രോഗശാന്തി വേണോ..? – Shalom Times Shalom Times |
Welcome to Shalom Times

രോഗശാന്തി വേണോ..?

രോഗശാന്തിക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പ്രതീക്ഷാനിര്‍ഭരമായ വിശ്വാസം- പ്രാര്‍ത്ഥിക്കുന്ന ആളിനും രോഗിക്കും. അപസ്മാരരോഗിയെ സുഖപ്പെടുത്താന്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് സാധിച്ചില്ല എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് ‘നിങ്ങളുടെ വിശ്വാസക്കുറവുകൊണ്ടുതന്നെ’ എന്നാണവിടുന്ന് മറുപടി നല്കിയത്. ചിലപ്പോള്‍ മറ്റുള്ളവരുടെ വിശ്വാസം രോഗിക്ക് സൗഖ്യദായകമായി ഭവിക്കും. അപസ്മാരരോഗിയുടെ പിതാവിന്റെ വിശ്വാസം, കനാന്‍കാരി സ്ത്രീയുടെ വിശ്വാസം, ശതാധിപന്റെ വിശ്വാസം തുടങ്ങിയവ ഉദാഹരണങ്ങളാണ്. യേശുവിന് ഇത് ചെയ്യാന്‍ കഴിയും. അവിടുന്ന് ഇത് ചെയ്യുമെന്നുള്ള വിശ്വാസമാണ് ആവശ്യം.

ചില രോഗങ്ങള്‍ക്ക് ഉടനടി സൗഖ്യം കിട്ടുമ്പോള്‍ മറ്റ് ചിലത് ക്രമേണയായിരിക്കും സുഖപ്പെടുന്നത്. രോഗശാന്തി നല്കിക്കൊണ്ടാണ് കര്‍ത്താവ് ചിലരെ വിശ്വാസത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ മറ്റ് ചിലരെ വിശ്വാസത്തിലേക്കും ശരണത്തിലേക്കും നയിച്ചതിനുശേഷംമാത്രം രോഗശാന്തി നല്കി അനുഗ്രഹിക്കുന്നു. രോഗത്തിലൂടെ നമ്മുടെ വിശുദ്ധീകരണവും മാനസാന്തരവുമാണ് ദൈവം ലക്ഷ്യമാക്കുന്നതെങ്കില്‍ നാം ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിക്കുന്ന രീതിയില്‍ സൗഖ്യം കിട്ടിയെന്ന് വരില്ല. അതിന്റെ അര്‍ത്ഥം ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ടില്ല എന്നതല്ല. പ്രത്യുത നിശബ്ദതയിലൂടെ ദൈവം നമ്മുടെ ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്- തന്റെയും മറ്റുള്ളവരുടെയും രക്ഷയ്ക്കുവേണ്ടി യേശുവിനോട് ചേര്‍ന്ന് സഹിക്കാന്‍ വിളിക്കപ്പെട്ടിട്ടുള്ള അവസരങ്ങളില്‍ വേദന സഹിക്കാനുള്ള ശക്തിയായിരിക്കും രോഗശാന്തിശുശ്രൂഷയിലൂടെ ലഭിക്കുക.

കൂടോത്രം, മന്ത്രവാദം, ചാത്തന്‍സേവ തുടങ്ങിയവയുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ രോഗശാന്തിപ്രാര്‍ത്ഥനകള്‍ക്കുമുമ്പായി പിശാചിനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ഉപേക്ഷിക്കുകയും യേശുവിനെ കര്‍ത്താവായി ഏറ്റുപറയുകയും ചെയ്യേണ്ടത് ആവശ്യമാണ്. കഠിനമായ വെറുപ്പ്, അശുദ്ധി, ഭയം ഇവയിലൂടെയെല്ലാം പൈശാചികശക്തികള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയും നമ്മുടെ ശാരീരിക മാനസികതലങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇത്തരം രോഗങ്ങള്‍ ഔഷധപ്രയോഗംകൊണ്ട് ഒരിക്കലും സുഖപ്പെടുകയില്ല. എന്നാല്‍ യേശുനാമത്തില്‍ പൈശാചികശക്തികളെ ബന്ധിക്കുകയും ഒഴിവാക്കുകയും ചെയ്യുമ്പോള്‍ ഇത്തരം അസുഖങ്ങള്‍ ഇല്ലാതായിത്തീരും.

മദ്യപാനംപോലെയുള്ള മ്ലേച്ഛമായ ജീവിതചര്യകൊണ്ട് രോഗിയായിത്തീര്‍ന്ന ഒരാള്‍- ആരോഗ്യം കിട്ടിയാല്‍ വീണ്ടും കുടിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മനസുള്ള വ്യക്തിയാണെങ്കില്‍ കര്‍ത്താവില്‍നിന്നും രോഗശാന്തി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. തന്റെ പഴയ ജീവിതം ഉപേക്ഷിക്കുകയും ദൈവഹിതമനുസരിച്ചുള്ള പുതിയ ഒരു ജീവിതം നയിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തുകൊണ്ടുവേണം അത്തരം വ്യക്തികള്‍ രോഗശാന്തിപ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍.

ഓരോ രോഗശാന്തിയും ദൈവസ്‌നേഹത്തിന്റെ അടയാളമാണ്. രോഗഗ്രസ്തമായ ഇന്നത്തെ ലോകത്തെ സുഖപ്പെടുത്താനും പുനരുദ്ധരിക്കാനും ദൈവത്തിന്റെ ഈ സ്‌നേഹത്തിനുമാത്രമേ കഴിയൂ. പാപം വര്‍ധിച്ച ഈ കാലയളവില്‍ ദൈവം തന്റെ കൃപയെയും വര്‍ധിപ്പിച്ചിരിക്കുന്നു, അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് അവിടുന്ന് ലോകത്തെ ഉണര്‍ത്തുകയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. നമുക്ക് കര്‍ത്താവിനോട് നന്ദി പറയാം. എല്ലാ വചനപ്രഘോഷണവേദികളിലും രോഗശാന്തികള്‍ ധാരാളമായി ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അങ്ങനെ അനേകര്‍ രക്ഷയുടെ സന്തോഷം അനുഭവിച്ചറിയാന്‍ ഇടയാകട്ടെ.

മോണ്‍. സി.ജെ. വര്‍ക്കി