ഈശോയെ സംപ്രീതനാക്കാന്‍ താന്‍ എന്ത് ചെയ്യണം എന്ന് സിസ്റ്റര്‍ നതാലിയ ഈശോയോട് ആരാഞ്ഞു. അവിടുന്ന് പറഞ്ഞു: ”നീ ഇരിക്കുകയോ കിടക്കുകയോ എന്ത് ചെയ്താലും സാരമില്ല. നിനക്ക് എന്തുവേണമെങ്കിലും ചെയ്യാം. കായികാഭ്യാസവും ആകാം. നീ എപ്പോഴും എന്റെ ചാരെ ഉണ്ടായിരിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്യണമെന്നതിലാണ് കാര്യം. നീ എന്നില്‍നിന്നും ഒരിക്കലും പുറത്തേക്ക് ചുവടുവച്ച് ഇറങ്ങരുത്. നിന്റെ ചിന്തകള്‍ ഉള്‍പ്പെടെ എല്ലാം എന്നോട് പറയണം. എന്നോടുള്ള നിന്റെ സംഭാഷണം നിര്‍ത്തരുത്.
എന്നെ പ്രഹരിക്കാതിരിക്കാന്‍മാത്രം സൂക്ഷിക്കുക. ബാക്കി കാര്യങ്ങളെല്ലാം നിനക്ക് ഞാന്‍ ചെയ്ത് തന്നുകൊള്ളാം. നിന്റെ കുടുംബത്തിന്റെ ഭൗതികവും ആത്മീയവുമായ ക്ഷേമംപോലും. നീ എന്നെ സ്‌നേഹിക്കുകയാണെങ്കില്‍ ഒന്നിനുവേണ്ടിയും നിനക്ക് എന്നോട് ചോദിക്കേണ്ടിവരികയില്ല. നിനക്ക് ഒരു കര്‍ത്തവ്യം മാത്രമേ ഉള്ളൂ. എന്നെ സ്‌നേഹിക്കുക. ആത്യന്തികമായി നീ ഇത് മനസിലാക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ അമൂല്യയായ എളിയ കുഞ്ഞേ, മറ്റെല്ലാം നിനക്ക് പ്രദാനം ചെയ്യപ്പെട്ടിരിക്കും.”