ഫ്രീമേസണില്‍നിന്ന് കത്തോലിക്കനിലേക്കുള്ള ദൂരം – Shalom Times Shalom Times |
Welcome to Shalom Times

ഫ്രീമേസണില്‍നിന്ന് കത്തോലിക്കനിലേക്കുള്ള ദൂരം

ദക്ഷിണേന്ത്യയില്‍ അധികമധികം യുവാക്കള്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തത് 2013-ലാണ്. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് അനേകരെ ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ഫ്രീമേസണ്‍ നേതാവ് പങ്കുവയ്ക്കുന്നു. ഉദാഹരണത്തിന്, വയനാട്ടിലെ ഒരു ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത് ഫ്രീമേസണ്‍ പ്രവര്‍ത്തകരാണ്. ആ റിപ്പോര്‍ട്ട് ഇറങ്ങുന്ന സമയത്തുതന്നെ ദക്ഷിണസംസ്ഥാനങ്ങളില്‍ 113-ഓളം കേന്ദ്രങ്ങള്‍ അഥവാ ഫ്രീമേസണ്‍ ലോഡ്ജുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍കാലങ്ങളില്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന് ഒരു രഹസ്യസ്വഭാവം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ കൂടുതല്‍ പരസ്യമായി ട്ടാണ് പ്രവര്‍ത്തിക്കുന്നുവെന്നും ഫ്രീമേസണ്‍ നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍നിന്ന് പിന്തിരിഞ്ഞ സെര്‍ജ് അബദ് ഗല്ലാര്‍ഡോയുടെ സാക്ഷ്യം ഏറെ പ്രസക്തമാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ മകന്‍ ഒരു പ്രശ്‌നത്തിലൂടെ കടന്നുപോയി. അത് എന്നെ സംബന്ധിച്ചും വളരെ പ്രയാസകരമായ ഒരു സമയമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം അല്പനേരം പ്രാര്‍ത്ഥിക്കാനായി, ഞാന്‍ ജോലി ചെയ്യുന്ന ഓഫിസിനടുത്തുള്ള നാര്‍ബോണ്‍ കത്തീഡ്രലില്‍ പോയി. അവിടെ ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ രൂപത്തിനുമുന്നില്‍ നിന്നപ്പോള്‍ എന്തോ പ്രത്യേക അനുഭവമുണ്ടായതുപോലെ…
അധികം വൈകാതെ എനിക്കും മകനുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ലൂര്‍ദിലേക്ക് പോവുകയാണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു. അന്ന് വലിയ വിശ്വാസമൊന്നുമുള്ള ഒരാളായിരുന്നില്ല ഞാന്‍. അതിനെക്കാളുപരി ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ സജീവവുമായിരുന്നു. ജന്മംകൊണ്ട് ഒരു കത്തോലിക്കനായിരുന്നു എങ്കിലും സജീവവിശ്വാസമില്ലാതിരുന്നതിനാല്‍ത്തന്നെ ഫ്രീമേസണ്‍ പ്രസ്ഥാനം അതിന് വിരുദ്ധമാണെന്നൊന്നും തോന്നിയിരുന്നില്ല. പക്ഷേ, പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ സവിശേഷമായ ലൂര്‍ദിലേക്ക് പോകാന്‍ തീരുമാനമെടുത്തതുമുതല്‍ മനസില്‍ ഒരു പ്രകാശകിരണം കടന്നുവരുന്നതുപോലെ…

അങ്ങനെ ഞങ്ങള്‍ ലൂര്‍ദിലെത്തി. അവിടെ ഗ്രോട്ടോയില്‍ ചെന്ന് ആദ്യമായി ഒരു മുഴുവന്‍ ജപമാല ചൊല്ലി. പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ എന്റെ കാലുകള്‍ തളര്‍ന്നുപോയിരുന്നു. ആ സമയത്ത് പരിശുദ്ധ കന്യാമാതാവിന്റെ രൂപത്തില്‍നിന്ന് ശക്തമായ ഒരു പ്രകാശം വരുന്നത് ഞാന്‍ കാണുകയും ചെയ്തു. എന്റെ ചുറ്റുമുള്ളവര്‍ താങ്ങി എഴുന്നേല്പിക്കാന്‍ ശ്രമിച്ചെങ്കിലും കുറച്ച് മിനിറ്റുകള്‍ എന്റെ കാലുകള്‍ തളര്‍ന്നുതന്നെ ഇരുന്നു. അതൊരു അവിശ്വസനീയ അനുഭവമായിരുന്നു. ഇക്കാര്യം ആദ്യം ഞാന്‍ ഭാര്യയോട് പറഞ്ഞില്ല. അതിനുമുമ്പ് മെഡിക്കല്‍ പരിശോധനകള്‍ നടത്താമെന്ന് കരുതി. എനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. അതിനാല്‍ തുടര്‍ന്ന് ഞാനൊരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് എനിക്കുണ്ടായത് മാനസികപ്രശ്‌നമൊന്നുമല്ലെന്നും ഉറപ്പുവരുത്തി.

