്‍ എന്നെ 2000 യൂറോ ശമ്പളത്തില്‍ ഫുള്‍ ടൈം അസിസ്റ്റന്റ് റിസര്‍ച്ചര്‍ ആയി ജോലിക്ക് എടുത്തു! ഞാന്‍ ചെയ്യുന്നത് എന്റെ പഠനത്തിന്റെ ഭാഗമായുള്ള തീസിസ് ആണെങ്കിലും അവര്‍ക്ക് അത് ജര്‍മ്മന്‍ മിലിട്ടറിക്കുവേണ്ടി ചെയ്യുന്ന പ്രോജക്റ്റ് ആയിരുന്നു. അതിനാല്‍ അവര്‍ എംബസിയില്‍ പ്രത്യേകം കത്തെല്ലാം നല്കി സ്റ്റുഡന്റ് വിസയില്‍ത്തന്നെ മുഴുവന്‍സമയജോലി ചെയ്യാനുള്ള പ്രത്യേക അനുവാദം എനിക്ക് നേടിത്തന്നു.

ഈശോയുടെ വഴികള്‍ എത്ര ഉന്നതം! ഞാന്‍ പഠനച്ചെലവ് കണ്ടെത്താനുള്ള ഒരു പാര്‍ട്ട് ടൈം ജോലിയാണ് ആഗ്രഹിച്ചതെങ്കില്‍ ഈശോ എന്റെ പഠനത്തിനുതന്നെ ശമ്പളം തന്നു. മാത്രവുമല്ല ആദ്യത്തെ 2000 യൂറോ പിന്നെ വര്‍ധിപ്പിച്ച് 2500 യൂറോ ശമ്പളമാക്കി. വീണ്ടും നല്ല ജോലി അവര്‍ ഓഫര്‍ ചെയ്തു. ഞാനത് സ്വീകരിച്ചില്ല. എന്റെ ആഗ്രഹം വേറെയാണല്ലോ. തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കി അല്പനാള്‍ ജോലിയും ചെയ്ത് ഞാന്‍ ജര്‍മ്മനിയില്‍നിന്ന് മടങ്ങി. ധ്യാനശൈലിയിലുള്ള ഫ്രാന്‍സിസ്‌കന്‍ സന്യാസസമൂഹത്തില്‍ ചേരാനായിരുന്നു എന്റെ ആഗ്രഹം. പക്ഷേ വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ചൈതന്യത്തിലുള്ള സലേഷ്യന്‍ സമൂഹത്തില്‍ ചേരാന്‍ ഈശോ തന്ന വ്യക്തമായ ബോധ്യമനുസരിച്ച് ഞാന്‍ പ്രസ്തുത സമൂഹത്തില്‍ ചേര്‍ന്നു. ഈശോതന്നെ നിര്‍ദേശിച്ചതനുസരിച്ച് വായിച്ച വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയും തീരുമാനമെടുക്കാന്‍ സഹായമായി.

സലേഷ്യന്‍ സമൂഹത്തില്‍ ചേര്‍ന്ന് 2022 ജനുവരി ഒന്നിന് ഞാന്‍ വൈദികനായി അഭിഷിക്തനായി. 2010 ജനുവരി ഒന്നിന് ‘യെസ്’ പറഞ്ഞ് 12 വര്‍ഷങ്ങള്‍ക്കുശേഷം അതേ ദിവസം ഈശോ തന്റെ വാക്ക് നിറവേറ്റി!
ഈശോ തന്ന അനുഭവങ്ങളുടെ വെളിച്ചത്തില്‍ എനിക്ക് പറയാനുള്ളത് ഇതാണ്, ഭയപ്പെടരുത്. നമ്മള്‍ തനിച്ചല്ല. ഈശോ കൂടെയുണ്ട്. കൂടെയുള്ളത് ആരാണെന്ന് അറിയാത്തതുകൊണ്ടാണ് നമ്മള്‍ ഭയപ്പെടുന്നത്. എല്ലാം ഈശോയുടെകൂടെ ചെയ്യുക. ഏത് കാര്യം ചെയ്യുമ്പോഴും ”എനിക്ക് തനിയെ ഇത് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. നീയും കൂടെ വാ, നമുക്ക് ഒന്നിച്ച് ചെയ്യാം” എന്ന് പറയുക. അതൊന്നും കുട്ടിക്കളിയല്ല. അതാണ് ഈശോയ്ക്കിഷ്ടം. അങ്ങനെ ചെയ്യുമ്പോള്‍ ഈശോ എല്ലാം ക്രമീകരിച്ചുതരും.

ഫാ. ജോണ്‍സ് ജോര്‍ജ് മഞ്ചപ്പിള്ളില്‍ എസ്.ഡി.ബി

കോതമംഗലം രൂപതയിലെ തൊടുപുഴ കദളിക്കാട് വിമലമാതാ ഇടവകാംഗമാണ് ഫാ. ജോണ്‍സ്. ആസ്സാം, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദിമാപൂര്‍ സലേഷ്യന്‍ പ്രൊവിന്‍സിനുകീഴിലാണ് വൈദികനായി അഭിഷിക്തനായത്. ഇപ്പോള്‍ റോമില്‍ പഠനം നടത്തുന്നു.