യു.എസ്: ഡെന്‍വറിലെ ബിഷപ് മാഷെബൂഫ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസര്‍ ലൈറ്റ് അണയുന്നത് ആത്മാവിന്റെ സ്‌നാനത്തിനുള്ള ക്ഷണമാണ്. കാരണം ചാപ്ലിന്‍ ഫാ. സി.ജെ. മാസ്റ്റ് വിദ്യാര്‍ത്ഥികളെ കുമ്പസാരിക്കാന്‍ ക്ഷണിക്കുന്നതിന്റെ അടയാളമാണ് അണയുന്ന ആ ബസര്‍ ലൈറ്റ്. കുമ്പസാരത്തിന് ആഗ്രഹിക്കുന്നവര്‍ നേരത്തേതന്നെ ബസര്‍ എടുത്തുകൊണ്ട് പോകും. ക്ലാസിലോ വിശ്രമവേളയിലോ, എപ്പോഴായാലും, തങ്ങളുടെ ബസറിന്റെ ചുവന്ന ലൈറ്റ് അണയുന്നത് അപ്പോള്‍ ഫാ. മാസ്റ്റ് ആ വിദ്യാര്‍ത്ഥിയെ കുമ്പസാരിപ്പിക്കാന്‍ ഒരുക്കമാണെന്നതിന്റെ സൂചനയാണ്.
പ്രാര്‍ത്ഥനയില്‍ ഫാ. മാസ്റ്റിന് ലഭിച്ച ഒരു ആശയമാണിത്. ആദ്യം എല്ലാവര്‍ക്കും ഇത് ഒരു തമാശയായി തോന്നിയെങ്കിലും പ്രിന്‍സിപ്പല്‍ മിസ്റ്റര്‍ സീഗലിന്റെ അനുവാദത്തോടെ ഇത് നടപ്പിലാക്കി. പക്ഷേ വളരെ ഫലപ്രദമാണെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും അഭിപ്രായം. കാരണം വളരെയേറെ തിരക്കുള്ളവരാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ക്ലാസ് സമയത്തിനു പുറത്ത് കുമ്പസാരിക്കാനായി വരിനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. അതിനാല്‍ത്തന്നെ ആ സമയം ലാഭിച്ച്, ഭയമില്ലാതെയും സ്വസ്ഥമായും ഫാ. മാസ്റ്റിനെ സമീപിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. അതുവഴി കുമ്പസാരമെന്ന കൂദാശ നല്കുന്ന സാന്ത്വനവും സമാധാനവും ലഭിച്ച് പ്രത്യാശയോടെ മുന്നോട്ടുപോകാനും അവസരം ലഭിക്കുന്നു.