ആഗസ്റ്റ് 23, 2010. യു.എസ് കാന്‍സാസിലെ ഗോര്‍ഹാമിലുള്ള ജെന്നാ-മില്ലര്‍ ദമ്പതികളുടെ ഭവനം. നാലാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഭവനത്തില്‍ എല്ലാവരും. ജെന്നായെ സഹായിക്കാനുള്ള മിഡ് വൈഫ് വേഗം എത്തി. പക്ഷേ അപ്പോഴേക്കും കുഞ്ഞ് പുറത്തുവന്നു. ലോകത്തിലേക്ക് വരാന്‍ അത്രമാത്രം തിരക്കിലായിരുന്നുവെന്ന് തോന്നിപ്പിച്ച കുഞ്ഞ്, മലാഖി മില്ലര്‍. കുഞ്ഞായിരുന്നപ്പോള്‍മുതല്‍ ഏത് തരത്തിലുമുള്ള ആളുകളോടും മലാഖി എളുപ്പത്തില്‍ ഇടപെടും. അതിനാല്‍ ആരും അവന് അപരിചിതരായി ഉണ്ടായിരുന്നില്ല എന്നുപറയാം. അവനുതാഴെ രണ്ട് കുട്ടികള്‍കൂടി ജനിച്ചു. ആറ് കുട്ടികളെയും ചേര്‍ത്ത് ‘മില്ലറുടെ സിക്‌സ്പാക്ക്’ എന്നാണ് എല്ലാവരും ഓമനിച്ച് വിളിച്ചിരുന്നത്.
മലാഖിക്ക് ഏതാണ്ട് രണ്ട് വയസുള്ളപ്പോള്‍ കുടുംബമൊന്നിച്ച് പുറത്ത് പോയ സമയം. അവര്‍ ഐസ്‌ക്രീം കഴിച്ചുകൊണ്ടിരുന്ന നേരത്ത് കുറച്ചുമാറി അല്പം പ്രായമായ ഒരു സ്ത്രീ തനിയെയിരുന്ന് ഐസ്‌ക്രീം കഴിക്കുന്നത് അവന്‍ കണ്ടു. അവന്‍ പതുക്കെ എഴുന്നേറ്റ് അവരുടെയടുത്ത് പോയി ഇരുന്നു, അവര്‍ തനിയെ ആകരുതല്ലോ? അതായിരുന്നു മലാഖി. കണ്ടുമുട്ടുന്ന എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തണമെന്നായിരുന്നു അവന്റെ ആഗ്രഹം.
കോണറിന്റെ മാതാവ്…!
മൂന്ന് വയസുള്ളപ്പോള്‍ പരിശുദ്ധ മറിയത്തിന്റെ ലുത്തിനിയായില്‍ സ്വന്തമായി അവന്‍ ചില വരികള്‍ ചേര്‍ത്തു. ക്രിസ്ത്യാനികളുടെ സഹായമായ മാതാവേ എന്ന് ചൊല്ലുമ്പോഴേ അവന്‍ ഉറക്കെ കൂട്ടിച്ചേര്‍ക്കും, ‘കോണറിന്റെ സഹായമായ മാതാവേ….’ കോണര്‍ എന്നാല്‍ മറ്റാരുമല്ല, അവന്റെ ഏറ്റവും മൂത്ത ചേട്ടന്‍തന്നെ. അപ്പസ്‌തോലന്‍മാരുടെ രാജ്ഞീ, രക്തസാക്ഷികളുടെ രാജ്ഞീ… എന്ന് ചൊല്ലിത്തീരുമ്പോഴേ അടുത്തതായി അവന്റെ സ്വന്തം രചന വീണ്ടും വരും, ‘എനിക്ക് സാത്താനെ ഇഷ്ടമല്ല എന്നതിന്റെ രാജ്ഞീ!’ ആ പ്രായത്തില്‍ത്തന്നെ തന്റെ പരമ്പരാഗത കത്തോലിക്കാവിശ്വാസത്തെ അവന്‍ അത്ര കാര്യമായിത്തന്നെ പരിഗണിച്ചിരുന്നു. ആരോടും അത് പങ്കുവയ്ക്കാനും തെല്ലും മടി കാണിക്കാറില്ല.
