ഡുംകാ: ഭൂഗോളത്തിന്‍മേല്‍ ബൈബിള്‍ ഉയര്‍ന്നുനില്‍ക്കുന്ന രൂപം വഹിക്കുന്ന വാഹനത്തോടുചേര്‍ന്ന് ജനസാഗരം ചലിച്ച ബൈബിള്‍ റാലിക്ക് സാക്ഷിയായി ജാര്‍ഖണ്ഡിലെ ഡുംകാ നഗരം. നാലുദിവസങ്ങളിലായി അവിടെ നടന്ന ബേസിക് എക്ലേസ്യല്‍ കമ്മ്യൂണിറ്റീസ് സിനഡ് കണ്‍വെന്‍ഷനോട് അനുബന്ധിച്ചാണ് ബൈബിള്‍ റാലി സംഘടിപ്പിച്ചത്. 25000-ഓളം പേര്‍ ഇതില്‍ പങ്കാളികളായി. റാലിയില്‍ ആകൃഷ്ടരായ ഹൈന്ദവവിശ്വാസികളും പങ്കുചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. ജാര്‍ഖണ്ഡില്‍ ഭൂരിപക്ഷമുള്ള സന്താള്‍ വംശജരുടെ പരമ്പരാഗത വേഷം ധരിച്ച് അനേകര്‍ റാലിയില്‍ പങ്കുചേര്‍ന്നു. അവരുടെ പാട്ടും നൃത്തവുമെല്ലാം റാലിക്ക് ഭംഗി കൂട്ടി.
റാലിയുടെ സമാപനത്തില്‍ സെന്റ് പോള്‍ കത്തീഡ്രലില്‍ വച്ച് ഡുംകാ രൂപതാമെത്രാന്‍ ജൂലിയസ് മറാണ്ടിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. കല്‍ക്കട്ട രൂപതാധ്യക്ഷന്‍ തോമസ് ഡിസൂസ, ബറുയിപൂര്‍ രൂപത മുന്‍ അധ്യക്ഷന്‍ സാല്‍വദോര്‍ ലോബോ എന്നിവരും സന്നിഹിതരായിരുന്നു. നൂറിലധികം വൈദികരും വിശുദ്ധ ബലിയില്‍ പങ്കാളിത്തം വഹിക്കാനെത്തി. ദൈവവചനത്തെ ആദരിക്കുകമാത്രം ചെയ്താല്‍പ്പോരാ, നാം വചനം വായിക്കുന്നവരും വിചിന്തനം ചെയ്യുന്നവരും പങ്കുവയ്ക്കുന്നവരുമായി മാറണമെന്ന് ദിവ്യബലിമധ്യേ നല്കിയ സന്ദേശത്തില്‍ ബിഷപ് മറാണ്ടി ആഹ്വാനം ചെയ്തു.