സ്‌നേഹിച്ച മറിയത്തോട് കോപിക്കേണ്ടിവന്നപ്പോള്‍… – Shalom Times Shalom Times |
Welcome to Shalom Times

സ്‌നേഹിച്ച മറിയത്തോട് കോപിക്കേണ്ടിവന്നപ്പോള്‍…

 

പാക്കിസ്ഥാനിലാണ് ഞാന്‍ ജനിച്ചത്. നാലാം വയസില്‍ ഞങ്ങളുടെ കുടുംബം ആഫ്രിക്കയിലേക്ക് പോയി. രണ്ട് ഇളയ സഹോദരിമാരാണ് എനിക്ക്. ഷിയാ മുസ്ലിമുകളായിരുന്നു ഞങ്ങള്‍. നല്ല മനുഷ്യരായിരിക്കാന്‍ മാതാപിതാക്കള്‍ പഠിപ്പിച്ചു. ആഫ്രിക്കയില്‍ ജീവിതം വളരെ ലളിതമായിരുന്നു. പുസ്തകവായന ശീലമായതിനാല്‍ ഞാന്‍ ലോകം കണ്ടത് ആ പുസ്തകങ്ങളിലൂടെയാണ്. എല്ലാ വര്‍ഷവും ഞങ്ങള്‍ പാക്കിസ്ഥാനില്‍ പോകുമായിരുന്നു. ഇടയ്ക്ക് അമേരിക്കയിലും പോകും, അവിടെ ബന്ധുക്കളുള്ളതിനാല്‍. അങ്ങനെ ഞാന്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ പഠനത്തിന്റെ ആദ്യവര്‍ഷത്തില്‍ എത്തിയപ്പോള്‍, പതിനാറാം വയസില്‍, മാതാപിതാക്കള്‍ എന്റെ വിവാഹം ഉറപ്പിച്ചു. എനിക്ക് കോളേജില്‍ പോകണമെന്നെല്ലാം ആഗ്രഹിച്ചെങ്കിലും അത് അത്ര പ്രായോഗികമായിരുന്നില്ല. എന്നെ പാക്കിസ്ഥാനില്‍ വിവാഹം കഴിപ്പിച്ച് കുടുംബം ആഫ്രിക്കയിലേക്ക് തിരികെപ്പോയി. ഞാന്‍ ഭര്‍തൃഗൃഹത്തില്‍ താമസം തുടങ്ങി.

ഭര്‍തൃവീട്ടുകാര്‍ സുന്നി മുസ്ലിമുകളായിരുന്നു. അവരുടെയും എന്റെയും സംസ്‌കാരവും ജീവിതശൈലിയും തികച്ചും വ്യത്യസ്തം. അതുതന്നെ എനിക്ക് വലിയൊരു ‘ഷോക്ക്’ ആയി. അവര്‍ക്ക് എന്നെ അംഗീകരിക്കാനും സാധിച്ചില്ല.
തീര്‍ത്തും നിസ്സഹായയായ ഞാന്‍ ദൈവത്തിലേക്ക് തിരിഞ്ഞു. വിവാഹമോചനം ഒരിക്കലും ചിന്തിക്കാനാവുമായിരുന്നില്ല. മൂത്ത മകളെ ഉദരത്തില്‍ വഹിക്കുന്ന സമയമത്ത് ഞാന്‍ ഖുറാന്‍ കൂടുതലായി വായിക്കാന്‍ തുടങ്ങി. അതിലെ മറിയത്തെക്കുറിച്ചുള്ള അധ്യായം ഞാന്‍ സ്ഥിരമായി വായിച്ചു. അത്രമാത്രം വിശുദ്ധിയുള്ള മറിയം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അപ്പോഴെല്ലാം ദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥന എന്നെ അവിടെനിന്ന് രക്ഷിക്കണേ എന്നതായിരുന്നു. പ്രാര്‍ത്ഥനയുടെ ഒടുവില്‍ ഞങ്ങള്‍, ഭര്‍ത്താവും മക്കളുമൊന്നിച്ച്, മിഡില്‍ ഈസ്റ്റിലേക്ക് പോകാന്‍ തീരുമാനമായി. അവിടെവച്ച് രണ്ടാമത് മകന്‍ ജനിച്ചു. പക്ഷേ ജീവിതം വളരെ ദുസ്സഹമായി, എനിക്ക് പലപ്പോഴും ആത്മഹത്യാപ്രവണതപോലും ഉണ്ടായി.

ന്യൂയോര്‍ക്കില്‍…
അമേരിക്കയിലെത്തിയാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന് ഞാന്‍ എന്റെ പിതാവിനോട് പറഞ്ഞു. ഒടുവില്‍ പിതാവ് എന്റെ അവസ്ഥ മനസിലാക്കി മക്കള്‍ക്കും എനിക്കും അമേരിക്കയിലെത്താന്‍ ഫ്‌ളൈറ്റ് ടിക്കറ്റിനുള്ള തുക അയച്ചുതന്നു. എങ്ങനെയോ ഫ്‌ളൈറ്റ് കയറി ഞങ്ങള്‍ ന്യൂയോര്‍ക്കിലെത്തി. വല്ലാത്ത ഒരു രക്ഷപ്പെടലായിരുന്നു അത്. ന്യൂയോര്‍ക്കില്‍ ജോലി കണ്ടെത്താന്‍ അങ്കിള്‍ സഹായിച്ചു. അങ്കിള്‍തന്നെയാണ് ഡ്രൈവിംഗ് പഠിപ്പിച്ചതും. ന്യൂയോര്‍ക്കില്‍ത്തന്നെ ആദ്യത്തെ അപ്പാര്‍ട്ട്‌മെന്റും കാറും സ്വന്തമായി.
അപ്പോഴെല്ലാം ‘ദൈവം’ എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. എല്ലാ കാര്യങ്ങളിലും ‘അള്ളാ’യെ പ്രീതിപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. വളരെ ഭക്തയായ ഒരു മുസ്ലിം ആയിരുന്നതിനാല്‍ റമദാന്‍ വ്രതം എടുത്തു, ഖുറാന്‍ ഓതി, അഞ്ചുനേരം നിസ്‌കരിച്ചു. മക്കള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ അവര്‍ക്കായി ഞാനൊരു ഖുറാന്‍ അധ്യാപകനെ ഏര്‍പ്പാടാക്കുകപോലും ചെയ്തു. 15 വര്‍ഷത്തോളമായി എന്നെ രക്ഷിക്കാന്‍ ഞാന്‍ ‘അള്ളാ’യോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അമേരിക്കയില്‍ സ്വതന്ത്രമായ ജീവിതം ലഭിച്ചതോടെ എന്റെ പ്രാര്‍ത്ഥനാശൈലി മാറി. അങ്ങ് ആരാണെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കാന്‍ തുടങ്ങി. കാരണം സത്യം എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. ദൈവവുമായുള്ള ബന്ധത്തിന് ഇനിയും ആഴങ്ങളുണ്ടെന്നും അതിലേക്ക് പോകണമെന്നും എനിക്കറിയാമായിരുന്നു. അതിനാല്‍ ഏറെനേരം നിസ്‌കാരപ്പായയില്‍ കുനിഞ്ഞുകിടന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. പക്ഷേ, പ്രാര്‍ത്ഥിക്കുമ്പോള്‍ എനിക്ക് അനുഭവപ്പെട്ടത് മുന്നിലൊരു മതില്‍ ഉള്ളതുപോലെയാണ്, അവിടെ ഇരുട്ടായിരുന്നു. മറുപടിയായി ലഭിച്ചതോ നിശബ്ദതയും. വിശ്വാസത്തിലും ആത്മീയതയിലും ആഴപ്പെടാന്‍ ഞാന്‍ പു സ്തകങ്ങള്‍ തേടിയെങ്കിലും അത്തരം ഗ്രന്ഥങ്ങളൊന്നും കിട്ടിയില്ല.