സംഗീതവും അവന് ഏറെ പ്രിയങ്കരം. പാടും, വയലിന്‍ വായിക്കും- അതെല്ലാം ജനിച്ചപ്പോഴേ അവനറിയാമായിരുന്നു എന്ന മട്ടിലായിരുന്നു. ഒരു ഒത്തുകൂടലിനിടെ തമാശ അവതരിപ്പിക്കാനുണ്ടോ എന്നാരെങ്കിലും ചോദിച്ചാല്‍ ആദ്യം സദസിനുമുന്നില്‍ എത്തുന്നത് അവനായിരിക്കും, എല്ലാവരെയും ചിരിപ്പിക്കാന്‍. ബേസ്‌ബോള്‍ കളിക്കാന്‍ മലാഖിയ്ക്ക് എന്തിഷ്ടമായിരുന്നെന്നോ! ഊര്‍ജസ്വലനായി കളിക്കളത്തില്‍ ഓടുന്ന മലാഖി ആരുടെയും ഹൃദയം കവരും.
ഡാഡിക്കൊപ്പം തനിച്ചൊരു കളി?
അങ്ങനെയിരിക്കവേയാണ് കുടുംബത്തെയും പ്രിയപ്പെട്ടവരെയുമെല്ലാം വല്ലാതെ ഉലച്ച വേദനാജനകമായ ഒരു സംഭവം ഉണ്ടായത്. മലാഖിയുടെ ഡാഡി ഒരു അസുഖത്തെത്തുടര്‍ന്ന് 2017 ജൂണില്‍ മരണമടഞ്ഞു. അസുഖം മൂര്‍ച്ഛിച്ച് മരണത്തോടടുത്തപ്പോള്‍ നല്ല മരണം ലഭിക്കാനായി കുടുംബം മുഴുവന്‍ പ്രാര്‍ത്ഥിച്ചിരുന്നെങ്കിലും ആ വിയോഗത്തോട് പൊരുത്തപ്പെടാന്‍ സമയം എടുത്തു. പക്ഷേ മലാഖിക്ക് ഡാഡിക്കൊപ്പം കളിക്കണം. അതിന് സ്വര്‍ഗത്തില്‍ പോകാനും അവന്‍ തയ്യാര്‍. മറ്റ് സഹോദരങ്ങളൊന്നുമില്ലാതെ ഡാഡിക്കൊപ്പം തനിയെ കളിക്കണം.അതാണ് അവന്റെ ആഗ്രഹം.
എങ്കിലും സ്‌കൂള്‍ പഠനവും സംഗീതരംഗത്തെ പ്രവര്‍ത്തനങ്ങളും കായികവിനോദങ്ങളുമൊക്കെയായി അവന്‍ സദാ തിരക്കിലായിരുന്നു. ദിനംതോറുമുള്ള ജപമാലപ്രാര്‍ത്ഥന മുടക്കാറില്ല. നല്ലവണ്ണം ഒരുങ്ങിയാണ് പ്രഥമകുമ്പസാരവും പ്രഥമദിവ്യകാരുണ്യസ്വീകരണവും നടത്തിയത്. പ്രഭാതത്തിലും രാത്രിയിലും നിര്‍ബന്ധമായും പ്രാര്‍ത്ഥിക്കാന്‍ ശ്രദ്ധ പുലര്‍ത്തി.
ഡാഡിയുടെ വിയോഗത്തിന്റെ വേദനയുണ്ടെങ്കിലും സാവധാനം ജീവിതം സാധാരണഗതിലയിലായി. അങ്ങനെ മുന്നോട്ടുപോകവേയാണ് 2022 ജൂണില്‍ മലാഖിക്ക് സ്‌പൈനല്‍ കോര്‍ഡ് ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. അന്ന് മലാഖിക്ക് 11 വയസ്. അടിയന്തിരമായി സര്‍ജറി നടത്തിയെങ്കിലും ട്യൂമറിന്റെ പത്ത് ശതമാനത്തോളംമാത്രമേ നീക്കാനായുള്ളൂ. അതേത്തുടര്‍ന്ന് ശ്വാസം എടുക്കാന്‍ കഴിയാതെ വന്നതോടെ ശ്വസനത്തിന് ട്യൂബ് ഇടേണ്ടി വന്നു. ബോധം തെളിഞ്ഞപ്പോള്‍ മലാഖി അമ്മയോട് ചോദിച്ചത് ട്യൂബ് ഇട്ടില്ലായിരുന്നെങ്കില്‍ താന്‍ നിത്യമായ ഉറക്കത്തിലേക്ക് പോകുമായിരുന്നില്ലേ എന്നാണ്. ഉവ്വെന്ന് മറുപടി ലഭിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ അതുമതിയായിരുന്നു എന്നവന്‍ അമ്മയോട് പറഞ്ഞു. ആ പതിനൊന്നുവയസുകാരന്റെ നിത്യസ്വപ്നമായി സ്വര്‍ഗം.
