നൈജീരിയ: ആ ഞായറാഴ്ച വേദപാഠക്ലാസില്‍ സഹപാഠികളോടൊപ്പമായിരുന്നപ്പോള്‍ വിവിയന്റെ സംസാരവിഷയം വിശുദ്ധ മരിയ ഗൊരേത്തി ആയിരുന്നു. അധാര്‍മികതയിലേക്ക് വീണുപോകരുതെന്ന് കൂട്ടുകാരെ അവള്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. യേശുവിനെക്കുറിച്ചും ദൈവാനുഭവങ്ങളെക്കുറിച്ചും പറയാന്‍ അവള്‍ക്കെപ്പോഴും നൂറ് നാവായിരുന്നു. പതിവുപോലെ തിരക്ക് നിറഞ്ഞ 2009 നവംബര്‍ 15 ഞായറാഴ്ചയും ക്ലാസും പങ്കുവയ്ക്കലുമെല്ലാം കഴിഞ്ഞ് വിവിയന്‍ വീട്ടിലേക്ക് മടങ്ങി.
അന്ന് നൈജീരിയയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം നടക്കുന്നുണ്ടായിരുന്നു. കളിയുടെ ആവേശത്തിലായിരുന്ന പ്രദേശവാസികളെല്ലാം ടെലിവിഷനുമുന്നില്‍. ഈ ആരവത്തിനിടയില്‍ മൂന്ന് മോഷ്ടാക്കള്‍ വിവിയന്റെ വീട്ടില്‍ കയറി. ആയുധധാരികളായിരുന്നു അവര്‍. വിവിയന്റെ പിതാവിനെയുള്‍പ്പെടെ ആക്രമിച്ച അവര്‍ വിലപ്പെട്ട വസ്തുക്കളെല്ലാം കൈക്കലാക്കി. അതും പോരാഞ്ഞിട്ടാണ് ലൈംഗികമായ ദുരുദ്ദേശ്യത്തോടെ വിവിയനുനേരെ തിരിഞ്ഞത്. ഒരു നിമിഷം! മരിയ ഗോരേത്തിയുടെ മാതൃക വിവിയന്റെ മനസില്‍ മിന്നിമറഞ്ഞുകാണണം. അവള്‍ സര്‍വ്വശക്തിയോടെ അവരെ ചെറുത്തു. ആ ചെറുത്തുനില്‍പ് അവരെ പ്രകോപിതരാക്കി. അവളുടെ വയറിനുനേരെ അവര്‍ വെടിയുതിര്‍ത്തു.
സഹായിക്കാന്‍ എല്ലാവരും ഓടിയെത്തുംമുമ്പേ അവള്‍ തന്റെ ചാരിത്ര്യവിശുദ്ധി കാത്തുകൊണ്ട് മരണം വരിച്ചു. മരിയ ഗൊരേത്തിയെക്കുറിച്ച് സ്‌നേഹത്തോടെയും ആദരവോടെയും പങ്കുവയ്ക്കുകമാത്രമല്ല ആ മാതൃക പിഞ്ചെല്ലുകയും ചെയ്ത ധീരയായ പെണ്‍കുട്ടിയായി അവള്‍ മാറി. പില്ക്കാലത്ത് 2019 ഒക്‌ടോബറില്‍ അസാധാരണ മിഷനറിമാസമായി ആചരിച്ചപ്പോള്‍ ലോകമെങ്ങുനിന്നും തിരഞ്ഞെടുക്കപ്പെട്ട വീരോചിതമായ 25 ജീവചരിത്രങ്ങളില്‍ ഒന്ന് വിവിയന്‍ ഉച്ചേച്ചി ഓഗു എന്ന സാധാരണക്കാരിയുടേതായിരുന്നു. നൈജീരിയയിലെ ബെനിന്‍ സിറ്റിയില്‍ 1995 ജൂലൈ ഒന്നിന് ജനിച്ച ഈ പെണ്‍കുട്ടിയുടെ വിശുദ്ധനാമകരണത്തിനുള്ള നടപടികള്‍ക്ക് വത്തിക്കാന്‍ തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍.