എഴുപതു വയസ്സായ അമ്മയ്ക്ക് മുട്ടുവേദന. മാസങ്ങളായി തീക്ഷ്ണതയോടെ അമ്മ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എത്ര പ്രാര്‍ത്ഥിച്ചിട്ടും മാറുന്നില്ല.
അമ്മ പരിഭവപ്പെട്ടു, ”ദൈവമേ, എഴുപതു വയസ്സുവരെ രോഗമെന്നും പറഞ്ഞ് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല. ഈ വയസ്സുകാലത്ത് നീ എന്തിനാ എന്നെ കഷ്ടപ്പെടുത്തുന്നത്.”
അമ്മ ഒരു ശബ്ദം കേട്ടു, ”മക്കളാരും നോക്കാനില്ലേ?”
അല്പം അമ്പരപ്പോടെ അമ്മ മറുപടി പറഞ്ഞു, ”മക്കളെല്ലാവരും പൊന്നുപോലെ നോക്കുന്നുണ്ട്. ഒരു വാക്കു പറഞ്ഞാ മതി. ഏതാശുപത്രിയിലും കൊണ്ടു പോകും. എത്ര പൈസ ചെലവാക്കാനും അവര്‍ക്ക് മടിയില്ല. എങ്കിലും എന്റെ കര്‍ത്താവേ എന്റെ മുട്ടുവേദന നിനക്ക് മാറ്റാവുന്നതല്ലേയുള്ളൂ.”
മുമ്പത്തെ ശബ്ദം അമ്മ വിണ്ടും കേട്ടു, ”രോഗികളായ മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കളും ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്നവരും അത്യാസന്ന നിലയില്‍ മരണം കാത്തു കിടക്കുന്നവരും ധാരാളമുള്ള ഈ ലോകത്ത് അമ്മ വലിയ അനുഗ്രഹത്തിലല്ലേ കഴിയുന്നത്.”
അമ്മയ്ക്ക് അപ്പോഴും ചെറിയൊരു വിഷമം. ”എന്നാലും എന്റെ മുട്ടുവേദന മാറാന്‍ ഞാനിപ്പോ എന്താ ചെയ്ക!!”
വീണ്ടും അമ്മയുടെ കാതില്‍ ആ ശബ്ദം, ”അത് മാറാന്‍ എളുപ്പമല്ലേ. പ്രാര്‍ത്ഥനയൊന്നു മാറ്റിയാല്‍ മതി. ഈശോയേ, ജനിച്ച നാള്‍ മുതല്‍ ഈ എഴുപതു വയസ്സുവരെ ഒരസുഖവും ഇല്ലാത്ത എന്നെ കാത്തു പരിപാലിച്ച അങ്ങയെ ഞാന്‍ സ്തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു.”
നാളുകള്‍ കഴിഞ്ഞു, അമ്മ ഇടവിടാതെ സുകൃതജപം പോലെ ഈ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്നു. മുട്ടുവേദന മാറിയോ ഇല്ലയോ എന്ന് അമ്മ പിന്നീട് അറിഞ്ഞിട്ടില്ല. പക്ഷേ ദൈവത്തോട് പരിഭവമൊന്നുമില്ലാതെ നന്ദി നിറത്ത ഹൃദയവുമായി ദീര്‍ഘകാലം, ആ അമ്മ സന്തോഷത്തോടെ ജീവിതം തുടര്‍ന്നു.
ടാനി പാറേക്കാട്ട്