ഡോക്ടറെ പറ്റിച്ച് കളിക്കളത്തില്‍
എന്തായാലും സര്‍ജറി കഴിഞ്ഞ് ബേസ്‌ബോള്‍ കളിക്കാനൊന്നും സാധിക്കില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. പക്ഷേ തനിക്ക് കളിക്കണമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും മലാഖി തന്റെ ഗ്രാന്റ്മായോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രണ്ടര ആഴ്ചകൊണ്ട് മലാഖി വീണ്ടും കളിക്കളത്തില്‍ ഇറങ്ങി. പിന്നീട് സ്ഥൈര്യലേപനം സ്വീകരിച്ചു. അതോടനുബന്ധിച്ച് വിശ്വാസത്തോടെ, തവിട്ടുനിറമുള്ള ഉത്തരീയം അണിഞ്ഞുതുടങ്ങിയ അവന്‍ പിന്നെയൊരിക്കലും അത് ഊരിമാറ്റിയിരുന്നില്ല, നീന്തുമ്പോഴും കുളിക്കുമ്പോഴും ഒന്നും.
”മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്” (റോമാ 8/38-39).
ഫാത്തിമായില്‍ പരിശുദ്ധ അമ്മ ആവശ്യപ്പെട്ട ആദ്യശനി ആചരണം ആദ്യവെള്ളി ആചരണത്തോടൊപ്പം അവരുടെ കുടുംബം പൂര്‍ത്തിയാക്കിയിരുന്നു. ഞായറാഴ്ചതോറും ദിവ്യബലിക്കുമുമ്പ് കുമ്പസാരിക്കും. അള്‍ത്താരബാലനാകുന്നതിനായി പഠിച്ച് ഒരുങ്ങി. എന്നും ജെന്ന മക്കളെക്കൊണ്ട് വിശുദ്ധരുടെ മാധ്യസ്ഥ്യം ചോദിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ മലാഖി ഡാഡിയുടെയും മരിച്ചുപോയ മുത്തശ്ശീമുത്തശ്ശന്‍മാരുടെയും കൂടി പ്രാര്‍ത്ഥന ചോദിക്കും. ഒരിക്കല്‍, ആഴ്ചതോറുമുള്ള ചികിത്സക്കായി പോയപ്പോള്‍ അവന്റെ പ്രിയപ്പെട്ട കളിക്കാരനായ ഹാരിസണ്‍ ബട്കര്‍ അവനെ സന്ദര്‍ശിച്ചു. അദ്ദേഹത്തോട് അവന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ കത്തോലിക്കാവിശ്വാസംനിമിത്തമാണ് അവന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് എന്നാണ്. അത്രമാത്രം സജീവമായ കത്തോലിക്കാവിശ്വാസമായിരുന്നു ബാലനായ മലാഖിയുടേത്.
നിക്കോളാസുമായി ഒരു പുഞ്ചിരി
ആ നവംബറില്‍ ഒരു പ്രഭാതത്തില്‍ ഉണര്‍ന്നപ്പോള്‍ മലാഖിയുടെ കഴുത്തിന് താഴേക്ക് തളര്‍ന്നുപോയിരുന്നു. പെട്ടെന്നുതന്നെ ഒമഹയിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് അവനെ എത്തിച്ചു. ട്യൂമര്‍, ബ്രെയിന്‍ സ്റ്റെം കീഴടക്കിയിരുന്നു. സ്ഥിതി വളരെ ഗുരുതരമായിരുന്നെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിശുദ്ധ നിക്കോളാസിന്റെ പ്രത്യേകസഹായത്താല്‍ ഡിസംബറില്‍ മലാഖി വീണ്ടും ജീവനിലേക്ക് നടന്നടുത്തു. ആശുപത്രിയില്‍ അവനെ വിശുദ്ധ നിക്കോളാസ് സന്ദര്‍ശിച്ചുവത്രേ. ഏറെനേരം അവന്‍ മുഖത്തൊരു പുഞ്ചിരിയുമായി കിടന്നു.
