ഗെയിം പ്ലാന്‍ മാറ്റണോ? – Shalom Times Shalom Times |
Welcome to Shalom Times

ഗെയിം പ്ലാന്‍ മാറ്റണോ?

വൈകുന്നേരം ഞങ്ങള്‍ സെമിനാരിയില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുസമയമായിട്ടും കളി ഉഷാറാകുന്നില്ല. അതുകൊണ്ട് ബാക്കിയുള്ള സമയം മൂന്ന് രീതിയില്‍ മുന്നോട്ടുപോകുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചു. ഒന്നാമതായി, കളി അവിടെവച്ചു നിര്‍ത്തുക. രണ്ടാമതായി, നിലവില്‍ പോകുന്നതുപോലെ സമയം തീരുംവരെ ഉഴപ്പിത്തന്നെ കളിച്ചു തീര്‍ക്കുക. മൂന്നാമതായി, എല്ലാവരെയും തുടക്കത്തിലേതുപോലെ ഒന്നുകൂടി വിളിച്ചുകൂട്ടി ടീമില്‍ അഴിച്ചുപണി നടത്തി ഗെയിം നന്നായി പ്ലാന്‍ ചെയ്യുക. നിങ്ങള്‍ക്കറിയാമോ, ഇതില്‍ മൂന്നാമത്തേതാണ് വിജയം കണ്ടത്.
മേല്‍പ്പറഞ്ഞവയില്‍ ഏതാണ് നല്ലതെന്നാണ് നിങ്ങള്‍ക്ക് തോന്നിയത്? മൂന്നാമത്തേതല്ലേ?
നമ്മുടെ ആത്മീയജീവിതത്തിലും ഇത്തരമൊരു അഴിച്ചുപണിയലാണ് മറ്റു രണ്ടു ശൈലിയേക്കാള്‍ ഉടനെ വേണ്ടത്. വിശ്വാസജീവിതം തത്കാലത്തേക്ക് നിര്‍ത്തി ജീവിതം തകര്‍ക്കുന്നതും ആത്മീയമന്ദതയോടെ ജീവിതം തള്ളിനീക്കുന്നതും ആരോഗ്യകരമായ ഒന്നല്ല. പിന്നെയോ, ഒരു അഴിച്ചുപണിക്കും പുനഃപരിശോധനയ്ക്കും തയ്യാറായി അതനുസരിച്ചു ജീവിതത്തെ ക്രമപ്പെടുത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

ഓര്‍ക്കുക, ”ശാരീരികമായ പരിശീലനംകൊണ്ട് കുറച്ച് പ്രയോജനമുണ്ട്, എന്നാല്‍ ആത്മീയത എല്ലാവിധത്തിലും വിലയുള്ളതാണ്. എന്തുകൊണ്ടെന്നാല്‍, അത് ഈ ജീവിതത്തെയും വരാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു” (1 തിമോത്തിയോസ് 4/8). നമ്മുടെ കഴിഞ്ഞ കാലത്തെയോ പോരായ്മകളെയോ ഓര്‍ത്തുകൊണ്ട് നമ്മളോട് കരുണ കാണിക്കാത്ത തീര്‍ത്തും കണിശക്കാരനായ ഒരാളല്ല നമ്മുടെ കര്‍ത്താവ്. നമ്മുടെ ശ്രമത്തിനൊത്ത് നമ്മളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവനാണ് അവിടുന്ന്. ”കഴിഞ്ഞ തലമുറകളെപ്പറ്റി ചിന്തിക്കുവിന്‍; കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്‌നാശനായത്? കര്‍ത്താവിന്റെ ഭക്തരില്‍ ആരാണ് പരിത്യക്തനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത്? കര്‍ത്താവ് ആര്‍ദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളില്‍ രക്ഷയ്‌ക്കെത്തുകയും ചെയ്യുന്നു” (പ്രഭാഷകന്‍ 2/10-11).

ഇന്നുതന്നെ നമ്മുടെ ജീവിതകോണിലുള്ള എല്ലാക്കാര്യങ്ങളും ഒന്നിച്ചുകൂട്ടി അഴിച്ചുപണി നടത്തുക. ദൈവസന്നിധിയില്‍ വചനത്തിന്റെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു പുനഃപരിശോധനയ്ക്ക് വിധേയമാവുക. ജീവിതമാകുന്ന ഗെയിം ഒന്നുകൂടി പ്ലാന്‍ ചെയ്യുക. വിജയാശംസകള്‍.

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM