പന്തക്കുസ്തായ്ക്കുശേഷം പരിശുദ്ധാത്മപ്രേരണയാല്‍ യാക്കോബ് ശ്ലീഹാ സ്‌പെയ്‌നിലേക്കാണ് സുവിശേഷവുമായി പോയത്. എന്നാല്‍ ഏറെ അധ്വാനിച്ചിട്ടും കാര്യമായ ഫലപ്രാപ്തി അവിടെയുണ്ടായില്ല. ജനങ്ങള്‍ സുവിശേഷം സ്വീകരിക്കാതെ പോകുന്നത് കണ്ട യാക്കോബ് ശ്ലീഹാ തളര്‍ന്നു. തപിക്കുന്ന മനസോടെ സരഗോസ എന്ന സ്ഥലത്തെ എബ്രോ നദിയുടെ കരയില്‍ ശ്ലീഹാ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നപ്പോള്‍ ഒരു സ്തൂപത്തിന്റെ മുകളില്‍ മാതാവ് പ്രത്യക്ഷയായി.
ഉണ്ണിയേശുവിനെയും വഹിച്ചുനില്ക്കുന്ന തന്റെ ഒരു ചെറുരൂപം പരിശുദ്ധ മാതാവ് ശ്ലീഹായ്ക്ക് സമ്മാനിച്ചു. ആ രൂപം പില്ക്കാലത്ത് അവിടെ നിര്‍മിക്കപ്പെട്ട പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ദൈവാലയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ആ രൂപത്തിന് ഒരു പ്രത്യേകതയുണ്ട്, ഒരിക്കലും പൊടിപിടിക്കില്ല! മാത്രവുമല്ല ആ രൂപം നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥം എന്താണെന്ന് ഇതുവരെ കണ്ടുപിടിക്കാനും കഴിഞ്ഞിട്ടില്ല.
പാപത്തിന്റെ കറയേശാത്തവളായ കന്യാമറിയം സമ്മാനിച്ച അഴുക്കുപുരളാത്ത ആ ചെറുരൂപം നമ്മോട് പറയാതെ പറയുന്നത് എന്താണ്? പാപത്തിന്റെ മാലിന്യം നീക്കി വിശുദ്ധിയില്‍ മുന്നേറാന്‍ ഏറ്റവും നല്ല സഹായിയാണ് പരിശുദ്ധ അമ്മ എന്നുതന്നെ. പരിശുദ്ധ മറിയമേ, അങ്ങേ അമലോത്ഭവത്തിന്റെ ശക്തിയാല്‍ എന്റെ ശരീരത്തെ ശുദ്ധവും ആത്മാവിനെ പരിശുദ്ധവും ആക്കണമേ. എന്റെ അമ്മേ, ഈ ദിനം എല്ലാ മാരകപാപങ്ങളില്‍നിന്നും എന്നെ സംരക്ഷിക്കേണമേ.