കഴുത്തില്‍ ട്യൂബ് ഇട്ടിരുന്നതിനാല്‍ സംസാരിക്കാനാവുമായിരുന്നില്ല. പക്ഷേ പ്രിയപ്പെട്ടവരോട് സാധിക്കുന്നവിധത്തില്‍ ആശയവിനിമയം നടത്തുമായിരുന്നു. നഴ്‌സുമാരെയും മറ്റ് ആശുപത്രിജീവനക്കാരെയും കളിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാനും അവന്‍ മറന്നില്ല. ആ ക്രിസ്മസും ന്യൂ ഇയറുമെല്ലാം ആശുപത്രിയില്‍ത്തന്നെ കഴിഞ്ഞു. ക്രിസ്മസിന് അമ്മയ്ക്ക് പ്രിയപ്പെട്ട കപ്പുച്ചിനോ എത്തിച്ചുനല്കി അമ്മയ്ക്ക് അവന്‍ സര്‍പ്രൈസ് ഒരുക്കി. 49 ദിവസമാണ് അവന്‍ ആശുപത്രിയില്‍ കിടന്നത്. ബിഷപ് പിവറുനാസും വൈദികരും സന്യാസിനികളും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം സന്ദര്‍ശകര്‍ വരുമായിരുന്നു.
എല്ലാവരും അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞ ബിഷപ്പിനോട് ഉടനെവന്നു മലാഖിയുടെ ചോദ്യം, ”ബൈഡനും എനിക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടോ?” അതായിരുന്നു മലാഖി. ആരെയും ഒന്ന് രസിപ്പിക്കാന്‍ എപ്പോഴും അവന്‍ ശ്രമിച്ചു. സന്ദര്‍ശകരെല്ലാം അവനില്‍നിന്ന് എന്തെങ്കിലും സന്തോഷമോ ആശ്വാസമോ സ്വീകരിച്ചാണ് മടങ്ങിയത്.
എണ്ണുകയല്ല, എണ്ണം പറയണം
ആശുപത്രിക്കിടക്കയിലും മലാഖി തമാശകളും ചിരിയുമായി കഴിഞ്ഞു. തന്റെ വേദനകളെ ബോധപൂര്‍വം സ്വീകരിച്ചു. അതിന് രണ്ടാഴ്ച മുമ്പ് അവന്‍ അമ്മയോട് സംസാരിച്ചത് ഇങ്ങനെയാണ്, ”അമ്മേ, ചിലപ്പോള്‍ നമുക്ക് പ്രിയപ്പെട്ടവരോട് ഗുഡ്‌ബൈ പറയേണ്ടിവരും.” അതിന് തയാറായോ എന്ന് അമ്മ ചോദിച്ചപ്പോള്‍ ‘ഗുഡ്‌ബൈ പറയാന്‍ തയാറായിട്ടില്ല, പക്ഷേ സ്വര്‍ഗത്തിലേക്ക് പോകാന്‍ തയാറായി’ എന്നായിരുന്നു മലാഖി മറുപടി പറഞ്ഞത്.
ആ സംഭാഷണത്തിനുശേഷം രണ്ടാഴ്ചയ്ക്കകം, 2023 മെയ് ഒന്നിന്, അവന്‍ സ്വര്‍ഗത്തിലേക്ക് പറന്നു. അവന്‍ ആഗ്രഹിച്ചതുപോലെ, സ്വര്‍ഗത്തില്‍ കര്‍ത്താവിന്റെയും മാലാഖമാരുടെയുംകൂടെമാത്രമല്ല, തന്റെ ഡാഡിയോടുംകൂടെ ആയിരിക്കാന്‍ മലാഖിയ്ക്ക് സാധിച്ചു. ‘ജീവിതം ക്രിസ്തുവും മരണം നേട്ടവും’ (ഫിലിപ്പി 1/21) ആക്കിയ 12 വയസുകാരന്‍ കത്തോലിക്കന്‍.
മില്ലര്‍ കുടുംബം ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ച അത്ഭുതസൗഖ്യം മലാഖിക്ക് ലഭിച്ചില്ലെങ്കിലും 12 വര്‍ഷത്തോളംമാത്രം നീണ്ട അവന്റെ ജീവിതത്തില്‍നിന്ന് അവര്‍ സ്വീകരിച്ച ആപ്തവാക്യം ശ്രദ്ധേയമാണ്, ”ദിവസങ്ങള്‍ എണ്ണുകയല്ല വേണ്ടത്, എണ്ണം പറയത്തക്കവിധം ദിവസങ്ങളെ ഫലപ്രദമാക്കുകയാണ് വേണ്ടത്” (Don’t count the days, make the days count). സകലതിനുമുപരി ഈശോയെ സ്‌നേഹിച്ചും ദൈവം നല്കിയ കുരിശ് സ്വീകരിച്ച് സന്തോഷത്തോടെ ജീവിച്ചുകാണിച്ചും കടന്നുപോയ മലാഖി ഒരു വലിയ പ്രത്യാശ നല്കുന്നു, ഇന്നത്തെ കുട്ടികളില്‍നിന്നും വിശുദ്ധര്‍ രൂപപ്പെടുന്നുണ്ടെന്ന പ്രതീക്ഷ.