അസ്വസ്ഥതയുളവാക്കിയ ദൈവാലയം
അങ്ങനെയിരിക്കേ ഒരു ദിവസം ഒരു ടൂറിസ്റ്റ് സ്ഥലം എന്ന നിലയില്‍ നഗരത്തിലെ സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ പോയി. അവിടെയുണ്ടായിരുന്ന യേശുവിന്റെ സ്റ്റെയിന്‍ഡ് ഗ്ലാസ് ചിത്രത്തില്‍നിന്ന് ഈശോ എന്നെ തീവ്രമായി നോക്കുന്നതുപോലെ തോന്നി. ആ അനുഭവം എനിക്ക് അസ്വസ്ഥതയാണ് സമ്മാനിച്ചത്. അതിനാല്‍ത്തന്നെ വേഗം അവിടെനിന്ന് ഇറങ്ങി. പുറത്ത് ഒരു കടയില്‍ മക്കളോടൊപ്പം നില്‍ക്കുമ്പോള്‍ വളരെ മധുരമായ ഒരു സ്വരം, ”തിരികെ വാ!” ഞാന്‍ തിരിച്ചറിഞ്ഞു, അത് മറിയമാണ്! എനിക്ക് അവള്‍ പറയുന്നത് മനസിലാക്കാന്‍ സാധിക്കുമായിരുന്നു. പിന്നില്‍ മറിയത്തിന്റെ നാമത്തിലുള്ള ചാപ്പലിലേക്കാണ് അവളെന്നെ വിളിച്ചത്. എനിക്കവളെ നിഷേധിക്കാനായില്ല, കാരണം മറിയത്തോട് എനിക്ക് അത്രമാത്രം അടുപ്പമുണ്ടായിരുന്നു. പിന്നീട് ഇടയ്ക്കിടെ ഞാന്‍ അവിടെ പോകാന്‍ തുടങ്ങി. ഈ സംഭവമുണ്ടായത് വസന്തകാലത്താണ്. അതുകഴിഞ്ഞ് വന്ന റമദാന്‍ നോമ്പും ഞാന്‍ അനുഷ്ഠിച്ചു.

നാളുകള്‍ക്കകം ആ ഡിസംബര്‍മാസമെത്തി. ആദ്യ ആഴ്ചയില്‍ ഒരു ദിവസം എനിക്കൊരു പ്രത്യേക അനുഭവം. ഞാന്‍ ഗാഢമായ ഉറക്കത്തിലായിരുന്ന സമയത്ത് ആരോ എന്നെ മൃദുവായി തട്ടിവിളിക്കുന്നതുപോലെ… ഞാന്‍ പകുതി ഉണര്‍വിലായി. നേരം പുലരുന്നതേയുള്ളൂ… എന്റെ കിടക്കയ്ക്കരികില്‍ യേശുവും മറിയവും നില്‍ക്കുന്നു! ഞാന്‍ സ്വര്‍ഗത്തിലായിരിക്കുന്നതുപോലെ ഒരു അനുഭവം. ശരീരം കിടക്കയിലാണെങ്കിലും, സന്തോഷംകൊണ്ട് എന്റെ ആത്മാവ് നൃത്തംവയ്ക്കുന്നു… എന്നിലേക്ക് ഒരു വെളിച്ചം അലിഞ്ഞുചേര്‍ന്നു. എന്റെ ജീവിതത്തിന്റെ ആദ്യനിമിഷംമുതല്‍ സകലതും ഞങ്ങള്‍ സംസാരിച്ചു. പിറ്റേന്ന് മുതല്‍ ഞാന്‍ ആളാകെ മാറിയതുപോലെ. ആ ദൈവികസാന്നിധ്യം എന്നെ വലയം ചെയ്യുന്ന കുമിളപോലെ സദാ കൂടെനിന്നു. പക്ഷേ എന്റെ ബുദ്ധി ഇവയോടെല്ലാം തര്‍ക്കിച്ചുകൊണ്ടിരുന്നു.

