ആത്മാക്കളെ പരിഗണിക്കുന്ന സ്‌കൂള്‍ – Shalom Times Shalom Times |
Welcome to Shalom Times

ആത്മാക്കളെ പരിഗണിക്കുന്ന സ്‌കൂള്‍

യു.എസ്: മികച്ച വിദ്യാഭ്യാസവും സ്‌പോര്‍ട്‌സ് പരിശീലനവും നല്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ ആത്മാക്കള്‍ക്കും മികച്ച പരിഗണന നല്കുകയാണ് ടാംപായിലുള്ള ജസ്യൂട്ട് സ്‌കൂള്‍. ഫ്‌ളോറിഡയിലെ ഏറ്റവും നല്ല സ്‌പോര്‍ട്‌സ് സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട ഇവിടെ ക്യാംപസ് മിനിസ്ട്രി സജീവമാണ്. ദിവസവും സ്‌കൂള്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ട്. ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയില്‍ പത്തോളം വിദ്യാര്‍ത്ഥികളുടെ ഒരു സംഘം സഹപാഠികളോട് ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് പങ്കുവയ്ക്കും.

കത്തോലിക്കാവിശ്വാസം സ്വീകരിക്കാനുള്ള പരിശീലനം നല്കുന്ന റൈറ്റ് ഓഫ് ക്രിസ്റ്റ്യന്‍ ഇനിഷ്യേഷന്‍ ഓഫ് അഡല്‍റ്റ്‌സ് എന്ന ആര്‍.സി.ഐ.എ പ്രോഗ്രാം വഴി 22 വിദ്യാര്‍ത്ഥികളെ 2020-2021 വര്‍ഷത്തില്‍ ക്രൈസ്തവവിശ്വാസത്തിലേക്ക് നയിക്കാന്‍ സ്‌കൂളിന് കഴിഞ്ഞു. കത്തോലിക്കാകുടുംബങ്ങളില്‍നിന്ന് വരുന്നെങ്കിലും സജീവവിശ്വാസമില്ലാത്ത അനേകം വിദ്യാര്‍ത്ഥികളും ഇതിലൂടെ സജീവവിശ്വാസത്തിലേക്ക് കടന്നുവരുന്നു. മറ്റ് സ്‌കൂളുകളും ഇപ്പോള്‍ ആര്‍.സി.ഐ.എ പ്രോഗ്രാം ആരംഭിക്കുന്നുണ്ട്.

സ്‌കൂളില്‍ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നത് പതിവാണ്. യൂറോപ്പിലേക്ക് തീര്‍ത്ഥാടനത്തിനായും കുട്ടികളെ അയക്കുന്നു. വിശുദ്ധ കുമ്പസാരംപോലുള്ള കൂദാശകള്‍ ലഭ്യമാക്കാനും സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നു. ക്രൈസ്തവവിശ്വാസത്തെ പ്രോത്സാഹിപ്പിക്കാനും യുവജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കാനും പ്രതിജ്ഞാബദ്ധനാണ് 15 വര്‍ഷത്തോളമായി സ്‌കൂളിന്റെ പ്രസിഡന്റായ ഫാ. റിച്ചാര്‍ഡ് ഹെര്‍മസ് എസ്.ജെ. ക്യാംപസ് മിനിസ്ട്രിയുടെ ഡയറക്ടറായ ജിമ്മി മിച്ചെല്‍ പറയുന്നത് സ്‌പോര്‍ട്‌സ് മേഖലയില്‍മാത്രമല്ല, ആത്മാക്കളുടെ രക്ഷയുടെ കാര്യത്തിലും മികച്ച പ്രകടനമാണ് സ്‌കൂള്‍ കാഴ്ചവയ്ക്കുന്നതെന്നാണ്.