സംഭവിക്കുന്നതെന്താണെന്ന് വ്യക്തമായി മനസിലായിരുന്നില്ലെങ്കിലും ദൈവം എന്നിലേക്ക് പ്രവേശിച്ചുവെന്നും എനിക്ക് സ്ഥിരമായ ഒരു മാറ്റം സംഭവിക്കാന്‍ പോകുകയാണെന്നും തോന്നി. അധികം വൈകാതെ ഞാനൊരു ധ്യാനത്തില്‍ പങ്കെടുത്തു. അത് വളരെ ഫലപ്രദമായി അനുഭവപ്പെടുകയും ചെയ്തു. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ എന്റെ വിശ്വാസജീവിതം ആരംഭിച്ചത്. അതുകഴിഞ്ഞതോടെ ഫ്രീമേസണ്‍ പ്രവര്‍ത്തനം എന്റെ വിശ്വാസവുമായി ഒത്തുപോകുന്നില്ലെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി.

”കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും” (സങ്കീര്‍ത്തനങ്ങള്‍ 25/12). പക്ഷേ ഉടനെതന്നെ ഞാന്‍ പ്രസ്ഥാനത്തില്‍നിന്ന് പുറത്തുകടന്നില്ല. എങ്കിലും സാവധാനം ഞാന്‍ അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് ചില വൈദികരുമായി സംസാരിക്കാന്‍ കഴിഞ്ഞതും ഫ്രീമേസണ്‍ പ്രവര്‍ത്തനവും വിശ്വാസവും തമ്മില്‍ ചേരുകയില്ലെന്ന ബോധ്യം നല്കാന്‍ സഹായിച്ചു. വിശ്വാസത്തിലേക്ക് വന്നതിനുശേഷം ഏതാണ്ട് ഒരു വര്‍ഷംകൊണ്ട് 2013-ലാണ് ഔദ്യോഗികമായി ഞാന്‍ ആ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങിയത്.

മുമ്പ് എന്നോടൊപ്പം ഈ പ്രസ്ഥാനത്തോടുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് എന്നെ കാണുമ്പോള്‍ പുറംതിരിയാന്‍ തുടങ്ങി. മാത്രവുമല്ല അവരില്‍ പലരും ഇത് ക്രൈസ്തവവിരുദ്ധ പ്രസ്ഥാനമാണെന്ന് ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് മതേതരമായ ഒരു കാര്യമാണെന്ന മട്ടില്‍മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോഴേ മനസിലാകുകയുള്ളൂ.

നിയമനിര്‍മാണത്തിലെ സ്വാധീനം
രാഷ്ട്രീയ ഭരണരംഗങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലുള്ള പലരും ഫ്രീമേസണ്‍ അംഗങ്ങളാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാല്‍ നിയമനിര്‍മാണംപോലുള്ള നിര്‍ണായകമേഖലകളില്‍ അവര്‍ സ്വാധീനം ചെലുത്തുന്നു. ഫ്രീമേസണ്‍ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമനിര്‍മാണസഭകളിലെത്താന്‍ സാധാരണക്കാരെക്കാള്‍ 120 ശതമാനം സാധ്യത കൂടുതലാണ് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വലതുപക്ഷമെന്നോ ഇടതുപക്ഷമെന്നോ വ്യത്യാസമില്ലാതെ ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെ ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹം, ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ വിവിധമേഖലകളില്‍ സമൂഹത്തെ പരോക്ഷമായി തകര്‍ക്കുന്ന നിയമനിര്‍മാണം നടക്കുമ്പോള്‍ കക്ഷിഭേദമില്ലാതെ അത് വിജയിപ്പിക്കുന്ന സാഹചര്യം സംജാതമാകുന്നു.

ദുരനുഭവങ്ങള്‍ പേടിച്ച് പിന്‍മാറില്ല!
എന്റെ സാക്ഷ്യം പലരെയും ഫ്രീമേസണ്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പുനര്‍ചിന്തക്ക് പ്രേരിപ്പിച്ചു. ഒരിക്കല്‍ ഒരു വ്യാപാരിയെ കണ്ടുമുട്ടി. അദ്ദേഹം ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ മറ്റൊരു ശാഖയില്‍ അംഗമായിരുന്നു. ഈ പ്രസ്ഥാനത്തെക്കുറിച്ച് പറയുകയും പുസ്തകം രചിക്കുകയും ചെയ്തതിനെക്കുറിച്ച് അദ്ദേഹം എന്നെ കുറ്റപ്പെടുത്തി. പിന്നെ അദ്ദേഹം മറ്റൊരു കാര്യവുംകൂടി അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരേ സമയം കത്തോലിക്കനും ഫ്രീമേസണ്‍ പ്രസ്ഥാനത്തിലെ അംഗവുമാണെന്ന്. അത് രണ്ടും തികച്ചും ചേര്‍ന്നുപോകുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നത്. അവരുടെ സംഘത്തിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്റെ പുസ്തകങ്ങളിലൊന്ന് വായിച്ച് താന്‍ ചെയ്യുന്നത് ഗൗരവതരമായ ഒരു പാപംതന്നെയാണെന്ന് തിരിച്ചറിഞ്ഞ് പെട്ടെന്നുതന്നെ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങി. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇന്നും പല മുന്‍ ഫ്രീമേസണ്‍ പ്രവര്‍ത്തകരും അവരുടെ സാക്ഷ്യങ്ങള്‍ എന്നോട് പങ്കുവയ്ക്കാറുണ്ട്. എനിക്ക് ലോകത്തെ മുഴുവന്‍ മാറ്റാനാവില്ല. പക്ഷേ ചിലരുടെയെങ്കിലും മനഃസാക്ഷിയെ ഉണര്‍ത്താനാവും.

ഇതിന്റെയെല്ലാം ഫലമായി മറ്റൊരു ദുരനുഭവംകൂടി ഉണ്ടായി. പല ആരോപണങ്ങളും ഉയരുകയും ഭരണവകുപ്പിലെ ഉദ്യോഗത്തില്‍നിന്ന് ഞാന്‍ താക്കീത് ചെയ്യപ്പെടുകയും ചെയ്തു. തൃപ്തികരമല്ലാത്ത സേവനമെന്ന പേരില്‍ താക്കീത് ചെയ്യപ്പെട്ട അപൂര്‍വം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഞാന്‍. വളരെ പ്രഗല്ഭനായ ഓഫീസര്‍ എന്ന നിലയില്‍നിന്ന് ഒരു പരാജിതനെപ്പോലെ ഞാന്‍ തരം താഴ്ത്തപ്പെട്ടു. എന്നാലും തിരികെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് പോകാന്‍ ഞാന്‍ തയാറല്ല. പകരം ഈ സാഹചര്യത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ”ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആര് നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” (റോമാ 8/35). ദൈവമഹത്വത്തിനായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമെല്ലാം അനേകം ക്രൈസ്തവരെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നു.
ചതിയില്‍ പെട്ടതിങ്ങനെ…

ഞാന്‍തന്നെയും ആത്മീയതയെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുമുള്ള ഉത്തരങ്ങള്‍ തേടിയാണ് ഫ്രീമേസണ്‍ താവളത്തിലെത്തിപ്പെട്ടത്. അന്ന് മുപ്പതുകളായിരുന്നു എന്റെ പ്രായം. സമൂഹത്തിലെ ഉന്നത നിലയിലുള്ള ഒരാളും. അതുകൊണ്ടുതന്നെ ഞാനവര്‍ക്ക് ഏറ്റവും ചേര്‍ന്ന അംഗമായി മാറി. എന്നാല്‍ അത് ക്രൈസ്തവവിശ്വാസത്തിന് തികച്ചും വിരുദ്ധമായ ഒരു കാര്യമാണെന്ന് ഇന്ന് ഞാന്‍ മനസിലാക്കുന്നു.
ആരെങ്കിലും ഫ്രീമേസണ്‍പ്രസ്ഥാനത്തിലേക്ക് ആദ്യചുവടുകള്‍ വച്ചിട്ടുണ്ടെന്ന് കരുതുക. അയാള്‍ക്ക് സജീവമായ വിശ്വാസമുണ്ടെങ്കില്‍ ഒരു ആന്തരികസംഘര്‍ഷം ഉടലെടുക്കും. യേശു മനുഷ്യാവതാരം ചെയ്ത ദൈവമാണെന്നും ദൈവപുത്രനായ അവിടുന്ന് നമ്മെ രക്ഷിക്കാനായി കുരിശില്‍ തൂങ്ങി മരിച്ചെന്നും അതേ സമയംതന്നെ, ദൈവം ഫ്രീമേസണ്‍സ് വിശ്വസിക്കുന്നതുപോലെ, കോസ്മിക് ശക്തിക്ക് സമാനമായ നിര്‍വചനാതീതമായ ഒരു ശക്തിയാണെന്നും വിശ്വസിക്കാനാവില്ല. ഈ രണ്ട് വിശ്വാസധാരകളും പരസ്പരം ഒരിക്കലും ചേരാത്തവിധത്തില്‍ വിഭിന്നമാണ്.