എവിടെപ്പോയാലും….
അന്നുമുതല്‍ ഞാന്‍ എല്ലാ ക്രൈസ്തവ അടയാളങ്ങളും ശ്രദ്ധിച്ചു തുടങ്ങി. ദൈവാലയങ്ങള്‍, കുരിശുകള്‍, എല്ലാം. അതുവരെ അന്ധയായിരുന്നാലെന്നോണം, ഒന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സ്ഥിരമായി പോയിരുന്ന വഴിയില്‍ അത്രമാത്രം ദൈവാലയങ്ങളുണ്ടായിരുന്നെന്ന് അപ്പോഴാണ് ഞാന്‍ കാണുന്നതുതന്നെ. പിന്നീട് എവിടെപ്പോയാലും ദൈവാലയങ്ങളിലേക്ക് എന്റെ ശ്രദ്ധ ആകര്‍ഷിക്കപ്പെടും, അവിടത്തെ കുരിശില്‍ ഒരു പ്രകാശമുള്ളതുപോലെ അനുഭവപ്പെടും. ഒരു കടയില്‍ പോയാല്‍ അവിടെയിരിക്കുന്ന ബൈബിളിലേക്കോ മറ്റ് ക്രൈസ്തവരൂപങ്ങളിലേക്കോ ആണ് ശ്രദ്ധ പോവുക. അതിനുചുറ്റും പ്രകാശവും കാണാം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതോടെ എനിക്കാകെ അസ്വസ്ഥതയായി. ഞാന്‍ ‘അള്ളാ’യോട് സ്വയം വെളിപ്പെടുത്താന്‍ പ്രാര്‍ത്ഥിച്ചിട്ട് ക്രൈസ്തവകാര്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്തുകൊണ്ട്?

മാത്രവുമല്ല, സ്വപ്നത്തില്‍ ലഭിക്കുന്നതെല്ലാം മറിയത്തിന്റെയും യേശുവിന്റെയും ദര്‍ശനങ്ങളാണ്. ഞാന്‍ കാണുന്ന യേശു അനിഷേധ്യമായ ദൈവികശക്തിയും അധികാരവുമുള്ള ജീവിക്കുന്ന ഒരാളാണ്. എന്റെ വിശ്വാസപ്രകാരം ‘അള്ളാ’ ഏകനാണ്. അവിടുത്തേക്ക് പുത്രനില്ല. ഈസാ പ്രവാചകന്‍മാത്രമാണ്. എനിക്കുണ്ടാകുന്ന അനുഭവങ്ങളാകട്ടെ അപ്രകാരമല്ലതാനും. ഇന്റര്‍നെറ്റില്‍ ക്രൈസ്തവികതയെക്കുറിച്ച് സേര്‍ച്ച് ചെയ്യാനോ ബൈബിള്‍ വായിക്കാനോ ധൈര്യപ്പെട്ടുമില്ല. അതെന്നെ വഴിതെറ്റിക്കുമെന്ന് ഞാന്‍ ഭയന്നു. ഇതിനിടയില്‍ മറിയം എന്നെ പല ക്രൈസ്തവകേന്ദ്രങ്ങളിലേക്കും ആകര്‍ഷിച്ചു, അവിടെ പോകാതിരിക്കാനാവുന്നുമില്ല. ഈ ദര്‍ശനങ്ങളും സ്വപ്നങ്ങളും എങ്ങനെയെങ്കിലും ഒന്നവസാനിച്ചാല്‍മതി എന്നായി എന്റെ ചിന്ത. ഇപ്രകാരം ഒന്നരവര്‍ഷം കടന്നുപോയി.

