ക്രിസ്തുവിന്റെ മുഖമാകാന്‍ എളുപ്പമാര്‍ഗം… – Shalom Times Shalom Times |
Welcome to Shalom Times

ക്രിസ്തുവിന്റെ മുഖമാകാന്‍ എളുപ്പമാര്‍ഗം…

ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മരിയന്നെയ്ക്ക് ഒരുദിവസം ഹവായ് രാജാവ് കലക്കോവിന്റെ കത്തുലഭിച്ചു. മൊളോക്കയ് ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതിന് സിസ്റ്റേഴ്‌സിന്റെ സേവനം വേണം. കത്തു വായിച്ചയുടന്‍ സിസ്റ്റര്‍ പറഞ്ഞു: ‘ഇതുപോലൊരു ക്ഷണത്തിനും അംഗീകാരത്തിനും എനിക്ക് അര്‍ഹതയില്ല. ക്രൂശിതനായ യേശുവിന്റെ പ്രതിരൂപങ്ങളാവാന്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ് കുഷ്ഠരോഗികള്‍. അവരോടൊപ്പം അവരിലൊരാളാകാന്‍ എന്റെ ഹൃദയം വിശക്കുകയാണ്. ക്രൂശിതനായ എന്റെ ഈശോയോടൊപ്പമായിരിക്കാനും അവിടുത്തെ ശുശ്രൂഷിക്കാനും ലഭിച്ച ഈ അവസരം എനിക്ക് ലഭിക്കാവുന്ന ഏറ്റം വലിയ അംഗീകാരമാണ്, ആനന്ദമാണ്.’ ഇവരാണ് കുഷ്ഠരോഗികളുടെ അപ്പസ്‌തോല വിശുദ്ധ മരിയന്നെ കോപ്.

കുഷ്ഠരോഗംമൂലം അംഗഭംഗം സംഭവിച്ച് വിരൂപരായവര്‍, കാണുന്നവരെല്ലാം മുഖംപൊത്തി ഓടിയകലുന്നത്ര ദുര്‍ഗന്ധവും അറപ്പും ഭീതിയും ജനിപ്പിക്കുന്ന കുഷ്ഠരോഗികള്‍… വിശുദ്ധ മരിയന്നെയെ സംബന്ധിച്ച് പീഡിതനായ യേശുവിനും കുഷ്ഠരോഗികള്‍ക്കും ഒരേ മുഖവും രൂപവുമാണ്. കാരണം, കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ വെളിപ്പെടുത്തുന്ന ക്രൂശിതനായ യേശുവിന് മൂക്കും ചുണ്ടുകളും കവിളുകളുമൊന്നുമില്ല. ചാട്ടവാറടികളേറ്റപ്പോഴും കല്ലുകളില്‍ മുഖംകുത്തി വീണപ്പോഴുമായി അവ നഷ്ടപ്പെട്ടിരുന്നു. കണ്ണ്, മുഖമടച്ചുള്ള അടികളാല്‍ തുറക്കാനാകാത്തവിധം അടഞ്ഞുപോയി. പട്ടാളക്കാരുടെ തുപ്പല്‍ പറ്റിപ്പിടിച്ച്, രക്തത്തില്‍ മുങ്ങിയ മുഖത്ത് മണ്ണും പൊടിയും അഴുക്കുകളും പൊതിഞ്ഞുപിടിച്ചു. കാണുന്നവര്‍ ഭയപ്പെട്ടു മുഖംതിരിക്കുന്ന വികൃതരൂപം. ചുറ്റുമുള്ളവര്‍ കൂക്കിവിളിക്കുകയും ഉപദ്രവിക്കുകയും അറപ്പോടും അവജ്ഞയോടും നോക്കുകയും കുറ്റവാളിയോടെന്നപോലെ ആക്രോശിക്കുകയും ചെയ്യുന്നു. കുഷ്ഠരോഗികളുടേതിനെക്കാള്‍ ശോചനീയം..! ”അവനെക്കണ്ടവര്‍ മുഖംതിരിച്ചുകളഞ്ഞു” (ഏശയ്യാ 53/3).

