ചിലര്‍ക്ക് കുത്തുവാക്കുകള്‍ പറയുന്നത് ഒരു ഹരമാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇത്തരത്തിലുള്ള വ്യക്തികളുമായി ഇടപെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം. കുത്തുവാക്കുകള്‍ പറയുന്നവരുടെ ലക്ഷ്യം അത് കേള്‍ക്കുന്നവന്‍ ഒന്നു വേദനിക്കണം എന്നു തന്നെയാണ്. ഏതെങ്കിലും തരത്തില്‍ ഒന്നു പ്രതികരിക്കുകകൂടി ചെയ്താല്‍ അവര്‍ക്ക് തൃപ്തിയാകും.
പ്രായോഗികമായി ഇവരെ എങ്ങനെ നേരിടാമെന്ന് ഒന്നു ചിന്തിച്ചു നോക്കാം. ആദ്യംതന്നെ ചെയ്യേണ്ടത്, അവര്‍ നമ്മളോടു പറഞ്ഞത് നമുക്ക് ‘കൊണ്ടു’ എന്ന സന്തോഷം അവര്‍ക്ക് നിഷേധിക്കുക എന്നതാണ്. അതായത് അവര്‍ പറഞ്ഞത് വേദനിപ്പിക്കുന്ന കാര്യമാണെങ്കിലും നിസ്സാരമായ രീതിയില്‍ എടുക്കുക. ശാന്തമായി പ്രതികരിക്കുക. നമുക്ക് ഇത് വേണ്ടവിധത്തില്‍ ഏല്‍ക്കുന്നില്ല എന്നു കാണുമ്പോള്‍ അവര്‍ മടങ്ങിപ്പോയ്‌ക്കൊള്ളും.
എന്നാല്‍ ഇത് എല്ലാവര്‍ക്കും അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍, എന്തെങ്കിലും ഒന്ന് പറയുന്നതിനുമുമ്പേ ഒരു ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന ചൊല്ലുക. അല്ലെങ്കില്‍ എങ്ങനെ പ്രതികരിക്കണം എന്ന് പരിശുദ്ധാത്മാവിനോട് ആരായുക. അങ്ങനെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വേണം ഈ സാഹചര്യത്തെ നേരിടാന്‍.
എന്നാല്‍, പ്രായോഗികമായ തലത്തില്‍ മാത്രമല്ല ആത്മീയതലത്തിലും ഇത്തരം സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കുത്തുവാക്കുകള്‍കൊണ്ട് നമ്മെ നോവിച്ചവരെ പിന്നെയും നമ്മള്‍ സ്‌നേഹിക്കണം. അതാണ് വെല്ലുവിളി. മാതാവിന്റെയും യൗസേപ്പിതാവിന്റെയും ജീവിതത്തില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുള്ളതായി പല മിസ്റ്റിക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് വേദനിച്ചു എന്നതായിരുന്നില്ല അവരുടെ വിഷയം. മറിച്ച് കുത്തുവാക്കുകള്‍ പറഞ്ഞവരുടെ ആത്മാവിന്റെ ശോചനീയമായ അവസ്ഥയാണ് അവരെ വേദനിപ്പിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഇത്തരത്തില്‍ തങ്ങള്‍ക്കു വേദന സമ്മാനിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി അവര്‍ ധാരാളം പ്രാര്‍ത്ഥിച്ചിരുന്നു.
ഇതുതന്നെയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടത്. കുത്തുവാക്കുകള്‍കൊണ്ട് മുറിഞ്ഞവരായി ഹൃദയത്തില്‍ കയ്പും വെറുപ്പുമായി നമ്മുടെതന്നെ ആത്മാവിന്റെ സുസ്ഥിതി നശിപ്പിക്കാതെ ശ്രദ്ധിക്കണം. നമ്മളെ വേദനിപ്പിച്ച വ്യക്തിയും ഈശോയുടെ മകനാണ് അല്ലെങ്കില്‍ മകളാണ്. അതിനാല്‍ അവരിങ്ങനെ മറ്റുള്ളവര്‍ക്കു വേദന സമ്മാനിച്ച് സ്വയം നശിപ്പിച്ചുകൊണ്ടു ജീവിതം തള്ളി നീക്കുന്നത് ഈശോയ്ക്കും വേദനാജനകമായിരിക്കും. അതിനാല്‍, ഈശോയെപ്രതി അവര്‍ക്കുവേണ്ടി സ്‌നേഹപൂര്‍വം പ്രാര്‍ത്ഥിച്ചുകൊണ്ട് അവരെ മാനസാന്തരത്തിലേക്കു നയിക്കണം. ഓരോ കുത്തുവാക്കുകളും അവര്‍ക്ക് പ്രാര്‍ത്ഥന ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആയിത്തീരട്ടെ.
അനു