ചില പ്രത്യേക അനുഷ്ഠാനങ്ങളും മാന്ത്രികപ്രവൃത്തികളുംവഴി ചില കോസ്മിക് ശക്തികള്‍ക്ക് നമ്മെ അടിയറ വയ്ക്കുന്നതും സത്യത്തിലേക്ക് നടന്നടുക്കാനായി ദൈവത്തിന്റെ ശക്തിക്ക് നമ്മെത്തന്നെ സമര്‍പ്പിക്കുന്നതും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ട്. എന്നാല്‍ പലപ്പോഴും ഫ്രീമേസണ്‍പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവവിരുദ്ധമല്ലെന്ന തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ഉദാഹരണത്തിന് ബൈബിള്‍വചനങ്ങളോട് സാമ്യമുള്ള വചനങ്ങള്‍ അവരുടെ പ്രാരംഭാനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കും. നമ്മില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. മാത്രവുമല്ല, അവര്‍ ചില ബൈബിള്‍ ഭാഗങ്ങള്‍ കപടമായി ഉപയോഗിക്കാറുണ്ട്.

ബൈബിളില്‍ തൊട്ടാണ് ഫ്രീമേസണ്‍ പ്രതിജ്ഞ എടുക്കുന്നതെന്നും യോഹന്നാന്റെ സുവിശേഷം പഠിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇതെല്ലാം ക്രൈസ്തവരെ കുടുക്കിലാക്കുന്ന തന്ത്രങ്ങളാണ്. പക്ഷേ ആര്‍ക്കുവേണമെങ്കിലും ബൈബിള്‍ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ച് സെക്റ്റുകള്‍ രൂപപ്പെടുത്താമെന്നും എന്നാല്‍ തിരുസഭയാണ് ആധികാരികമായി ബൈബിള്‍വ്യാഖ്യാനം നടത്തേണ്ടതെന്നും അവര്‍ മനസിലാക്കുന്നില്ല. ഫ്രീമേസണ്‍ പ്രസ്ഥാനം ലൂസിഫറിനെ സ്തുതിക്കുന്നുവെന്ന് പ്രഥമതലത്തിലുള്ള അംഗങ്ങള്‍ക്ക് മനസിലാകുകയില്ല. ഉയര്‍ന്ന തലത്തിലുള്ളവര്‍മാത്രമേ അത് അറിയുന്നുള്ളൂ. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യം അവര്‍ സാത്താന്‍ എന്ന പദം ഉപയോഗിക്കാറില്ല എന്നതാണ്. പകരം, ലൂസിഫര്‍ എന്ന് ഉപയോഗിക്കും. ”അവന്‍ നുണയനും നുണയുടെ പിതാവുമാണ്” (യോഹന്നാന്‍ 8/44).

നാം ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രതിജ്ഞ ചെയ്ത് അംഗമായാലും എപ്പോള്‍ വേണമെങ്കിലും അതില്‍നിന്ന് പിന്‍വാങ്ങാം എന്നാണ് അവര്‍ പറയുന്നത്. പക്ഷേ പ്രായോഗികമായി അത് വളരെ ക്ലേശകരമാണ്. എന്നാല്‍ പശ്ചാത്താപത്തോടെ കത്തോലിക്കാവിശ്വാസത്തിലേക്ക് തിരികെയെത്തുന്ന ഏതൊരു വിശ്വാസിയും മേസോണിക പ്രതിജ്ഞയില്‍നിന്നും അതിന്റെ ഫലങ്ങളില്‍നിന്നും സ്വതന്ത്രനായിരിക്കും എന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും എന്നെ വിഷമിപ്പിച്ചിട്ടുള്ള ഒരു കാര്യം ഫ്രീമേസണ്‍ അംഗങ്ങളായിരിക്കുന്ന പലരും അപകടം തിരിച്ചറിയാതെയാണ് ഇതില്‍ അംഗത്വമെടുത്തിരിക്കുന്നത് എന്നതാണ്. തങ്ങള്‍ പിശാചിനെ സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. അതിനാല്‍, നന്മയുടെ മുഖാവരണങ്ങള്‍ക്കുള്ളിലെ തിന്മയുടെ നരകക്കുഴികളെക്കുറിച്ച് വ്യക്തവും ശക്തവുമായ മുന്നറിയിപ്പുകള്‍ നല്കാന്‍ ആത്മീയനേതൃത്വം ഒട്ടും അമാന്തിക്കരുത്.

സെര്‍ജ് അബദ് ഗല്ലാര്‍ഡോ