തിരുസഭയെ പീഡിപ്പിച്ചിരുന്ന അധികാരിയായിരുന്നു ഉംബ്രിയായിലെ ഗവര്‍ണറായിരുന്ന വെനൂസ്റ്റ്യന്‍. അദ്ദേഹം സ്‌പൊളേറ്റോയിലെ ബിഷപ്പായിരുന്ന വിശുദ്ധ സബീനൂസിനോട് ഒരു വിഗ്രഹത്തെ ആരാധിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിഷപ് അതിന് തയാറായില്ല. മാത്രവുമല്ല ആ വിഗ്രഹം കഷ്ണങ്ങളായി ചിതറിച്ചുകളഞ്ഞു. ശിക്ഷയായി ബിഷപ്പിന്റെ കൈ ഗവര്‍ണര്‍ വിച്ഛേദിച്ചു. നാളുകള്‍ കഴിഞ്ഞപ്പോള്‍ വെനൂസ്റ്റ്യന് കണ്ണുകളില്‍ അതികഠിനമായ വേദന. സഹായം ചോദിച്ച് സമീപിച്ചത് ബിഷപ് സബീനൂസിനെത്തന്നെ.
അദ്ദേഹം വെനൂസ്റ്റ്യനുവേണ്ടി പ്രാര്‍ത്ഥിക്കുകയും അതുവഴി സൗഖ്യം ലഭിക്കുകയും ചെയ്തു. ആ സൗഖ്യത്തോടെ അദ്ദേഹം ക്രിസ്തുവിനെ അറിഞ്ഞു. സത്യവിശ്വാസം സ്വീകരിച്ച് ക്രിസ്ത്യാനിയായി മാറി.
“നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു” (യോഹന്നാന്‍ 15/8).