മറിയത്തോട് കോപിച്ച ദിവസം
ഒരു ദിവസം, പലപ്പോഴും ഉണ്ടാകാറുള്ളതുപോലെ, മറിയത്തിന്റെ എതിര്‍ക്കാനാവാത്ത പ്രേരണയില്‍ തുറസായ സ്ഥലത്തുള്ള ഒരു ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തി. ആശയക്കുഴപ്പങ്ങളാല്‍ പഴയ ഇസ്ലാം മതത്തിലേക്ക് തിരികെപ്പോകണമെന്ന് ചിന്തിച്ചിരുന്ന ഞാന്‍, അവിടെയുള്ള മറിയത്തിന്റെ രൂപത്തിനുമുമ്പില്‍ചെന്ന് കോപത്തോടെ ചോദിച്ചു, ”നിനക്കെന്നില്‍നിന്ന് എന്താണ് വേണ്ടത്? നീയെന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്?”
പെട്ടെന്ന് എന്റെ ശരീരത്തില്‍ ഒരു കൈ പതിക്കുന്നത് ഞാനറിഞ്ഞു. ആ കൈകള്‍ എന്നെ തിരിച്ചുനിര്‍ത്തി. നോക്കിയപ്പോള്‍ അവിടെ കണ്ടത് യേശുവിന്റെ രൂപമാണ്. എനിക്കതിലേക്ക് നോക്കാതിരിക്കാനാവുമായിരുന്നില്ല. ഞാന്‍ ഉരുകിപ്പോകുമെന്ന് തോന്നി. എനിക്കാകെ അനുഭവപ്പെട്ടത് സ്‌നേഹംമാത്രമാണ്. ഞാന്‍ മറിയത്തോട് എന്നില്‍നിന്ന് എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ എന്നെ അവളുടെ മകനിലേക്ക് തിരിച്ചു. അങ്ങനെ ഞാന്‍ ആ ദൈവാലയത്തില്‍ എല്ലാ ദിവസവും പോകാന്‍ തുടങ്ങി. പിന്നീട് മറിയത്തിനരികിലേക്കല്ല, ഈശോയുടെ രൂപത്തിനരികിലേക്കാണ് ഞാന്‍ പോയിക്കൊണ്ടിരുന്നത്. സ്വന്തം ഹൃദയം ചൂണ്ടിക്കാണിക്കുന്ന രൂപത്തിനുമുന്നിലേക്ക്. അവിടെ ഞാന്‍ മണിക്കൂറുകളോളം ചെലവഴിക്കും. ഞാനവനെ തിരസ്‌കരിക്കാന്‍ ശ്രമിച്ചു, പക്ഷേ എനിക്കവനെ ഉപേക്ഷിച്ച് മുന്നോട്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. ഞാനവനിലേക്ക് അത്രമാത്രം ആകര്‍ഷിക്കപ്പെട്ടിരുന്നു.

സ്വപ്നങ്ങള്‍ അപ്പോഴും എന്നെ പിന്തുടര്‍ന്നു; സ്‌നേഹംകൊണ്ട് മരിച്ചുപോകുമോ എന്ന് തോന്നുന്നത്ര തീവ്രമായി സ്‌നേഹിക്കപ്പെടുന്ന സ്വപ്നങ്ങള്‍. ഒടുവില്‍ ജോലിസ്ഥലത്തെ ക്രിസ്ത്യന്‍ കൂട്ടുകാരിയോട് ഞാന്‍ ഈ അനുഭവങ്ങള്‍ പങ്കുവച്ചു. ”ഓ നീ എത്ര അനുഗ്രഹിക്കപ്പെട്ടവളാണ്” എന്നതായിരുന്നു അവളുടെ പ്രതികരണം. എനിക്കാണെങ്കില്‍ ഇതെല്ലാം ഒന്നവസാനിച്ചിരുന്നെങ്കില്‍ എന്നാണ് ആഗ്രഹം. ”നീയെന്റെ ദൈവാലയത്തില്‍ വരണം,” അവള്‍ ആവശ്യപ്പെട്ടു. ഞാനതിന് തയാറായിരുന്നില്ല. പക്ഷേ എല്ലാ അനുഭവങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു…..
ശേഷം അടുത്തലക്കത്തില്‍
അവലംബം: EWTN ടി.വി ചാനലിലെ ‘ജേര്‍ണി ഹോം’ പരിപാടി.