കുഷ്ഠംമൂലമല്ലെങ്കിലും വിവിധകാരണങ്ങളാല്‍ ശരീരത്തിനോ ആത്മാവിനോ വ്യക്തിത്വത്തിനോ കുറവുകളും വൈരൂപ്യങ്ങളുമുള്ളവരാണ് എല്ലാ മനുഷ്യരും. നമ്മുടെ അപൂര്‍ണതകളിലേക്കും വൈരൂപ്യങ്ങളിലേക്കുമാണ് പരിപൂര്‍ണ്ണനായ ദൈവംവന്നത്. നമ്മിലെ വൈരൂപ്യങ്ങള്‍ ഏറ്റെടുത്ത് അവിടുത്തെപ്പോലെ പൂര്‍ണരാക്കാന്‍. ”നീതിമാനായ എന്റെ ദാസന്‍ തന്റെ ജ്ഞാനത്താല്‍ അനേകരെ നീതിമാന്‍മാരാക്കും; അവന്‍ അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും” (ഏശയ്യ 53/11). സമൂഹത്തില്‍നിന്നും മാറ്റപ്പെട്ട്, ഒറ്റപ്പെട്ടുനില്ക്കുകയാണോ നിങ്ങള്‍? എങ്കില്‍ ക്രിസ്തുവിന്റെ മുഖമാണ് നി ങ്ങള്‍ക്ക്. പരിഹാസ്യരായി, നിരന്തര കുറ്റാരോപണങ്ങളും ആക്രോശങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടോ? അഭിമാനിക്കാം, ദൈവപുത്രന്റെ വേദനകളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തെറ്റിദ്ധാരണകള്‍, രോഗങ്ങള്‍, തകര്‍ച്ചകള്‍, സാമ്പത്തിക ബാധ്യതകള്‍ എല്ലാംകൂടെ വഴിമുട്ടിച്ചുവോ? സ്വഭാവത്തിലെ കുറവുകളോ തുടര്‍ച്ചയായ വീഴ്ചകളോ നിരന്തരം തളര്‍ത്തുകയാണോ? തിക്താനുഭവങ്ങളും അവയുടെ ഓര്‍മകളും കയ്പുനീരുകുടിപ്പിക്കുന്നുണ്ടോ?

‘എന്നും രോഗമാ’ എന്ന ആരോപണം, രോഗവും വാര്‍ദ്ധക്യവുംമൂലം എന്നെ ആര്‍ക്കും വേണ്ടാ, ഇഷ്ടമില്ല, പ്രയോജനമില്ല എന്ന തോന്നലില്‍ സ്വയം വെറുത്തുപോയോ? ഏതുവിധേനയുള്ള ദു:ഖംപേറുന്നവരായാലും പീഡിതനായ ക്രിസ്തുവിന്റെ, ഭൂമിയില്‍ ജീവിക്കുന്ന പ്രതിരൂപങ്ങളാണ് നിങ്ങള്‍. അവഹേളിക്കപ്പെടുന്ന, വേദനിക്കുന്ന, വെറുക്കപ്പെടുന്ന, അകറ്റിനിര്‍ത്തപ്പെടുന്ന ക്രിസ്തുരൂപങ്ങള്‍… യേശുവിന്റെ മുഖമാകാന്‍ ‘തിരഞ്ഞെടുക്കപ്പെട്ടവര്‍’ (എഫേസോസ് 1/4). ദൈവപുത്രന്റെ പീഡകള്‍ നമ്മിലൂടെ തുടരാനുള്ള സ്‌പെഷ്യല്‍ വിളി. കാലഘട്ടത്തിന്റെ വിശുദ്ധീകരണത്തിനുവേണ്ടി, ഈ നോമ്പുകാലത്ത് ക്രിസ്തുവിനോട് ചേര്‍ത്തുപിടിക്കാം എല്ലാ ക്ലേശങ്ങളും. അവിടുത്തോടൊപ്പം സഹിക്കുന്നവര്‍ക്ക് ഒരുക്കപ്പെടുന്നത് ഏറിയ മഹത്വത്തിന്റെ തേജസുറ്റ കിരീടമാണ്.

കൂടാതെ, പലവിധ കാരണങ്ങളാല്‍ വിരൂപമാക്കപ്പെട്ടവരില്‍, മുറിവേറ്റ യേശുവിനെ ദര്‍ശിക്കാന്‍ ശ്രമിക്കാം. ഈശോയുടെ സ്‌നേഹത്തില്‍നിന്ന് ആരെയും മാറ്റി നിര്‍ത്താന്‍ നമുക്ക് കഴിയാതിരിക്കട്ടെ. അവരോട് സഹതപിക്കുന്നവര്‍ ഈശോയെ ആശ്വസിപ്പിക്കുന്നു, സൗഹൃദം കാണിക്കുന്നവര്‍ അവിടുത്തെ സുഹൃത്തുക്കളും. അങ്ങനെയെങ്കില്‍ ‘കര്‍ത്താവായ ക്രിസ്തുവിനെ ശുശ്രൂഷിക്കാന്‍ നമുക്കും കഴിയും’ (കൊളോസോസ് 3/24).
കര്‍ത്താവേ, അങ്ങയുടെ തിരുമുറിവുകള്‍ നല്കി, എന്നെ അങ്ങയുടെ പ്രതിരൂപമാക്കിയതിന് ഞാന്‍ നന്ദിപറയുന്നു. വേദനിക്കുന്നവരും വീഴുന്നവരും അങ്ങേ തിരുമുറിവുകള്‍ വഹിക്കുന്നവരാണെന്നറിയാനും അവരെ സ്‌നേഹിക്കാനും എന്നെ സഹായിക്കണമേ, ആമ്മേന്‍.